വാരണം ആയിരം
Vaaranam Aayiram | Author : Kuttettan
ഫോൺ ചന്തുവിന്റെ കൈയിലിരുന്നു വിറപൂണ്ടു.ഒരു നിമിഷം മനസ്സിലേക്ക് ഒരായിരം ചിന്തകൾ ഓടിയെത്തി.ഇച്ഛമ്മായി….ഏറമംഗലം തറവാട്..10 വര്ഷങ്ങൾ.
‘മോനേ എന്താടാ മിണ്ടാത്തേ ? ഇപ്പോഴും ഞങ്ങളോടൊക്കെ പിണക്കാണോ ? എന്തേലും പറയെടാ’ അപ്പുറത്തു നിന്ന് അമ്മായിയുടെ ദുർബലമായ സ്വരം ഒഴുകിയെത്തി.
‘എനിക്കാരോടും പിണക്കല്യ അമ്മായീ, പറഞ്ഞോളൂ.’ ചന്തു അവരോടു പറഞ്ഞു.
‘മോനേ മായേടെ കല്യാണാ..എടുപിടീന്നങ്ങട് നടത്ത്വാ, നീയ് എത്തണം.ഭാര്യേം മോനേം ഒക്കെ കൂട്ടി വാടാ എത്ര കാലമായി നിന്നെയൊന്ന് കണ്ടിട്ട്. ഞങ്ങളെയൊക്കെ മറന്നോ നീയ്.’
ഫോൺ പൊടുന്നനെ കട്ടായി.
ഓർമകളുടെ ന്യൂറോണുകൾ ഇരച്ചു കയറിയതുകൊണ്ടാകണം, ചന്തുവിനു കൈകാലുകൾ തളരുന്നതു പോലെ തോന്നി. കസേരയിലേക്ക് ഇരുന്നു.ആ ഇരിപ്പും കണ്ടുകൊണ്ടാണ് മാനസി അരികിലേക്കെത്തിയത്.അവളുടെ കൈയിൽ ആവി പറക്കുന്ന ഒരു ചായക്കപ്പുണ്ടായിരുന്നു.
‘എന്തേ ഇങ്ങനെയിരിക്കണേ ഇന്നാ ചായ കുടിക്ക്.’ അവനു നേരെ ചായ നീട്ടി മാനസി പറഞ്ഞു.
‘അയ്യോ എന്തു പറ്റി ചന്തൂ,’ അവൾ അരികിലേക്ക് ഇരുന്നു. ചന്തു വിയർക്കുന്നുണ്ടായിരുന്നു. തന്റെ വിലകൂടിയ സാരിത്തുമ്പ് കൊണ്ട് അവൾ അവന്റെ വിയർപ്പു തുടച്ചുകൊടുത്തു.
‘തറവാട്ടിൽ നിന്നു ഫോൺകോൾ. മായയുടെ കല്യാണായീന്ന്. നമ്മളോടു ചെല്ലാൻ പറഞ്ഞിരിക്കണു അമ്മായി.’ അവൻ അവളുടെ നേരെ നോക്കി പറഞ്ഞു.
‘ഏത്, ആ ചൊവ്വാദോഷ് മൂലം കല്യാണം മുട്ങ്ങിയ കുട്ടീണോ’ മാനസി അവനോടു ചോദിച്ചു.
മാനസിയുടെ മുറിമലയാളം കേട്ട് ചന്തുവിനു ചിരിപൊട്ടി. അവൾ ഗുജറാത്തിയാണ്. തന്നെ പോലൊരു അനാഥ.പക്ഷേ എങ്കിലും ഭർത്താവിനോടു ഭർത്താവിന്റെ ഭാഷയിൽ തന്നെ സംസാരിക്കണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു.അങ്ങനെ മലയാളം പഠിച്ചു.ചിലവാക്കുകളൊക്കെ പകുതി വിഴുങ്ങുമെങ്കിലും അത്യാവശ്യം നന്നായി തന്നെ സംസാരിക്കും.
പാലു നല്ല കുറുകുറെ കുറുക്കി തേയില കടുപ്പത്തിലിട്ടു പഞസാര പാകത്തിലധികമിട്ടു മധുരം കൂട്ടിയ ചായമൊത്തിക്കുടിക്കുന്നതിനിടെ ചന്തു ഓർക്കുകയായിരുന്നു തറവാട്ടിലെ ജീവിതം. അച്ഛനും അമ്മയുമില്ലാത്ത തന്നെ വളർത്തിയത് കേശവനമ്മാവനും അമ്മിണിയമ്മായിയുമായിരുന്നു. അമ്മായിയെ താൻ ഇച്ഛമ്മായി എന്നു വിളിച്ചു.
അമ്മാവനും അമ്മായിക്കും രണ്ടു മക്കളായിരുന്നു രാഗിണിയും മായയും.
രാഗിണി. ഒരുകാലത്തു തന്റെ എല്ലാമായിരുന്നു അവൾ.തന്റെ സ്വന്തമെന്നു താൻ കരുതിയ മുറപ്പെണ്ണ്.