പൂമുഖത്തു ഒരു കുടവയറുള്ള തടിയൻ ഇരിക്കുന്നുണ്ട് …തടിച്ച സ്വർണമാലയും ഇട്ടു കണ്ണടക്കിടയിലൂടെ നോക്കി ചിരിച്ചു…..അതായിരിക്കും മാമൻ ……ഞാൻ തിരിച്ചും ഒന്ന് ചിരിച്ചു ….പിന്നെ അവളുടെ വീടിന്റെ തൊട്ടടുത്തുള്ള വീടുകളിലെ കുറച്ചു പേരും അവിടെയുണ്ട് ….കുശലാന്വേഷണങ്ങൾക്കു ശേഷം ഞാൻ കുറച്ചുമാറിയിരുന്നു ……അമ്മുട്ടിയെ കാണാനില്ല….തിരക്കിലാവുമെന്നു അറിയാമെങ്കിലും കാണാനൊരു ആഗ്രഹം….ഉള്ളിൽ വലിയ ബഹളമുണ്ട് , അധികവും പെണ്ണുങ്ങളുടെ ശബ്ദം തന്നെ……സൈഡിൽ ആ വലിയ കാർ നിർത്തിയതിന്റെ അരികിലൂടെ കുട്ടികൾ കളിക്കുന്നതും നോക്കി വെറുതെ ഇരുന്നു , അപ്പോളാണ് നിത്യ എന്നെ കണ്ടത്……..അവൾ എന്നെ കണ്ട് അടുത്തു വന്നു….
” കണ്ണ് പൊത്തിക്കോ മോനെ……ഇന്നു അവളെ കാണുമ്പോൾ പിടിച്ചുനിക്കാൻ ബുദ്ധിമുട്ടും….”
അവൾ ചെവിയിൽ സ്വകാര്യം പറഞ്ഞപ്പോ ഞാൻ പല്ലുകടിച്ചു അവളെ പേടിപ്പിച്ചു….
കുറച്ചു കഴിഞ്ഞപ്പോളാണ് അവൾ പറഞ്ഞതിലെ ഭീകരത എനിക്ക് മനസിലായത്…..എന്തോ എടുക്കാനായി പോകുന്നതിനിടയിലാണ് നിത്യക്കരികിൽ ഇരിക്കുന്ന എന്നെ അമ്മു കണ്ടത്……അവൾ ചുവന്ന ഒരു ധാവണിയും ,കറുപ്പിൽ പുള്ളിയുള്ള പാവാടയും ആയിരുന്നു വേഷം….എനിക്കരികിലേക്ക് ചിരിയോടെ വേഗത്തിൽ വന്നു….
” തിരക്കായോണ്ടാട്ടോ ഏട്ടാ ….ഒന്നും തോന്നല്ലേ…!! നിത്യയുടെ ഒപ്പം നിന്നോളൂ , തെരക്കൊഴിഞ് ഞാൻ വേഗം വരാട്ടോ…”
അവൾ എന്നോട് കെഞ്ചുന്ന മുഖഭാവത്തിൽ പറഞ്ഞു….വാലിട്ട് കണ്ണെഴുതി , മുടി പരത്തിയിട്ടു നിറചിരിയോടെ നിൽക്കുന്ന അവളോട് ഞാൻ ഏതോ സ്വപ്‌നത്തിൽ നിന്നെന്ന പോലെ തലയാട്ടി…..അവൾ വന്നപ്പോൾ ആ ഭംഗി കൊണ്ട് പൊളിഞ്ഞ വായ അടക്കാൻ വരെ ഞാൻ മറന്നുപോയി …ഇതിപ്പോ ഈ പെണ്ണിന് ദിവസോം ദിവസോം ഭംഗി കൂടുവാണോ ,സ്നേഹം കൊണ്ട് കൂടിവരുന്നതായിട്ട് എനിക്ക് തോന്നുന്നതാണോ ….ആവൊ ,ആർക്കറിയാം ..!!അമ്മു തിരികെ പോയിട്ടും വായ അടക്കാതെ ഇരുന്ന എന്നെ നിത്യ എളിക്ക്കുത്തി അടപ്പിച്ചു………
” ടീ …..അതേയ് ……സത്യത്തിൽ അമ്മൂന് ഭംഗി ദിവസോം ദിവസോം കൂടി വരുന്നുണ്ടോ….”
ഞാൻ അവളോട് ചെവിയിൽ സ്വകാര്യമായി ചോദിച്ചു….
” അത് മനുവേട്ടന്റെ കണ്ണിന്റെ കൊഴപ്പം കൊണ്ട് തോന്നുന്നതാ…അവൾ പണ്ടും ഇപ്പളും ഒക്കെ ഉള്ളത് ഒരേ ഭംഗി തന്നെയാ….ദിവസോം ദിവസോം കൂടാൻ ഇതെന്താ വല്ല വിലനിലവാരപ്പട്ടിക വല്ലോം ആണോ…?? ”
അവൾ ഒരു പുച്ഛത്തോടെ എന്റെ മുഖത്ത് നോക്കി പറഞ്ഞു ….ആഹാ …ബെസ്റ്റ് , നല്ല ആളോടാണ് ഞാൻ ചോദിച്ചത്…തിരിച്ചും ഒരു പുച്ഛമിട്ടു ഞാൻ വേറെ ഭാഗത്തേക്ക് നോക്കി….
” എനിക്ക് വെശക്കുന്നുണ്ടല്ലോ മനുവേട്ടാ …….”
സദ്യയുടെ മണം വരാൻ തുടങ്ങിയപ്പോൾ അവൾ വയറിൽ മെല്ലെ ഉഴിഞ്ഞു മുഖം ചുളിച്ചു എന്നോട് കെഞ്ചി പറഞ്ഞു…