ശുഭ പ്രതീക്ഷ 3 [അപരിചിതൻ]

Posted by

“അല്ലല്ലോ…, ഞാൻ ഇത് തന്നെയാണ് ഇട്ടിരുന്നത്, അമ്മക്ക് തോന്നിയതാവും.” ഞാൻ അമ്മയോട് കള്ളം പറഞ്ഞു.

“ആഹ് തോന്നിയതാവും, പുറത്ത് നിന്ന് വന്നതല്ലേ ആ ഡ്രസ്സൊക്കെ മാറ്റി കുളിച്ച് വരൂ ഞാൻ ഭക്ഷണം എടുത്ത് വെക്കാം.” അമ്മ അത് പറഞ്ഞ് ഷെഡിലേക്ക് നടന്നു.

“ശരി അമ്മേ…” ഞാൻ അത് പറഞ്ഞു ഓടുകയായിരുന്നു. ഡോർ ലോക്ക് തുറന്ന് ഞാൻ റൂമിലേക്ക്‌ കയറി വാതിൽ കുറ്റിയിട്ടു.

ജനലും അടച്ച് കർട്ടൻ എല്ലാം പിടിച്ചിട്ട ശേഷം ലൈറ്റ് ഇട്ട് ഞാൻ കട്ടിലിൽ അയാളുടെ അരികിൽ ഇരുന്നു.

ആയാൽ അപ്പോഴും ഉറക്കത്തിൽ തന്നെയായിരുന്നു.

“സാർ…, സാർ…” ഞാൻ അയാളെ വിളിച്ചു.

ആയാൽ കണ്ണ് തുറന്ന് എന്നെ നോക്കി.

“എഴുന്നേൽക്കു ആ മുറിവ് കെട്ടി വെച്ചിട്ട് കിടക്കാം” എന്നെ നോക്കി എന്താ എന്ന അർത്ഥത്തിൽ നോക്കിയ അയാളോട് ഞാൻ പറഞ്ഞു.

ഞാൻ അയാളെ പതിയെ കട്ടിലിൽ നിന്നും എഴുന്നേൽപ്പിച്ച് ബാത്‌റൂമിലേക്ക് കൊണ്ട് പോയി.

കാലിലെയും, വയറ്റിലെയും, തലയിലെയും മുറിവുകൾ വെള്ളം ഒഴിച്ച് കഴുകി രക്തക്കറ കളഞ്ഞു.

വയറ്റിലെ മുറിവിന് ആഴം കൂടുതലാണ്. ഒരുപാട് രക്തവും പോയിട്ടുണ്ട്. തയ്യൽ ഇടേണ്ടി വരുമെന്ന് തോനുന്നു. പക്ഷേ ആ പണി എനിക്ക് അറിയില്ലല്ലോ. ഏതായാലും അറിയാവുന്നത് വെച്ച് ചെയ്യാം.

ഞാൻ അയാളെയും കൊണ്ട് റൂമിൽ എത്തി. ബെഡ് ഷീറ്റ് മുഴുവൻ രക്തമായത്കൊണ്ട് ഞാൻ അത് മാറ്റി. മറ്റൊന്ന് വിരിച്ച് അയാളെ അതിൽ കിടത്തി.

ആദ്യം വയറ്റിലെ മുറിവിൽ തന്നെ, വാങ്ങിച്ച് കൊണ്ട് വന്ന കാവറിൽ നിന്നും പഞ്ഞി എടുത്ത് വൃത്തിയായി തുടച്ചു.

ശേഷം ആന്റിബിയോട്ടിക്‌ തേച്ച് ബന്റേജും തുണിയും ഉപയോഗിച്ച് കെട്ടി വെച്ചു. ഇൻഫെക്ഷൻ വല്ലതും ആയാൽ ഹോസ്പിറ്റലിൽ പോകേണ്ടി വരും. അല്ലെങ്കിൽ അറിയാവുന്ന ഡോക്ടർ, അത് ആലോചിച്ചപ്പോൾ ആണ് എനിക്ക് എന്റെ ഫ്രണ്ട് അജയിയെ ഓർമ്മ വന്നത് എന്റെ കൂടെ പ്ലീസ് ടു പഠിച്ചതാണ്. ഇപ്പോൾ ഡോക്ടറാണ് തിരുവനന്തപുരത്ത് എവിടെയോ ആണ് പ്രാക്ടീസ് ചെയ്യുന്നത്.

ഏതായാലും എന്തെങ്കിലും സംശയം വന്നാൽ അവനെ വിളിക്കാം. വയറിലെ മുറിവ് കെട്ടിയ ശേഷം കാലിന്റെ മുറിവും കെട്ടിവെച്ചു. ശേഷം തലയിലെ മുറിവ് തുടച്ച് മരുന്നും വെച്ചു. കെട്ടി വെക്കാൻ നിന്നില്ല. അത് അത്ര വലിയ മുറിവ് അല്ലാത്തതിനാൽ അങ്ങനെ തന്നെ വിട്ടു.

“മോനെ കുളിച്ച് കഴിഞ്ഞില്ലേ?” അമ്മ പുറത്ത് നിന്നും വിളിക്കുന്നത് കേട്ട് ഞാനൊന്ന് ഞെട്ടി.

“ആഹ് കഴിഞ്ഞു, ദാ വരുന്നു അമ്മേ? ” ഞാൻ അമ്മയോട് പറഞ്ഞു.

“വേഗം വാ ഞാൻ ഊണ് എടുത്ത് വച്ചു” അമ്മ പറഞ്ഞു.

“ശരി, ദാ വരുന്നു.” ഞാൻ പറഞ്ഞു.

അയാളെ വേഗം കട്ടിലിൽ കിടത്തി ഞാൻ ബാത്‌റൂമിൽ കയറി ഡ്രസ്സും മാറ്റി മുഖവും കാലും കഴുകി, കുളിച്ചു എന്ന് അമ്മയെ വിശ്വസിപ്പിക്കാൻ തലയിലും കുറച്ച് വെള്ളം തടവി ഞാൻ പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *