തന്നെ നോക്കി ആരെന്നറിയാതെ നിൽക്കുന്ന റപ്പായിക്ക് വിക്രമൻ സ്വയം പരിജയപ്പെടുത്തി.ചിലത് ചോദിച്ചറിയണം എന്ന് പറഞ്ഞതും അയാൾ യാതൊരു എതിർപ്പും കൂടാതെ കൂടെ പോന്നതും വിക്രമന്
കാര്യങ്ങൾ എളുപ്പമാക്കി.
തനിക്കറിയാനുള്ളതെല്ലാം റപ്പായിയിൽ നിന്നറിഞ്ഞശേഷം ഒപ്പം ഇരുന്ന് ഒരു ഫുള്ള് തീർത്തിട്ടാണ് വിക്രമൻ അയാളെ വീട്ടിൽ കൊണ്ട് വിട്ടത്.തന്നെ മെനക്കെടുത്താതെ അറിയാവുന്ന കാര്യങ്ങൾ,അതും തനിക്ക് വേണ്ടതിൽ കൂടുതൽ പറഞ്ഞതിന് അയാളോട് തോന്നിയ ബഹുമാനം.ചിലപ്പോൾ വിക്രമൻ ഇങ്ങനെയാണ്,വല്ലാണ്ട് ബഹുമാനിച്ചുകളയും.അതിനർഹത ഉള്ളവരെ,അല്ലെങ്കിൽ തനിക്കങ്ങനെ തോന്നുന്നവരെ മാത്രം.
റപ്പായിയെയും വീട്ടിൽ വിട്ട് തിരികെ പോകുമ്പോൾ താൻ ആവശ്യപ്പെട്ട ഡീറ്റെയിൽസ് മെയിൽ ചെയ്തതായി അറിയിച്ചുകൊണ്ട് സൈബർ വിങിൽ നിന്നുള്ള വാട്സാപ്പ് മെസ്സേജ് വിക്രമന് ലഭിച്ചുകഴിഞ്ഞിരുന്നു.
“ഹും……..വന്ന് ചോദിക്കുമ്പഴെ മാധവന്റെയും കുടുംബത്തിന്റെയും വിവരങ്ങൾ പറയുമെന്നാണ് വിചാരം.
അതും ഈ റപ്പായി.”കുടിച്ചതിന്റെ
ലഹരിയിൽ ആടുമ്പോഴും വിക്രമൻ താൻ പറഞ്ഞതൊക്കെ വിശ്വസിച്ചു എന്ന ഉറപ്പോടെ അയാൾ പോകുന്നത് നോക്കിനിന്ന റപ്പായി സ്വയം പറഞ്ഞു.
*****
മാധവൻ വീട്ടിലെത്തിയപ്പോൾ നന്നേ വൈകി.ഗായത്രിയുണ്ടായിരുന്നു മാധവനെയും കാത്ത്.അവൾ തന്നെ മാധവന് വിളമ്പിക്കൊടുത്തു.
“സാവിത്രിയെവിടെ?”അത്താഴം കഴിക്കുന്നതിനിടയിൽ മാധവൻ ചോദിച്ചു.
“അമ്മ നേരത്തെ കിടന്നു.എന്തോ……
ഒരു വല്ലായ്മ പറഞ്ഞു.”
“എന്ത് പറ്റി പെട്ടെന്ന്?”
“അമ്മാവന്റെ ഫോൺ വന്നിരുന്നു.
ഞാൻ അറ്റൻഡ് ചെയ്തിട്ടാ അമ്മക്ക് കൊടുത്തത്.അവര് തമ്മിൽ എന്തോ
കുറെ സംസാരിച്ചു.ഞൻ അടുത്ത് നിന്നത് കൊണ്ടാവും ഒന്നുരണ്ട് മിനിറ്റ് കഴിഞ്ഞയുടനെ അമ്മ റിസിവറും കൊണ്ട് മുറിയിലേക്ക് പോയി.എന്തോ
പേർസണൽ എന്ന് ഞാനും കരുതി.
അതിന് ശേഷമാ…….ചോദിച്ചിട്ട് ഒന്നും പറഞ്ഞതുമില്ല.പിന്നെ വിചാരിച്ചു കിടന്നോട്ടെയെന്ന്.ഒന്നും നേരാം വണ്ണം കഴിച്ചത് കൂടിയില്ല.”
“മ്മ്മ്……വയ്യെങ്കിൽ കിടന്നോട്ടെ.അല്ല
മക്കള് വന്നില്ലേ?”ശംഭുവിനെയും വീണയെയും ഓർത്താണ് അത് ചോദിച്ചത്.
“അവര് നാളെയാവും വരാൻ.ചേച്ചി വിളിച്ചിരുന്നു.”
“എന്നാ നീ കിടന്നോ,ഉറക്കമിളക്കണ്ട.
ഞാനല്പം കഴിഞ്ഞെയുളളൂ.”
കൈ കഴുകി എണീറ്റ മാധവൻ ഗായത്രിയോട് പറഞ്ഞു.പാത്രങ്ങൾ എടുത്തുവച്ച് അവൾ കിടക്കാൻ പോകുമ്പോഴും മാധവൻ ഉമ്മറത്ത് ഉലാത്തുകയായിരുന്നു.കയ്യിൽ സിഗരറ്റുണ്ട്.വല്ലപ്പോഴും മാത്രം വലി ഉള്ള മാധവന്റെ പതിവില്ലാതെയുള്ള വലി കണ്ട് എന്തോ ടെൻഷനുണ്ടെന്ന് അവൾക്ക് തോന്നി.ഒന്ന് ശാന്തമായി നാളെ ചോദിക്കാം എന്ന് കരുതിയ ഗായത്രി തന്റെ മുറിയിലേക്ക് കയറി.
മാധവൻ മുറിയിലെത്തുമ്പോഴേക്ക് സാവിത്രി ഉറങ്ങിയിരുന്നു.അവളെ ഉണർത്താതെ പതിയെ അയാളും കിടന്നു.അതിനിടയിലുണ്ടായ അനക്കമറിഞ്ഞിട്ടാവണം സാവിത്രി എണീറ്റത്.