” ഒന്ന് പോയെടീ …..ഇപ്പൊ തന്നെ വെശക്കുന്നു പോലും…!! നീ ഇത്തിരി കൂടി ക്ഷമിക്ക് ”
ഞാൻ ദേഷ്യം വെച്ചു പറഞ്ഞു … ദൈന്യമായി എന്നെ നോക്കിയതല്ലാതെ അവളൊന്നും മിണ്ടിയില്ല…
” നീ വായോ …..ഫുഡിന് എന്തായാലും കുറേ സമയമെടുക്കും..നമുക്കൊന്ന് നടന്നുവരാം….നീ അമ്മുവിനോട് പറഞ്ഞു വാ …”
ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ തലയാട്ടി എണീറ്റു , ഉള്ളിലേക്ക് പോയി….ഞാൻ മെല്ലെ എണീറ്റ് വട്ടത്തിലിരുന്നു ഓരോ കഥകൾ പറയുന്ന കാരണവരോട് നടന്നിട്ട് വരാമെന്ന് ആംഗ്യം കാണിച്ചു…
” കാലു ശ്രദ്ധിക്കണം….നടന്നാൽ നീരും വേദനയും കൂടും…”
പുള്ളി എണീറ്റ് അടുത്തുവന്നു പറഞ്ഞു…..ഞാൻ ശ്രദ്ധിച്ചോളാമെന്നും പറഞ്ഞു തിരികെ വന്ന് ചെരുപ്പിട്ട് പുറത്തു നിന്നു…നിത്യയോടൊപ്പം അമ്മുവും പുറത്തു വന്നു.
” ഏട്ടാ…..നടക്കാൻ പോയാൽ വേദന കൂടിയാലോ….?? ”
അവൾ സംശയിച്ചു….അച്ഛനും മോളും ഒരേ ചോദ്യമാണല്ലോ….
” ഇല്ലന്നേ , ഞങ്ങൾ മെല്ലെ നടന്നോളാം….ഇവളുണ്ടല്ലോ…. ”
ഞാൻ നിത്യയെ നോക്കി പറഞ്ഞപ്പോൾ അവൾ അമ്മുവിനോട് ഏറ്റു എന്ന ഭാവത്തിൽ ആംഗ്യം കാട്ടി….
” അല്ല മോളെ , നിന്റെ സർപ്രൈസ് എന്താന്ന് പറഞ്ഞില്ലല്ലോ ….നീ പറഞ്ഞ ദിവസം ആയില്ലേ …? ”
ഞാൻ ചോദിച്ചപ്പോൾ അവൾ മനോഹരമായി ചിരിച്ചുകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു …അത് കണ്ടപ്പോൾ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാനാണ് തോന്നിയതെങ്കിലും ഞാൻ പിടിച്ചുനിന്നു…
” അതോ ……അത് ….അത് ……ഞാനാണ് ഇന്നത്തെ കേക്ക് ഉണ്ടാക്കിയത് …അത്രേള്ളു …..”
അതും പറഞ്ഞു അവൾ പൊട്ടിച്ചിരിച്ചു.. ..പിന്നെ എന്തോ ഓർത്തെന്ന പോലെ പെട്ടെന്ന് ചിരി നിർത്തി , എന്തോ അബദ്ധം പറ്റിയ കണക്കു തലയിൽ കൈവെച്ചു ഓർത്തു ……പിന്നെ “നിങ്ങൾ പോയി വാ” എന്നും പറഞ്ഞു ഉള്ളിലേക്ക് പോയി ….എനിക്ക് ചിരി വന്നു …..നിത്യ എന്റെ മുഖത്തേക്ക് അന്തം വിട്ട് നോക്കി.
” എന്തോ മറന്നിട്ടുണ്ട്….അങ്ങനെ വേണം !! എന്നെ കുറച്ചു ദിവസം പറ്റിച്ചില്ലേ ….ബ്ലഡിഫൂൾ ..!!”
ഞാനെന്റെ ആത്മരോക്ഷം അങ്ങനെ തീർത്തുകൊണ്ടു മെല്ലെ മെല്ലെ പറമ്പിലേക്ക് നടന്നു ….
അത്യാവശ്യം വലിയ പറമ്പാണ് …..പറമ്പിനു അതിരിനോട് ചേർന്ന് നല്ലൊരു കുളം , വേണെങ്കിൽ കുടിക്കാം അത്ര നല്ല വെള്ളമാണ് …..അതിലേക്കു ഇറങ്ങാനായി പടവുകൾ …അതിലൊരു പടവിൽ ഞങ്ങൾ ഇരുന്നു …അപ്പോഴാണ് അമ്മുവിൻറെ അച്ഛൻ ഒരു സിഗററ്റുമായി അങ്ങോട്ട് വന്നത് …..പുള്ളിയെ കണ്ട് എണീക്കാൻ നോക്കിയ ഞങ്ങളെ കൈ കാണിച്ചു വേണ്ടെന്നു പറഞ്ഞു കുറച്ചകലത്തിൽ മറ്റൊരു പടിയിൽ ഇരുന്നു സിഗരറ്റ് കൊളുത്തി ആദ്യം രണ്ടു വലി എടുത്ത് എന്നെ നോക്കി ….