രാവിലെമുതൽ തന്റെ പേർസണൽ മുറിയിലായിരുന്നു മാധവൻ.അതിൽ ഒരു ഓഫിസ് തന്നെ ക്രമീകരിച്ചിട്ടുണ്ട്.
തന്റെ കുടുംബത്തോടൊപ്പമുള്ള സമയം സ്ഥാപനങ്ങളുടെ നിയന്ത്രണം അവിടെ നിന്നുമാണ്.ഉച്ചയോടടുത്ത സമയമാണ് പുറത്ത് ഉച്ചത്തിലുള്ള ശബ്ദം മാധവൻ കേൾക്കുന്നത്.ഒന്ന് ശ്രദ്ധിച്ചപ്പോൾ തന്റെ അളിയനാണ്,മകനും കൂടെ ഉണ്ടെന്ന് മനസ്സിലായി.
“മ്മ്മ് എന്താണെന്നറിഞ്ഞിട്ടു തന്നെ.”
മാധവൻ അങ്ങോട്ടേക്ക് ചെന്നു.ഇനി
മറച്ചുപിടിക്കുന്നത് കൊണ്ട് അർത്ഥം ഒന്നുമില്ല എന്ന് മാധവൻ ഉറപ്പിച്ചു തന്നെയാണ് അങ്ങോട്ട് ചെല്ലുന്നതും.
സാവിത്രിയോട് കയർക്കുന്ന ചന്ദ്രചൂഡനെയാണ് മാധവനവിടെ
കാണുന്നത്.ബിസിനസ് തട്ടി എടുത്തതും ഗായത്രിയുമാണ് വിഷയം.
“എന്റെ ബിസിനസിൽ കുറുകെ വന്നത് പോട്ടേ,ഞാനത് പോട്ടെ എന്ന് വക്കാം.പക്ഷെ ഇവര്
കുഞ്ഞായിരിക്കുമ്പോൾ പറഞ്ഞ വാക്കുണ്ട് സാവിത്രി.അത് പാലിക്കണമെന്നെ ഞാൻ പറയുന്നുള്ളു.”ചന്ദ്രചൂഡൻ കത്തിക്കയറുകയാണ്.ഒരു മറുപടി നൽകാൻ കഴിയാതെ സാവിത്രിയും,
അതിൽ ഇടപെടാൻ കഴിയാതെ
ഗായത്രിയും അവിടെ നിൽപ്പുണ്ട്.
ഗായത്രി സാവിത്രിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
“അല്ല അളിയൻ ഇതെപ്പോ…… എന്ത് തന്നെയുണ്ടെങ്കിലും എന്നോടു പറയ് അളിയാ.”മാധവൻ അതിൽ ഇടപെട്ട് സംസാരിക്കാൻ തുടങ്ങി.
“ഞാൻ എന്റെ അനുജത്തിയോടാണ് സംസാരിക്കുന്നത്.”
“അവളെന്റെ ഭാര്യയാണ്,എന്റെ മകളുടെ അമ്മയാണ്.”
“അതറിയാം.എന്നിട്ട് അളിയൻ ചെയ്യുന്നതൊ.അളിയൻ ഇവർക്ക് വേണ്ടിയാ ജീവിക്കേണ്ടത് അല്ലാതെ..’
അയാൾ പകുതിയിൽ പറഞ്ഞു നിർത്തി.
“നമ്മളൊന്ന് കണ്ടിരുന്നു.അന്ന് കാര്യകാരണ സഹിതം ഞാൻ എല്ലാം പറയുകയും ചെയ്തു.അന്ന് യുദ്ധം പ്രഖ്യാപിച്ചു പോയ അളിയൻ ദാ വീണ്ടും എന്റെ മുന്നിൽ.”
“എനിക്ക് എന്റെ പെങ്ങളെ മറക്കാൻ കഴിയാത്തതുകൊണ്ട് വരേണ്ടിവന്നു.”
“എന്നാൽ അളിയൻ മറന്നുപോയ ഒരു പേരുണ്ട്, സുമിത്ര.”
“അളിയാ പറയാനുള്ളത് ഞാൻ പറഞ്ഞുകഴിഞ്ഞു.കൂടെയുള്ള ഇത്തിൾകണ്ണികളെ ഒഴിവാക്കി എന്നാ
അളിയൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുക.”ചന്ദ്രചൂഡൻ ചോദിച്ചു.
“ഒരുവട്ടം മറുപടി നൽകിയതാണ്.
തന്റെ ടെണ്ടർ ഞാൻ കടത്തിവെട്ടി, അതിന് കാരണവുമുണ്ട്.പിന്നെ ദാ നിൽക്കുന്നുണ്ടല്ലൊ നിങ്ങളുടെ മകൻ
ഇവനെപ്പോലൊരു ഭൂലോക തെമ്മാടിക്ക് എന്റെ മോളെ കൊടുക്കാൻ സൗകര്യമില്ല.പറഞ്ഞ വാക്ക് മാധവൻ മാറ്റുന്നത് ആദ്യവും അവസാനവുമായി ഇക്കാര്യത്തിൽ മാത്രവും.അല്ലെങ്കിലും തെറ്റ് പറ്റി എന്ന് തോന്നിയാൽ തിരുത്തണം.
അല്ലാതെ മകളുടെ കാര്യത്തിൽ റിസ്ക് എടുക്കാൻ……. ഞാനും ഒരു അച്ഛനാണ് ചന്ദ്രചൂഡാ.”
“എന്നിട്ട് എന്തായി അളിയാ.വളർത്തി വലുതാക്കിയ ഒരുവൻ ചെയ്ത നെറികെട്ട കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതും അവൻ ചെയ്തതിന്റെ കുറ്റം എന്നിലാരോപിക്കുന്നതും.”