“എന്നോടല്ല. വാണി മിസ്സിനോടും അഖിലിനോടും പറ നിന്റെ മാപ്പ് ”
അതിന് മറുപടി ഒന്നും പറയാതെ നിതിൻ നിലത്തേക്ക് നോക്കി നിന്നു
“പറഞ്ഞത് കേട്ടില്ലേ… പറയടാ മാപ്പ് ”
“മിസ്സേ… സോറി ”
മാളു അതിനു മറുപടി ഒന്നും പറഞ്ഞില്ല,
“അഖിലേ സോറി ”
എനിക്കാ സമയത്തു അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു പക്ഷെ അപ്പൊ ജയൻ സാർ അവിടെ നിന്നത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല
“ഇനി എന്ത് കാഴ്ച കാണാൻ നിക്കുവാ എല്ലാം ക്ലാസ്സിൽ പോകാൻ നോക്ക്, പിന്നെ നിതിനും അനന്തുവും എന്നെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി ഞാൻ പ്രിൻസിപ്പൽ ന്റെ ഓഫീസിൽ ഉണ്ടാകും ”
നിതിൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല. ആ വീഡിയോ കയ്യിൽ കിട്ടുമ്പോൾ അവൻ അതിന് ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിച്ചുകാണില്ല. എല്ലാവരുടെയും മുന്നിൽ ഞങ്ങളെ നാണം കെടുത്താം എന്നെയും ലച്ചുവിനെയും തമ്മിൽ പിരിക്കാം ഇതൊക്കെ ആയിരുന്നിരിക്കാം അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്
“സർ… ഞാൻ ഇന്ന് കേറുന്നില്ല ”
മാളു പതിയെ കരഞ്ഞുകൊണ്ട് തന്നെ ജയൻ സാറിനോട് പറഞ്ഞു
“മിസ്സേ അതൊക്കെ കഴിഞ്ഞില്ലേ… വിട്ടുകള”
“അതല്ല സാർ ഞാൻ ഇന്ന് കയറിയാലും എനിക്ക് ക്ലാസ്സ് ഒന്നും എടുക്കാൻ സാധിക്കില്ല. മനസ് ശരിയല്ല ”
“ഹ്മ്മ്, എന്നാൽ ശരി മിസ്സ് ചെല്ല്… അഖിലേ മിസ്സിനെ കൊണ്ട് വിട്ടിട്ട് വാ ”
“ശരി സാർ… ”
എല്ലാവരും പിരിഞ്ഞുപോകുന്ന സമയത്താണ് ഞാൻ ഞങ്ങളുടെ ചുറ്റും കൂടിയിരുന്ന ആളുകളെ ശ്രദ്ധിക്കുന്നത്. അതിൽ അരുൺ ചേട്ടനും അനുചേച്ചിയും അടക്കം എന്റെ സീനിയർസ് കുറെ പേര് ഉണ്ടായിരുന്നു. ഒരു നിമിഷം എങ്കിലും അവർ എന്നെ തെറ്റിദ്ധരിച്ചല്ലോ എന്നൊരു വിഷമം എനിക്കാ സമയത്തും ഉണ്ടായി
മാളു ചേച്ചിയെ വീട്ടിൽ വിട്ട് തിരിച്ചു വരുമ്പോൾ നിതിനിട്ടു രണ്ടെണ്ണം കൊടുക്കണം എന്നുറപ്പിച്ചു തന്നെയാണ് ഞാൻ വണ്ടി ഓടിച്ചത്. വണ്ടിയിൽ കയറി വീട്ടിൽ എത്തുന്നത് വരെ മാളുചേച്ചി ഒന്നും സംസാരിച്ചില്ല എന്നാലും അവളുടെ കണ്ണുനീർ എന്റെ പുറം നനക്കുന്നുണ്ടായിരുന്നു
രാവിലെ ചെടി നനക്കുകയായിരുന്ന ആന്റിയുടെ മുന്നിലേക്കാണ് ഞാൻ വണ്ടി ഓടിച്ചു കയറ്റി നിർത്തിയത്. വണ്ടി നിർത്തിയതും മാളു ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് ഉള്ളിലേക്കു പോയി
രാവിലെ ക്ലാസ്സിൽ പോയ രണ്ടുപേരും ഇപ്പൊ തന്നെ തിരിച്ചുവന്നത് എന്താ എന്ന് മനസ്സിലാകാതെ ആന്റി ചെടി നനച്ചുകൊണ്ടിരുന്ന ഹോസും അവിടെ ഇട്ടിട്ട് എന്റെ അടുത്തേക്ക് നടന്നു വന്നു
“ഡാ എന്താ പറ്റിയെ… അവൾ എന്തിനാ കരഞ്ഞോണ്ട് പോയത്… വീണ്ടും രണ്ടും തമ്മിൽ ഉടക്കിയോ ”
ഞാൻ നടന്നത് മുഴുവൻ ആന്റിയോട് പറഞ്ഞു. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ ആന്റിയുടെ മുഖത്തും ദേഷ്യം വന്നു. പിന്നെ പതിയെ നടന്നു അകത്തേക്ക് പോയി പിന്നാലെ തന്നെ ഞാനും പോയി..