നിസ്സംഗമായ ഒരു ചിരിയായിരുന്നു ചന്തുവിന്‌റെ മറുപടി. ‘അതൊന്നും സാരമില്ല. നീ ഈ ക്വട്ടേഷൻ എനിക്കൊപ്പിച്ചു താ.’ അവൻ തമ്പിയോടു പറഞ്ഞു.
‘ശരി, അങ്ങനെയെങ്കിൽ നമുക്കു സേഠിനെ കാണാൻ പോകാം.’ തമ്പി പറഞ്ഞു.
‘തമ്പീ നാളെത്തന്നെ പോകാം.എത്രയും വേഗം എനിക്കു അവളെ രക്ഷിക്കണമെടാ,’ ചന്തു അക്ഷമനായി പറഞ്ഞു.
തുറമുഖത്തിനു സമീപം ഒരു ഇടുങ്ങിയ കെട്ടിടത്തിലായിരുന്നു മീസാൻ സേഠിന്‌റെ ഓഫിസ്. ഒരു ചെറിയ സ്ഥലം. അരണ്ട വെളിച്ചം അവിടെ തങ്ങി നിന്നു.
വെളുത്ത ഷർട്ടും സ്വർണക്കണ്ണടയും തൊപ്പിയും ധരിച്ച ഒരു കുറുകിയ മനുഷ്യനായിരുന്നു അയാൾ. കവിളിൽ നരച്ച താടിരോമങ്ങൾ ഭംഗിയായി ട്രിം ചെയ്തു നിർത്തിയിരിക്കുന്നു.കുറച്ചുനേരം സേഠ് ചന്തുവിനെ സൂക്ഷിച്ചുനോക്കി.
‘കാര്യങ്ങളൊക്കെ തമ്പി പറഞ്ഞല്ലോ അല്ലേ’ സേഠ് ചന്തുവിനോടു ചോദിച്ചു.
‘ഉവ്വ്’ ചന്തു മറുപടി കൊടുത്തു.
‘ഊം ,വല്യ അപകടം പുടിച്ച കളിയാണ്. കോസ്റ്റുഗാർഡിന്‌റെ കൈയിലൊക്കെ കിട്ടിയാൽ പിന്നെ നിന്‌റെ ദുനിയാവു ജയിലിനകത്താകും.എന്തു സംഭവിച്ചാലും ഞങ്ങളുടെ പേരു പറയരുത്. സത്യമുള്ളവനാണെന്നു പറഞ്ഞോണ്ടാണു ഇതേൽപിക്കുന്നത്.എങ്ങാനും ഞങ്ങടെ പേരു നീ പറഞ്ഞാൽ നിന്‌റെ ചങ്ങായിയൊണ്ടല്ലോ, ഈയിരിക്കണ തമ്പി, അവനെ ഞങ്ങൾ തീർക്കും’ സേഠ് പറഞ്ഞു.തമ്പിയുടെ മുഖത്തെ രക്തച്ഛവി മാറി.
‘വരിൻ റൂട്ടു പറഞ്ഞുതരാം.’ മീസാൻ സേഠ് എഴുന്നേറ്റു. ചന്തു കൂടെച്ചെന്നു. പുറംകടലിൽ കപ്പൽ കിടക്കുന്ന സ്ഥാനം കൃത്യമായി സേഠ് അടയാളപ്പെടുത്തിക്കൊടുത്തു.
‘നീ തന്നെ ബോട്ട് ഒപ്പിക്കണം.ഞങ്ങൾ തരൂല്ല, കേട്ടല്ലോ’ സേഠ് പറഞ്ഞു.
ചന്തു തലയാട്ടി.
സേഠ് മേശവലിപ്പു തുറന്ന് ഒരു സാധനം കൈയിലെടുത്തു. അതു ചന്തുവിന്‌റെ കൈയിലേക്കു കൊടുത്തു.സാധനത്തിലേക്കു നോക്കിയതും ചന്തു ഞെട്ടിത്തരിച്ചു.
അതൊരു റിവോൾവറായിരുന്നു.
‘നിറതോക്കാ, ആറു ബുള്ളേറ്റ്,’ സേഠ് പറഞ്ഞു.
ചന്തു വീണ്ടും തലയാട്ടി.
‘ഹമുക്കേ തലയാട്ടൽ നിർത്തിക്കോ.ഇതെന്തിനാ തന്നേന്നു നെനക്കു വല്ല പുടീമൊണ്ടോ’ അയാൾ ചോദിച്ചു.
‘ഇല്ല’ ചന്തു സത്യമങ്ങു പറഞ്ഞു.
‘പൊലീസുകാരു പൊക്കുമെന്നു തോ്ന്നിയാൽ, ഉറപ്പായാൽ ആരെയെങ്കിലും തട്ടീട്ടു മാലുമായിട്ടു രക്ഷപ്പെടാൻ നോക്കണം.എന്തായാലും പിടിവീഴുമെന്ന് ഉറപ്പായാൽ സ്വയം വെടിവച്ചു അങ്ങു ശത്തോ.അവരുടെ പുടീലാകുന്നതും നല്ലത് അതാ.’ ഒരു ഭാവഭേദവുമില്ലാതെ സേഠു പറഞ്ഞു.അപായം തന്‌റെ മേലേക്കു വരുന്നുണ്ടെന്നു ചന്തുവിനു തോന്നി,പക്ഷേ അവന്‌റെ ഉള്ളിൽ മാനസിയുടെ നിഷ്‌കളങ്കമായ ചിരിക്കുന്ന മുഖമായിരുന്നു.ആ ചിരി മായാതിരിക്കാൻ എ്ന്തും ചെയ്യും.ചന്തു റിവോൾവർ തന്‌റെ പാന്‌റ്‌സിന്‌റെ പോക്കറ്റിൽ ഒളിപ്പിച്ചു.
സേഠിന്‌റെ കെട്ടിടത്തിൽ നിന്നു പുറത്തു കടന്ന ഉടനെ തമ്പി അവനെ വട്ടം പിടിച്ചു.
‘നീയെന്നെ കൊലയ്ക്കു കൊടുക്കോടാ’ ചന്തൂ തമ്പി ചോദിച്ചു.
‘ഇല്ലടാ, എന്നെ വിശ്വസിക്കാം.ഞാൻ കാരണം നിനക്കൊന്നും വരില്ല.’