” നീയെന്തിനാടീ കോപ്പേ നിന്റെ അമ്മ പറഞ്ഞതൊക്കെ അവളോട് എഴുന്നള്ളിക്കാൻ പോയത്….? വല്ല കാര്യോമുണ്ടോ …!! ”
ഞാൻ അവളോട് ദേഷ്യപ്പെട്ടു ….മറ്റാരും കേൾക്കാണ്ടിരിക്കാൻ പതുക്കെയാണ് ചോദിച്ചത് ……
” അത്…..അവളെന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ മനുവേട്ടാ….!! ഇതിപ്പോ ശബരിയേട്ടൻ അറിഞ്ഞില്ലെങ്കിൽ ഏട്ടൻ അങ്ങേരോട് പറയില്ലേ …? അത്രയല്ലേ ഉള്ളൂ ….?? ”
അവൾ മറുചോദ്യം ചോദിച്ചിട്ടെന്റെ ഉത്തരം മുട്ടിച്ചു…..
അത് ശെരിയാണല്ലോ ….ഞാനാണെങ്കിലും പറയും , കുറ്റം പറഞ്ഞൂട…………
” പ്രേമിക്കുന്നതൊക്കെ കൊള്ളാം, അവൾ ഞങ്ങടെ ക്ലാസിലെ വൻ പഠിപ്പികളിൽ ഒരാളാണ് ….ഈ കാര്യം കൊണ്ടെങ്ങാൻ മാർക്ക് കുറഞ്ഞാൽ അപ്പൊ ഞാൻ ശെരിയാക്കിത്തരാ…..!!”
പെണ്ണിന്റെ വക ഭീഷണി …..ഞാൻ കാരണം മാർക്ക് കുറഞ്ഞാൽ അത് മോശമാണ് , ഈ കാരണം കൊണ്ട് മാത്രല്ല ഒരു കാരണവശാലും മാർക്ക് കുറയരുതെന്നു പറയണം, അല്ലെങ്കിൽ അതും എന്റെ തലയിലാവും…..
“അവൾക്കു നിന്നെക്കാൾ മാർക്കുണ്ടാവാറുണ്ടോ …??? ”
ഞാൻ അവളോട് ചോദിച്ചു….അമ്മുവിൻറെ പഠിപ്പിനെകുറിച്ചൊന്നും എനിക്ക് അറിയുന്നകാര്യങ്ങളില്ല …
” പിന്നെന്താ …..!! അവൾ ക്ലാസ്സ് റാങ്കിൽ ഒന്നോ രണ്ടൊ ഒക്കെ ആവും……. എനിക്കൊക്കെ ഒരു 42-45 ന് ഇടയിലാണെങ്കിൽ അവൾക്കു 47 മുതൽ അങ്ങോട്ടാണ് …..അത് തന്നേ കണക്കിലും , ഫിസിക്സിലും ഒക്കെ അധികവും ഫുൾ മാർക്ക് ആയിരിക്കും ….”
അവൾ അഭിമാനത്തോടെ പറഞ്ഞു…അമ്പോ …!! അതൊക്കെ എനിക്ക് പുതിയ അറിവായിരുന്നു …..പഠിക്കുമെന്നൊരു ഊഹം ഉണ്ടായിരുന്നു ഇത്ര ഭീകരിയാണെന്നു അറിഞ്ഞില്ല….കണക്കും ഫിസിക്‌സും പേടിച്ചു പ്ലസ് ടു നേരെ vhsc എടുത്ത് ഓഫീസ് സെക്രട്ടറിഷിപ് കോഴ്സും കഴിഞ്ഞിരിക്കുന്ന എനിക്ക് പറ്റിയ ഭാര്യ ..!!
” പക്ഷെ അവൾ എല്ലാവരെയും സഹായിക്കും , ആർക്കു വേണെങ്കിലും അറിയുന്ന കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കും…..പരീക്ഷക്കു വരെ പറ്റുന്നപോലെ ബാക്കി ഉള്ളവരേം സഹായിക്കും….അതുകൊണ്ട് എല്ലാർക്കും അവളെ വല്ല്യേ കാര്യമാ ….”
നിത്യ തുടർന്നു …..ഞാൻ നല്ല താൽപര്യത്തിൽ ഇരുന്നു കേൾക്കുന്നതുകൊണ്ടാകണം ……
” അപ്പൊ ഞാൻ പിടിച്ചതൊരു പുലിയെ ആയിരുന്നല്ലേ…..ഞാനാരാ മോൻ !! “”
ഞാൻ വെറുതെ ഒന്നും ആളായി….
” അവൾക്കു എന്റെ അറിവിൽ തന്നേ മൂന്നുനാലു പ്രൊപ്പോസൽ കിട്ടിയിരുന്നതാണ് , അന്ന് അതൊന്നും വേണ്ടെന്നും പ്രേമം തന്നേ ഇഷ്ടമല്ലെന്നും പറഞ്ഞു നടന്നവളാണ് ഇപ്പോ ദേ ഇങ്ങനെ പ്രേമിച്ചു നടക്കുന്നത് …… കലികാലം ..!
അവൾ നൈസായിട്ട് എനിക്കിട്ടു കൊട്ടിയതാണെന്നു മനസിലായപ്പോ ഞാൻ കയ്യിനൊരു നുള്ള് കൊടുത്തു …