ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

Posted by

“ആഹ് മാഷോ………വന്നപ്പോൾ ഒന്ന് വിളിക്കായിരുന്നില്ലേ.”എന്ന് ചോദിച്ച്
സാവിത്രി പതിയെ എണീക്കാൻ ശ്രമിച്ചു.പക്ഷെ മാധവനത് തടഞ്ഞു.

“എന്ത് പറ്റിയെടൊ?തനിക്കെന്തൊ വയ്യ എന്ന് മോള് പറഞ്ഞു.”

“ഒന്നുമില്ല മാഷെ………മനസ്സിന് ഒരു
വല്ലായ്മ പോലെ.ഒന്നും ചെയ്യാൻ തന്നെ തോന്നുന്നില്ല.”

“എല്ലാം ശരിയാകുമെടോ,താൻ വിഷമിക്കാതെ.”

“നമുക്കെന്താ മാഷെ ഇങ്ങനെ.ഒന്ന്
തീരുമ്പോൾ മറ്റൊന്ന്.പ്രശ്നങ്ങളിൽ നിന്നൊരു ശമനം ഇനി എന്നാണാവോ?”സാവിത്രി ആരോടെന്നില്ലാതെ ചോദിച്ചു.

“അതൊന്നും ഇപ്പൊ ഓർക്കണ്ട സാവിത്രി.ഉറങ്ങിക്കോ,നല്ലൊരുറക്കം കിട്ടിയാൽ തന്റെ ഈ മടുപ്പൊക്കെ ഒന്ന് മാറും.”

“നന്നായിട്ടൊന്ന് ഉറങ്ങിയ കാലം മറന്നു മാഷെ.ഈ പുകിലൊക്കെ തുടങ്ങിയതിൽ പിന്നെ ഉറക്കം തന്നെ നഷ്ട്ടപ്പെട്ട അവസ്ഥയാ മനുഷ്യന്.”

“താൻ അതൊന്നും ഓർക്കണ്ട.വീണ, അവൾക്കിത് മാസം മൂനായി. ഒന്ന് അതിലൊക്കെ ശ്രദ്ധിച്ചാ തന്റെയീ മടുപ്പൊക്കെ അങ്ങ് മാറിക്കോളും.”

“മോളെ ഞാൻ നന്നായി തന്നെയാ നോക്കുന്നത്.അത് മാഷ് പറഞ്ഞിട്ട് വേണ്ടതാനും.ഇത് അതൊന്നുമല്ല മാഷെ…….”

“വെറുതെ ഓരോന്ന് ചിന്തിച്ചുകൂട്ടണ്ട സാവിത്രി,അല്ലേലും ചെറിയ കാര്യം മതി നിനക്ക് ആധി കൂടാൻ.”

“എന്നാലും ഓർക്കുമ്പോ………മനസ്സ് കയ്യിൽ നിൽക്കുന്നില്ല മാഷെ.ആകെ
ഒരസ്വസ്ഥത.”

“ഞാൻ പറഞ്ഞല്ലോ സാവിത്രി.താൻ
അത് മാത്രമിങ്ങനെ ചിന്തിച്ചു കൂട്ടാതെ.സ്കൂളിന്റെയും പിള്ളേരുടേം കാര്യം മാത്രം ശ്രദ്ധിച്ചുനിന്നാൽ തന്നെ വേണ്ടാത്ത ചിന്ത ഇങ്ങനെ വരില്ല.പിന്നെ ഞാൻ ഇല്ലെടോ തന്റെ കൂടെ.”

“അതാ ഒരു ധൈര്യം,ഒപ്പം പേടിയും. മാഷിന്റെ ഈ വിശ്രമമില്ലാത്ത ഓട്ടം കാണുമ്പോൾ ഒരു ആധിയാ ഉള്ളില്”

“അങ്ങനെയൊരു പേടി വേണ്ട,ഞാൻ
ഉള്ളപ്പോൾ ഈ കുടുംബത്തിന് ഒന്നും വരില്ല.അതിന് ഞാൻ സമ്മതിക്കില്ല.
പക്ഷെ വൈകാതെ ചിലതൊക്കെ നീ അറിയാൻ തുടങ്ങും.അന്ന് തന്റെ മുഖം തിരിച്ചുകളയരുത്.”

“എന്താ മാഷെ ഇങ്ങനെ വളച്ചുകെട്ടുന്നത്.കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നു,മാഷിനെന്തോ എന്നോട് പറയാനുണ്ട്.എന്നിൽ നിന്നെന്തോ മറച്ചുപിടിക്കുന്നത് പോലെ.”
അയാളുടെ നെഞ്ചിൽ തല ചായ്ക്കവെ അവൾ ചോദിച്ചു.

“ചിലത് പറയുമ്പോൾ ഒരു വളച്ചു കെട്ടൽ നല്ലതാടി.അതെങ്ങനെ നീ എടുക്കും എന്നതാ പ്രശ്നം.ഇപ്പോൾ
താൻ ഉറങ്ങ്.ഇനി കുറച്ചു ദിവസം ഇവിടെത്തന്നെയുണ്ട്,തത്കാലം ഓഫിസ് കാര്യങ്ങളൊക്കെ ഇവിടെ നിന്ന് നോക്കാന്ന് വച്ചു.ഒപ്പം നിന്നോട് ചിലത് പറയാനും.”

“ഏട്ടൻ വിളിച്ചിരുന്നു.നാളെ ഇത്രടം വരുന്നുണ്ട് പോലും.എന്തുകൊണ്ടും മാഷുള്ളത് നന്നായി.”മാധവൻ പറഞ്ഞത് മൂളിക്കേട്ടുകൊണ്ട് ആ നെഞ്ചിലേക്ക് പതുങ്ങവെ സാവിത്രി പറഞ്ഞു.

അവളെ തന്റെ നെഞ്ചിൽ ചേർത്ത് തലോടിയായിരുന്നു മാധവൻ അതിന് മറുപടി കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *