വേശ്യാഗൃഹത്തിന്‌റെ മുറ്റത്ത് മൂന്നു ജീപ്പുകൾ അതിലൊന്നിന്‌റെ ബോണറ്റിൽ ഇരിക്കുന്നു മുനിസാഹിബ്.
‘ഞാൻ വാങ്ങിച്ച പെണ്ണിനേയും കൊണ്ട് എവിടെപ്പോകുന്നെടാ ചന്തൂ.’ ഒരു പുച്ഛച്ചിരിയോടെ മുനിസാഹിബ് അവനോടു ചോദിച്ചു.
ചന്തു ഒന്നന്ധാളിച്ചു നിന്നു. ‘മുനിസാഹിബ് ഞാൻ പണം തന്നതല്ലേ, നിങ്ങളല്ലേ പറഞ്ഞത് ഇവളെയും കൊണ്ടു പോകാൻ’ അവൻ വിളിച്ചു ചോദിച്ചു.
‘ഉവ്വ് നീ പണം തന്നു.അതിനെന്താ,പലരും എനിക്കു പണം തരാറുണ്ട്. പക്ഷേ പെണ്ണിനെ തരൂല്ല, അവളെ അവിടെ വിട്ടിട്ടു വെക്കം പോകാൻ നോക്ക്.’ മുനിസാഹിബ് പറഞ്ഞു.
‘മുനിസാഹിബ് ഇതെന്താണു നിങ്ങൾ വാക്കു പറഞ്ഞതല്ലേ.’ ചന്തു വിളിച്ചു ചോദിച്ചു. പേടിച്ചരണ്ട മാനസി അവന്‌റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്നു.മൃതിയടഞ്ഞ ഒരു ജീവിതത്തിൽ പ്രതീക്ഷകൾ വന്നു നിറഞ്ഞതാണ്.എന്നിട്ടിപ്പോ വീണ്ടും.
‘ഡാ മുനിസാഹിബ് വാക്കുതരും പക്ഷേ പാലിക്കാറില്ല.പല തന്തയ്ക്കു പിറന്നവൻ എന്നാണു പണ്ട് എന്നെ എല്ലാവരും വിളിച്ചിരുന്നത്,അതിന്‌റെ കുഴപ്പമാകും.പെട്ടെന്നു പോകാൻ നോക്കൂ, ഇല്ലെങ്കിൽ എനിക്കു നിന്നെ കൊല്ലേണ്ടി വരും.’ മുനിസാഹിബ് കൈയിലെ വടിവാൾ കുലുക്കിക്കൊണ്ടു പറഞ്ഞു.
‘ചന്തൂ എന്നെ ഇവിടെ വിട്ടിട്ടു പൊക്കോളൂ, ഇല്ലെങ്കിൽ അവർ നിന്നെ കൊല്ലും’ മാനസി അവന്‌റെ കൈ വിടുവിക്കാൻ ശ്രമിച്ചു. എന്നാൽ അവൻ കൂടുതൽ കരുത്തോടെ ആ കൈകളിൽ മുറുകെ പിടിച്ചു.
ചന്തുവിന്‌റെ നിൽപ്പും ഭാവവും കണ്ട് മുനിക്ക് അരിശം കയറി. ‘പക്കടോ ലഡ്കീ കോ, മാരോ ഉസ് സാലേ കോ.’
മുനിസാഹിബിന്‌റെ കൂടെയുള്ള ഗുണ്ടകൾ ഓടിയെത്തി. അവരിലൊരുത്തന്‌റെ ചവിട്ടേറ്റു ചന്തു ദൂരേക്കു തെറിച്ചുവീണു.അവർ മാനസിയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു.അവൾ അലമുറയിട്ടു കരഞ്ഞു.മാമിസാനും പെൺകുട്ടികളും പരിഭ്രാന്തരായി വീടിനകത്തു കയറി കതകടച്ചു.
ചന്തു വീണിടത്തു നിന്നെഴുന്നേറ്റു.’മുനീ വാക്കു പാലിക്കു, പെൺകുട്ടിയെ വിടൂ’ അവൻ പരുഷമായ സ്വരത്തിൽ മുനിസാഹിബിനോടു പറഞ്ഞു.’കഴിയുമെങ്കിൽ വന്നു രക്ഷിക്കൂ ശക്തിമാൻ..നിന്‌റെ പെണ്ണിനെ ഇന്നു ഞാനങ്ങു കൊണ്ടുപോകും.ഇനിയിവളെ സായിപ്പിനു കൊടുക്കുന്നില്ല. ഞാനും എന്‌റെ പയ്യൻമാരും ഇന്നവളെയങ്ങ് അനുഭവിക്കും.നാളെ വല്ലതും ബാക്കിയുണ്ടെങ്കിൽ നീ വന്നു കൊണ്ടുപോയ്‌ക്കോ…’ മുനിസാഹിബ് വഷളച്ചിരിയോടെ പറഞ്ഞു.
ക്ഷമയുടെ നെല്ലിപ്പലക കണ്ടിരുന്നു ചന്തു.അവന്‌റെ ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി.ഇതു മുംബൈ പട്ടണമാണെന്നും താൻ എതിരിടുന്നതു കൊടിയ ഗുണ്ടകളോടാണെന്നും അവൻ മറന്നു. മീസാൻ സേഠ് നൽകിയ റിവോൾവർ ഇപ്പോഴുമുണ്ടായിരുന്നു കൈയിൽ.അതവൻ തിരിച്ചു കൊടുത്തിരുന്നില്ല.
പോക്കറ്റിൽ നിന്ന് അവൻ തോക്കു വലിച്ചെടുത്തു.മുനിസാഹിബിനു നേർക്കു നീട്ടി.’ഹേ’ മുനിസാഹിബ് കൈയുയർത്തിയപ്പോഴേക്കും വെടിപൊട്ടി.ആ തന്തയില്ലാത്തവന്‌റെ ഹൃദയത്തിൽ തന്നെ അതു തുളതീർത്തു. ഒരാർത്തനാദത്തോടെ മുനി മറിഞ്ഞുവീണു മരിച്ചു.
മുംബൈയിലെ അധോലോകത്തിനു ഒരു പ്രശ്‌നമുണ്ട്. ഒരു തലവന്‌റെ ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാണ് അവർ. തലവൻ നഷ്ടപ്പെട്ടാൽ എത്ര കരുത്തുറ്റ സംഘവും നിലംപൊത്തിവീഴും.അവർക്കു പിന്നെ നിലനിൽപില്ല.
മുനിസാഹിബ് വെടിയേറ്റു വീണതോടെ ഗുണ്ടകൾ നാലുപാടും ചിതറിയോടി അപ്രത്യക്ഷരായി.അവർ നന്നായി പേടിച്ചിരുന്നു.ചന്തുവിന്‌റെ കൈയിൽ തോക്കു കാണുമെന്നു സ്വപ്‌നത്തിൽ പോലും മുനിസാഹിബും വിചാരിച്ചു കാണില്ല.ഏതായാലും ആ ഗുണ്ടാത്തലവൻ മരിച്ചു വിറങ്ങലിച്ചു തെരുവിൽ കിടന്നു.