എന്താ…. ആചാര്യാ…. ഒന്നു പറയോ…
ഓംകാര ചിഹ്നവുമായി പിറന്നവനെ മരണം വേട്ടയാടും എന്നത് അങ്ങേക്കുമറിയാലോ…..
അതിന്, അവനെന്താ…. പറ്റിയത്.
അവന് ഒന്നും പറ്റിയിട്ടില്ല, നമ്മുടെ ഈ മണ്ണിലെ ആദ്യ മൃത്യു യോഗം അവൻ തരണം ചെയ്തു. രണ്ടാമത്തെത്, ആ മണ്ണിലെ ആദ്യ മൃത്യു യോഗം അവനെ തേടി വരുന്നുണ്ട്.
ആചാര്യാ……
അതെ, ഒരു നാൽക്കാലിയാണ്, ആ ജീവൻ അപഹരിക്കാൻ നിയോഗിക്കപ്പെട്ടത്.
ആചാര്യാ…….
വിശപ്പിനെ മറി കടക്കാൻ ചെയ്യുന്ന ഹത്യ, പാപമുക്തമായ പ്രവർത്തി. പ്രകൃതി നിയമം . പ്രകൃതി അനുവദിച്ച മരണം അവനെ കാത്തിരിക്കുന്നു.
ഒരു നാൽക്കാലിക്കവൻ ഇരയാകുമെന്നാണോ അങ്ങു പറയുന്നത്.
അതിനുത്തരമായി ആചാര്യൻ ഒന്നും പറഞ്ഞില്ല. മൗനം പൂണ്ടു നിന്ന ആചാര്യനെ കാണുമ്പോൾ രാജൻ കൂടുതൽ ഭീതിയോടെ ചോദിച്ചു.
ഒരു മാർഗ്ഗവും ഇല്ലേ… ആചാര്യാ…..
ശിവഹിതം അതു നടക്കും, കാലത്തിനും അതീതനല്ലേ ശിവൻ.
ആചാര്യൻ ഒന്നും പറഞ്ഞില്ല
പറഞ്ഞല്ലോ…. രാജന് മനസിലായില്ല. ശിവൻ്റെ ഇച്ഛയില്ലാതെ ഒരു കാറ്റു പോലും അനങ്ങില്ല. അവൻ മരിക്കണം എന്നാണ് ശിവ ഹിതം എങ്കിൽ അതിനെ തിരുത്താൻ ശിവനു മാത്രം കഴിയൂ…….
ആചാര്യ…….
സമയമില്ല രാജൻ എനിക്കു പൂജകൾ തുടങ്ങണം.
മറുവാക്കിനു കാത്തു നിൽക്കാതെ ആചാര്യർ മഹാകാല ക്ഷേത്രത്തിലേക്ക് പോയി. വർണ്ണശൈല്യത്ത് ഇന്ന് മഹാകാല പൂജ നടക്കുകയാണ്. കുഞ്ഞിൻ്റെ പ്രാണരക്ഷാർത്തം.
🌟🌟🌟🌟🌟
ഇരുണ്ടലോകം അനന്തസാഗരത്തിൽ നിലകൊള്ളുന്ന മറ്റൊരു ദ്വീപ്, ഹിംസയുടെ ഒരു ലോകം. കാലകേയർക്ക് അടിമകളായ നരഭോജികളുടെ വാസസ്ഥലം. പേരു പോലെ അന്ധകാരം മാത്രം നിറഞ്ഞ ലോകം. വികൃതവും വിചിത്രവുമായ കാഴ്ച്ചകൾ മാത്രം ഇവിടെ മുഴുവൻ.
സ്വയം പ്രകാശിക്കുന്ന, എന്നാൽ അന്ധകാരത്തെ കീറിമുറിക്കാൻ കെൽപ്പില്ലാത്ത, നിറമില്ലാത്ത സസ്യങ്ങൾ ഇവിടത്തെ സവിശേഷതയാണ്.