തോർത്തുമെടുത്ത് കുളിമുറിയിലേക്ക് പോകുമ്പോൾ മേശപ്പുറത്തേക്ക് ഞാനൊന്നെത്തി നോക്കി. മയിൽപ്പീലി നിറമുള്ള ഷർട്ടും അതേ കരയുള്ള മുണ്ടും. എന്റെ പ്രിയ നിറം. കെട്ട്യോളുടെ പിറന്നാൾ സമ്മാനം..
ഷവർ തുറന്നപ്പോൾ മേലേക്കു വീണ തണുത്ത വെള്ളം വീണ്ടുമെന്റെ ഓർമകളെ ഉണർത്തി.
ഒരേ കോളേജിലെ അധ്യാപകരായ Dr വിജയലക്ഷ്മിയും Dr സോമസുന്ദരനും എഴുത്തും വായനയും സാംകാരിക പ്രവർത്തനങ്ങളുമായി സമൂഹത്തിനു മുമ്പിലെ റോൾ മോഡൽസ്, ഒരേയൊരു മകനെ വിജയത്തിന്റെ ചവിട്ടുപടികളോരോന്നും കീഴടക്കാൻ കൂട്ടുനിന്ന നല്ല രക്ഷിതാക്കൾ.
പക്ഷെ എനിക്കവരുമായുള്ള ബന്ധം വെറും രണ്ടു ‘വാക്കുകളിൽ ‘ ഒതുങ്ങി. പഠിക്ക് പഠിക്ക് എന്ന ‘ഉപദേശത്തിലും ‘, അതു ചെയ്യരുത് ഇതു ചെയ്യരുത് എന്ന ‘താക്കീതിലും’.
സ്നേഹത്തോടെയുള്ള ഒരു ചേർത്ത് പിടുത്തം, ലാളനയോടുള്ള ഒരു തഴുകൽ ഞാനെന്നും കൊതിച്ചിരുന്നു.
വല്ലപ്പോഴും വീട്ടിൽ വന്നിരുന്ന അമ്മുവും ചെറിയമ്മയുമായിരുന്നു ആകെയുള്ള ആശ്വാസം.
എന്റെ കുട്ടിക്കാലം ജനലഴിയിലൂടെയുള്ള പുറം കാഴ്ചയിലും സ്റ്റഡി ടേബിളിലും ഒതുങ്ങി.
ഷവറിലെ തണുത്ത വെള്ളത്തിലും എന്റെ ശരീരം കൂട്ടിക്കാലത്തെ ഓർമകളിൽ ചൂട്ടുപൊള്ളി.
…….
കുളി കഴിഞ്ഞു പുതിയ ഡ്രെസ്സുമിട്ടു പിറന്നാളുകാരനായി ഞാൻ കോണിപ്പടികളിറങ്ങി. പാതിവഴിലേ ഞാൻ കണ്ടു ഒരേ സോഫയിൽ ഒന്നിച്ചിരിക്കുന്ന അച്ഛനുമമ്മയും. അമ്മയുടെ മടിയിൽ കുഞ്ചു, അച്ഛന്റെ കൈയ്യിൽ ദോശപ്പാത്രം, അച്ഛനവനെ കൊഞ്ജിക്കുന്നു. അമ്മയവന് ദോശ കൊടുക്കുന്നു. അവർക്കു മുമ്പിൽ നിലത്തു പടിഞ്ഞിരിക്കുന്ന ശാലു….
അച്ഛൻ മുണ്ടും, അമ്മ മുണ്ടും നേര്യേതും ഉടുത്തിരിക്കുന്നു. മുമ്പെങ്ങോ ഒന്നിച്ചമ്പലത്തിൽ പോയപ്പോഴാണ് അവരെ ഞാനീ വേഷത്തിൽ കണ്ടിട്ടുള്ളത്.
കാണാത്തതെന്തോ കണ്ട പോലെ ഞാനവരെ തന്നെ നോക്കി നിന്നു. എന്നെ കണ്ട ശാലു , അവിടേക്ക് ചെല്ലാൻ കൈ കൊണ്ട് മാടി വിളിച്ചു.
അനുസരണയുള്ള കുട്ടിയേപ്പോലെ ഞനവർക്കരികിലേക്ക് ചെന്നു. അവളെന്നെ പിടിച്ച് അച്ഛനും അമ്മയക്കുമിടയിലേക്ക് ഇരുത്തി.
എന്തു ചെയണമെന്നറിയാതെ ഞാൻ രണ്ടു പേരുടേയും മുഖത്തേക്ക് മാറി മാറി നോക്കി.
ചന്ദനത്തിൽ ഗണപതിഹോമ കരി ചേർത്ത ഒരു കുറി രണ്ടു പേരുടേയും നെറ്റിയിലുണ്ടായിരുന്നു. അവരീ കുറി പോലായിരുന്നെങ്കിലെന്ന് ഒരു വേള ഞാനാശിച്ചു പോയി…