യുഗം 8 [Achilies]

Posted by

അവളുടെ മറുപടി സത്യത്തിൽ എന്നെ ഞെട്ടിച്ചു, പെണ്ണിന്റെ ഉള്ളിൽ തുളുമ്പുന്ന സന്തോഷം നിറഞ്ഞൊഴുകി തൊട്ടത് എന്റെ നെഞ്ചിലായിരുന്നു. അവൾ അവിടെ തുള്ളി ചാടുകയാണോ എന്ന് പോലും എനിക്ക് തോന്നിപ്പോയി.
“ഗംഗേ നിനക്ക്………….നിനക്ക് എന്നോട് ദേഷ്യമില്ലേ, ഞാൻ ചെയ്തത്.”
“തെറ്റല്ല….ശെരി……..ശെരിയാണ്. ഇപ്പോഴല്ലേ നീ ശെരിക്കും ജയിച്ചെ അവർ നിന്നോട് ഇത്രയും ചെയ്തിട്ടും നീ അങ്ങനൊരു അവസ്ഥയിൽ അവരെ അവിടെ കുറ്റപ്പെടുത്താനോ അവഹേളിക്കാനോ നിൽക്കാതെ രക്ഷിച്ചില്ലേ അപ്പോഴല്ലേ ഹരി നിന്റെ വില എന്താണെന്നു അവർ തിരിച്ചറിഞ്ഞത്. നീ ഇപ്പോൾ എന്റെ ഉള്ളിൽ എവിടെയോ ആണ് എനിക്ക് കാണാൻ കൊതിയാവുക വേഗം വരുവോ.”
“എന്റെ പെണ്ണേ ഇത്രയും നേരം ഞാൻ ഇത് മനസ്സിലിട്ടു ഉരുകുകയായിരുന്നു. നീ ഇതെങ്ങനെ എടുക്കുമെന്ന് അറിയാതെ.”
“പോടാ ദുഷ്ടാ ന്നെ ഇത്രയായിട്ടും നിനക്ക് മനസിലായില്ലല്ലേ.”
പരിഭവം നിറച്ചു ഇത്തിരി കൊഞ്ചലോടെ ആണ് പെണ്ണ് പറഞ്ഞത്.
“സോറി ഉമ്മാ ലവ് യൂ……… നീ എന്റെ അല്ലെ മുമ്പിൽ ഒരു മുഴുവൻ ജീവിതം തന്നെ ഇല്ലേ മനസിലാക്കാൻ.”
“ഹ്മ്മ് സോപ്പ് ഇടണ്ട ട്ടൊ,.. പിന്നെ നീ അവരോടു സംസാരിച്ചോ എങ്ങനാ എന്താ എന്നൊക്കെ, അവരുടെ അവസ്ഥ എന്താ ഇപ്പോ.”
“എനിക്കറിയില്ല ഞാൻ ഒന്നും ചോദിച്ചുമില്ല അവരൊന്നും പറഞ്ഞുമില്ല വന്നപ്പോൾ മുതൽ കരഞ്ഞോണ്ടിരിപ്പുണ്ട്, കള്ള കണ്ണീരാണോന്നാർക്കാറിയാം. ഇവിടെ ഇപ്പൊ മല്ലി നോക്കുന്നുണ്ട്.”
“ശ്ശൊ ഈ ചെക്കനെ കൊണ്ട് ഞാൻ തോറ്റൂലോ ന്റെ തേവരെ…………….മ്മ്മ നീ ഒരു കാര്യം ചെയ് ഈ ഫോണിൽ എനിക്ക് അവരെ ഒന്ന് തരുവോ ഞാൻ സംസാരിച്ചോളാം.”
“അത് വേണോ ഗംഗകുട്ടി.”
“വേണം പോയി വിളിച്ചോണ്ട് വാ ചെക്കാ.”
വാശി അറിയാവുന്നത് കൊണ്ട് ഞാൻ പിന്നെ തർക്കിക്കാൻ നിന്നില്ല. എങ്കിലും നെഞ്ചിൽ ഒരു തണുപ്പ്, മല പോലെ വന്നത് എലി പോലെ പോയതിന്റെ ഒരു സന്തോഷം. ഫോൺ വെച്ച് നേരെ മുറിയിലേക്കു ചെന്നു. മല്ലി എന്തോ ആവശ്യത്തിന് അടുക്കളയിൽ ആയിരുന്നു. റൂമിന്റെ വാതിൽ തുറന്ന എന്നെ എതിരേറ്റത്. കയ്യിൽ ബ്ലേഡുമായി ഇടം കൈയിലെ ഞരമ്പ് മുറിക്കാൻ ഒരുങ്ങുന്ന ഹേമയായിരുന്നു. ഒറ്റ കുതിപ്പിന് കൈയിൽ പിടിച്ചു മുഖം അടച്ചൊന്നു കൊടുത്തു. തഴമ്പ് നിറഞ്ഞ കൈയുടെ ആക്കത്തിൽ അവർ ബെഡിലേക്ക് മറിഞ്ഞു വീണു.
എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
അവരപ്പോഴും ബെഡിൽ കമിഴ്ന്നു കിടന്നു കരയുന്നുണ്ട്.
“എത്ര കിട്ടിയാലും ഞാൻ പഠിക്കില്ല, അവിടെ തീരേണ്ട നിങ്ങളെ രക്ഷിച്ചു ഇവിടെ കൊണ്ടുവന്ന എന്റെ കുത്തിക്കഴപ്പിന് എനിക്ക് ഇത് തന്നെ കിട്ടണം. എന്റെ പേര് കൂടി എഴുതി വെച്ചിട്ട് ചാവാൻ നോക്കാർന്നില്ലേ. അപ്പോഴല്ലേ നിങ്ങൾക്ക് മോക്ഷം കിട്ടൂ.
മോള് കാരണം ഉണ്ടായിരുന്ന ജീവിതം പോയികിട്ടി കൂടെ എട്ടു വർഷവും, ഇനി തള്ളയായിട്ടു കുറക്കണ്ട നിങ്ങളെ റേപ്പ് ചെയ്തത് ഞാൻ ആണെന്ന് കൂടി എഴുതിവെച്ചിട്ടു ചാവ്. എന്റെ ബാക്കി ജീവിതം കൂടി തീരുമാനം ആവട്ടെ.”
ഉള്ളിൽ ഉരുണ്ട് കൂടിയ സങ്കടം മുഴുവൻ പറഞ്ഞു തീർക്കുമ്പോഴും.
അവർ തിരിയാതെ കിടന്ന് എങ്ങലടിക്കുകയായിരുന്നു.
എനിക്കവിടെ പിന്നെ നില്ക്കാൻ തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *