“അതു തന്നെ കാര്യം…”
ചേച്ചിയുടെ മറുപടി വന്നു.
എന്റെ കരച്ചിലൊന്നടങ്ങിയപ്പോ തോളിൽ കൈവച് സാറുപറഞ്ഞു.
“എട കെഴങ്ങാ…, അവക്കു നിന്നോട് ഒടുക്കത്തെ പ്രേമാ, നീ മിണ്ടാതേം നോക്കാതേം നടന്നിട്ടല്ലേ …. ആൻസർ ഷീറ്റിൽ പ്രേമലേഖനമൊന്നുമെഴുതി വക്കാഞ്ഞത് നന്നായി “.
കേട്ടത് വിശ്വാസം വരാതെ ഞാനെഴുന്നേറ്റ് സാറിന്റെ മുഖത്തേക്കു നോക്കി. അപ്പോഴും ഒഴുകികൊണ്ടിരുന്ന കണ്ണുനീർ തുടച്ചു കളത്തോണ്ട് സാറ് ചേച്ചിയോട് ചോദിച്ചു.
“അവളെവിടെ…..?”
അപ്പോഴേക്കും ചേച്ചി നീട്ടി വിളിച്ചിട്ടുണ്ടായിരുന്നു
“ശാലൂ……..”
ആ വിളിക്ക് കാത്തിരുുന്ന പോലെ അടുത്ത മുറിയിൽ നിന്നും അവളിറങ്ങി വന്നു. ഒന്നും മനസ്സിലാകാതെ അന്തം വിട്ടിരുന്ന ഞാൻ അവളെ കണ്ടതും വീണ്ടും തല കുനിച്ചു.
ആ സമയത്തെ എന്റെ മനസ്സിലെ വികാരങ്ങളെ എനിക്കു തന്നെ വായിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
ഞങ്ങളെ ഒറ്റക്കാക്കാനെന്നോണം സാറും ചേച്ചിയും വാതിലും ചാരി പുറത്തിറങ്ങി പോയി.
അവളടുത്തേക്ക് വന്നതും എന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നതും ഞാനറിഞ്ഞില്ല.
എന്റെ മടിയിലേക്ക് വലതു കൈ എടുത്തു വച്ച് അവൾ വിളിച്ചു. “അതേയ്………..”
മുഖമുയർത്തിയ ഞാൻ കണ്ടത് അവളുടെ കണ്ണുകളിലെ ഒടുങ്ങാത്ത പ്രണയവും മുഖത്തെ ദൈന്യതയുമായിരുന്നു.
അപ്പോഴേക്കൂം എന്റെ മനസ്സ് പേമാരി പെയ്തൊഴിഞ്ഞ പ്രകൃതി പോലെ ശാന്തമായിരുന്നു.
ഇരു കൈകൾ കൊണ്ടും അവളുടെ മുഖമെന്നോടു ചേർത്ത് ആ നെറുകയിലെന്റെ ചുണ്ടുടുകളമർത്തി. …………………………..
“നല്ലോരു ദിവസായിട്ട് ഇങ്ങനെ കിടക്കാണോ മാഷെ ” കെട്ട്യോളുടെ പായാരം എന്റെ ചിന്തകൾക്കു മുമ്പിലൊരു റെഡ് ലൈറ്റ് തെളിയിച്ചു.
എപ്പോഴോ ഉണർന്ന കുഞ്ചു എന്റെ നെഞ്ചിൽ ഇരുന്നും കിടന്നും പിറുപിറുത്തോണ്ടിരിക്കുന്നു ഞാൻ തല ചെരിച്ച് ഒന്നെന്റെ പ്രിയതമയെ നോക്കി.
മുണ്ടും നേര്യതും ചുറ്റി മുന്താണിയുടെ തുമ്പ് എളിയിൽ തിരുകി ഇടതു കൈയ്യിൽ തോർത്തും വലതുകൈ മടക്കി എളിയിൽ കുത്തി കപട ദേഷ്യത്തോടെ എന്നെ നോക്കുന്ന അവൾ.
ഇടതു തോളിലൂടെ മുന്നിലേക്ക് വിടർത്തിയിട്ട മുടിയിൽ തെച്ചിപ്പൂവും തുളസി കതിരും സ്നേഹത്തോടെ പറ്റി നിൽക്കുന്നു. നെറ്റിയിലൊരു ഉഷാറ് ചന്ദനക്കുറിയും.
അവളുടെ മട്ടും ഭാവവും കണ്ടിട്ട് ഇച്ചിരി ശൃംഗാരത്തോടെ ഞാനൊരു ചുംബനം അവൾക്ക് നേരേ പറത്തി വിട്ടു.