കിനാവ് പോലെ 7 [Fireblade]

Posted by

” അത് നിന്റെ തോൽക്കാൻ ഇഷ്ടല്ലാത്ത മനസ് കണ്ടിട്ടാണ് പെണ്ണെ…..നീ വൈകല്യമുള്ള കുട്ടിയാണെന്ന് നീ കാര്യമാക്കിയില്ല , പക്ഷെ നിന്റെ കാലിനുള്ള വൈകല്യം മനസിലില്ലാത്തതു കൊണ്ട് വേറാർക്കും ഭാരമാവരുതെന്നു നീ കരുതി…..പക്ഷെ……ഞാൻ അങ്ങനെയൊന്നും അല്ല പെണ്ണെ , എനിക്ക് എന്നും പേടിയായിരുന്നു , ജീവിക്കാനും , സംസാരിക്കാനും , മോഹിക്കാനും , ആരോടെങ്കിലും ദേഷ്യപ്പെടാനും എല്ലാത്തിനും……എന്റെ കുറവുകളെ മറ്റുള്ളവരെക്കാൾ കൂടുതൽ ബുദ്ധിമുട്ടിച്ചത് എന്നെത്തന്നെയാണ് .., എന്റെ രൂപം ,നിറം , സാമ്പത്തികം എല്ലാം എനിക്കെന്നും ആത്മവിശ്വാസക്കുറവ് ഉണ്ടാക്കി ….എന്തിനാ ഏറെ ….. ചെയ്യാത്ത തെറ്റിന്റെ പേരിൽ ഇഷ്ടപ്പെട്ട കുട്ടി ക്യാമ്പസ്സിലെ എല്ലാരുടെം മുന്നിൽ വെച്ചു നാണം കെടുത്തിയപ്പോൾ പോലും ഞാനല്ല ചെയ്തതെന്ന് മറുത്തുപറയാൻ എനിക്ക് കഴിഞ്ഞില്ല…..ആ എനിക്ക് നിന്നെ കിട്ടിയത് എന്റെ അമ്മയുടെ പ്രാർത്ഥനകൊണ്ടാണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം …..”

ഞാൻ ഇടറിക്കൊണ്ട് പറഞ്ഞു നിർത്തി നിശ്വസിച്ചപ്പോൾ ധൈര്യം തരാനെന്ന പോലെ അവൾ അവളുടെ തുടയിലുണ്ടായിരുന്ന എന്റെ കയ്യിൽ കയ്യമർത്തി……

 

” നീ പറഞ്ഞില്ലേ നിന്റെ നെഞ്ചിൽ ഞാൻ നോക്കിയ കാര്യം …….അതിനു ശേഷമുള്ള കുറച്ചു ദിവസങ്ങൾ നിന്നോട് മിണ്ടാഞ്ഞതും കാണാൻ കൂട്ടാക്കാഞ്ഞതും ദേഷ്യമുള്ളത്കൊണ്ടല്ല …..അന്നത്തെ നിന്റെ നോട്ടം എന്റെ ഉള്ള് പൊള്ളിച്ചു ……..അതിനുള്ള മറുമരുന്ന് നീ തന്നെ തന്നതുകൊണ്ടു സമാധാനമായി ………ഈ ലോകത്ത് ഇനി മറ്റൊന്നിനും വേണ്ടി നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് സാധിക്കില്ല അമ്മുട്ട്യേ …….നമുക്ക് ഇനി മുൻപിലുള്ള വർഷങ്ങൾ മുഴുവൻ എടുത്ത്‌ ബാക്കി എല്ലാവരെയും സമ്മതിപ്പിക്കാം ……..എന്റെ അമ്മയെയും ,നിന്റെ അച്ചനേം അമ്മയേം എല്ലാം ……..എനിക്ക് ഈ ജന്മം ഒരു ജീവിതമുണ്ടെങ്കിൽ അത് നിന്റെ കൂടെ മതി……അതിനു വേണ്ടി ഇവിടുന്നങ്ങോട്ട് ഞാനൊന്നു പരിശ്രമിക്കാൻ പോവുകയാ ….നീ കട്ടക്ക് കൂടെ നിന്നോണം ….”

ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞപ്പോൾ സങ്കടം കൊണ്ടാണെന്ന് തോന്നുന്നു അവൾ ചുണ്ടുകൾ കടിച്ചുപിടിച്ചു …പിന്നെ എന്റെ തോളിലേക്ക് അവളുടെ തോൾ ചേർത്തു

 

” ഏട്ടാ …….ഏട്ടനറിയോ …..
എനിക്ക് വേണ്ടി ഒരാൾ ഇങ്ങനെ കാത്തിരിക്കാൻ ഉണ്ടാകുമെന്നൊക്കെ സ്വപ്‌നത്തിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല …..പക്ഷെ പ്രാർത്ഥിച്ചിരുന്നു , എന്നെ മനസിലാക്കാനും കുറവുകൾ വെച്ചു സ്നേഹിക്കാനും പറ്റുന്ന ഒരാൾ ഉണ്ടാവണേ എന്ന് ….
ഏട്ടൻ പറഞ്ഞില്ലേ എന്റെ വാശിയെപ്പറ്റി …..പേടിച്ചിട്ടായിരുന്നു ഏട്ടാ …….എന്റെ അച്ഛനും അമ്മേം എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് , അവര്ക്കും വയസായി വരുവല്ലേ , ചട്ടുകാലിയായ ഞാൻ അവർക്കൊരു ഭാരമാവുമോ എന്നുള്ള പേടിയാരുന്നു എനിക്ക് ……കാവ്യെച്ചിയെ ഏട്ടൻ കണ്ടില്ലേ അതുപോലെ അല്ലെങ്കിൽ അതിനെക്കാൾ സുന്ദരിയാണ്‌ കുഞ്ഞേച്ചി …….നല്ല സ്മാർട്ട്‌ ആയ അവരുടെ ഇടയിൽ ഞാനൊരു അധികപ്പറ്റാണ് , അച്ഛനും അമ്മയ്ക്കും ഒഴികെ മറ്റാർക്കും എന്നെ ഒന്നിനും വേണ്ടി വരാറില്ല…….ഇത്തിരി കഷ്ടപെട്ടാണേലും പഠിച്ചു ഒരു ജോലി വാങ്ങിയാൽ ആർക്കും വേണ്ടെങ്കിലും അച്ചനേം അമ്മയേം നോക്കി അവരുടെ കൂടെ ജീവിക്കാലോ എന്ന് കരുതിയാ എല്ലാം ……….അച്ഛൻ എപ്പളും പറയും അച്ഛന്റെ കുട്ടിയെ പൊന്നുപോലെ നോക്കാൻ ഒരാൾ വരും ന്ന്……..ഏട്ടൻ അന്ന് പ്രൊപ്പോസ് ചെയ്തപ്പോൾ ഞാൻ ഞെട്ടിപ്പോയി…., എനിക്ക് നിത്യ പറഞ്ഞുതന്നിട്ടുണ്ട് ഏട്ടൻ ഒരു പാവമാണെന്നും , നന്നായി ചിത്രം വരക്കുമെന്നുമൊക്കെ…….ആദ്യദിവസം പത്രമിടാൻ വന്നപ്പോൾ തന്നെ എനിക്ക് ആളെ മനസ്സിലായിരുന്നു …….ഇപ്പൊ ആലോചിക്കുമ്പോ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു……”

Leave a Reply

Your email address will not be published. Required fields are marked *