അവൻ നടന്നു പോകുന്നത് മുനിസാഹിബ് സാകൂതം നോക്കി നിന്നു.ചുണ്ടിൽ ഒരു ചിരിയുമായി.’നിനക്കെന്താടാ വട്ടാണോ, അവന്‌റെ ഒരു പ്രേമം, ഒരു പ്രേമം പൊട്ടി ഇങ്ങോട്ടു വന്നിട്ട് അടുത്തതും കൊണ്ടിറങ്ങിയിരിക്കുന്നു.’ ജുഹു കടപ്പുറത്ത് തമ്പിയുടെ അടുക്കൽ ഈ കാര്യം പറഞ്ഞപ്പോൾ അവൻ പൊട്ടിത്തെറിച്ചു.മുംബൈയിൽ സുലഭമായി കിട്ടുന്ന ഒരിനം വിലകുറഞ്ഞ വാറ്റുചാരായവും കുടിച്ച് കടലയും കൊറിച്ചിരിക്കുകയായിരുന്നു അവൻ.
‘അങ്ങനെയല്ലടാ, നിനക്ക് അതു പറഞ്ഞാൽ മനസ്സിലാകില്ല. എനിക്ക് അവളെ പ്രേമിക്കണമെന്നും കല്യാണം കഴിക്കണം എന്നും നിർബന്ധമൊന്നുമില്ല. പക്ഷേ ആ പെൺകൊച്ചിനെ രക്ഷിക്കണമെടാ. നീ പറയുന്ന പോലെ പെൺപിള്ളേരെ വളച്ചു നടക്കുന്ന ഒരാളൊന്നുമല്ല ഞാൻ.എന്‌റെ ജീവിതത്തെക്കുറിച്ച് നിനക്കറിയില്ല തമ്പീ,’ ചന്തു അവനോടു പറഞ്ഞു.
‘എത്ര പൈസ കൊടുത്താൽ അവൻ അവളെ വിട്ടുതരും.’ തമ്പി ചോദിച്ചു.
’30 ലക്ഷം’ ചന്തു മറുപടി പറഞ്ഞു.
തമ്പി പൊട്ടിപ്പൊട്ടി ചിരിച്ചു.’കൊള്ളാം. മുപ്പതു ലക്ഷത്തിൽ എത്ര പൂജ്യമുണ്ടെന്നു നിനക്കറിയാമോ? ഈ ജിവിതകാലം മുഴുവൻ വണ്ടീം തള്ളി നടന്നാൽ അതിന്‌റെ മൂന്നിലൊന്ന് നിനക്കുണ്ടാക്കാൻ പറ്റുമോ? വിട്ടുകള ചന്തൂ, അവളുടെ വിധി അങ്ങനെയാകും. മുംബൈയിൽ ഇങ്ങനെ എത്രയോ പെൺപിള്ളേർ കാണും. അവരെയൊക്കെ രക്ഷിക്കാൻ പറ്റുമോ?’
‘അതൊന്നും എനിക്കറിയില്ലെടാ, പക്ഷേ ഇവളെ രക്ഷിക്കണം രക്ഷിച്ചേ പറ്റൂ.പൈസയില്ലെങ്കിൽ പോകട്ടെ .പൊലീസ് സ്റ്റേഷനിൽ അവളുമായി പോയി ഒരു പരാതി കൊടുത്താൽ എന്തെങ്കിലും നടക്കുമോ? ‘ചന്തു ആകാംഷയോടെ ചോദിച്ചു.
‘നടക്കും. നിന്‌റെ ശവം ഇവിടെ ഒഴുകി നടക്കും. മുനിസാഹിബ് ഒരു വലിയ ക്രിമിനൽ ശൃംഖലയിലെ ഏറ്റവും താഴത്തെ ഒരു കണ്ണിയാണ്. ഒരു പരാതി ചെന്നാൽ പൊലീസുകാർ തന്നെ അവനെ വിളിച്ച് നിന്‌റെ അഡ്രസഡക്കം പറഞ്ഞു കൊടുക്കും.ഇതു മുംബൈയാണു ചന്തൂ, പൊലീസും ഗുണ്ടകളുമൊക്കെ ഒരു നാണയത്തിന്‌റെ രണ്ടു വശങ്ങളാണ് ഇവിടെ.’ തമ്പി അവനെ നിരുത്സാഹപ്പെടുത്തി.
ചന്തു തലകുമ്പിട്ടു മിണ്ടാതെയിരുന്നു.കുറച്ചു നേരം കഴിഞ്ഞപ്പോൾ തമ്പിക്കു വിഷമമായി. ഒരു പ്രതീക്ഷയുമില്ലാതെയിരുന്ന ചന്തുവിന്‌റെ തോളിൽ അവൻ കൈവച്ചു.
‘ഡാ ഒരു വഴിയുണ്ട്.30 ലക്ഷം കി്ട്ടും. പക്ഷേ പാളിപ്പോയാൽ നിന്‌റെ ജീവിതം അതോടെ തീരും. ധൈര്യമുണ്ടോ ഏറ്റെടുക്കാൻ.’
തമ്പി ചോദിച്ചു.
തന്‌റെ ജീവിതത്തിന്‌റെ ഇപ്പോളത്തെ ഒരേയൊരു ലക്ഷ്യം മാനസിയുടെ രക്ഷയാണെന്നു ചന്തുവിനു നല്ല ബോധ്യമുണ്ടായിരുന്നു.അതിനു വേണ്ടി ചാകാനും തയാർ.
‘നീ വഴി പറ’ ചന്തു താൽപര്യപൂർവം ചോദിച്ചു.
‘ഇവിടെ ഒരു മലയാളിക്കച്ചവടക്കാരനുണ്ട്. മീസാൻ സേഠ്, കച്ചവടം എന്നു പറഞ്ഞാൽ സംഗതി ഡ്രഗ്‌സാ.’തമ്പി പറഞ്ഞു നിർത്തി.
ചന്തുവിന്‌റെ ഉള്ളൊന്നു കാളി. ‘അതിന് ‘ അവൻ ചോദിച്ചു.
‘വെനസ്വേലയിൽ നിന്നു കൊക്കെയ്‌നും എൽഎസ്ഡീമായിട്ടു വന്ന ഒരു കപ്പൽ പുറംകടലിൽ നങ്കൂരമിട്ടു കിടപ്പുണ്ട്. ഇരുപതു കോടീടെ മാലാണു അവർ കൊണ്ടു വന്നിരിക്കുന്നത്. പുറംകടലിൽ പോയി കപ്പലിൽ നിന്ന് ആ ചരക്കു മുംബൈയിൽ ബോട്ടുവഴി എത്തിക്കണം.പ്രതിഫലമായി നീ ചോദിച്ച സംഖ്യ ലഭിക്കാൻ സാധ്യതയുണ്ട്.’ തമ്പി പറഞ്ഞു.
ചന്തുവിന് അതു സമ്മതമായിരുന്നു ‘ഞാൻ തയാർ’ അവൻ പറഞ്ഞു.
‘എന്തു തയാർ, നിനക്കു ബോട്ടോടിക്കാൻ അറിയുമോ’ തമ്പി ചോദിച്ചു.
‘അറിയാം, ഞാൻ മലമ്പുഴയിൽ പണ്ടു ബോട്ടോടിക്കാൻ പഠിച്ചിട്ടുണ്ട്, ലൈസൻസുമുണ്ട്’ ചന്തു പറഞ്ഞു.