ഞാൻ ആ മൂടിക്കെട്ടിയ അന്തരീക്ഷം ഒന്ന് മഴയപ്പെടുത്താൻ ചോദിച്ചതാണ് പക്ഷെ അതുകൊണ്ടൊന്നും മാറുന്നതായിരുന്നില്ല ആന്റിയുടെ ദേഷ്യവും സങ്കടവും
“ആ… അല്ല നിനക്കിന്നു ക്ലാസ്സ് ഇല്ലേ… എന്താ ഈ സമയത്ത് ”
“ക്ലാസ്സ് ഒക്കെയുണ്ട്, ഞാൻ കേറിയില്ല ആന്റിയെ കാണാൻ വന്നതാ ”
എന്റെ കൂടെ മാളുചേച്ചി ഉള്ള കാര്യം ഞാൻ മനപ്പൂർവം തന്നെ പറഞ്ഞില്ല
“എന്താ ഇപ്പൊ ക്ലാസ്സ് കട്ട് ചെയ്തിട്ട് പോന്നത്… അല്ല നിന്റെ മുഖത്ത് എന്ത് പറ്റി… ആരാ നിന്നെ അടിച്ചത് ”
അപ്പോഴാണ് ഞാനും അത് ഓർക്കുന്നത്. മാളു ചേച്ചി അടിച്ചതിന്റെ പാടാവും… അതിലും വലിയ വേദന മനസ്സിൽ കിടന്നത് കൊണ്ട് അടിച്ച വേദന ഒന്നും ഒരു വേദനയായി തോന്നിയില്ല
“അതൊന്നുമില്ല… ”
“ഒന്നുമില്ലാതെയാണോ മുഖത്തു പാട് വന്നത്, അഞ്ചു വിരലും തെളിഞ്ഞു കാണാം ”
എന്റെ ഇടത്തെ കവിളിൽ തടവിക്കൊണ്ടായിരുന്നു ആന്റിയുടെ സംസാരം
“ഞാൻ എല്ലാം പറയാം. അതിനു മുൻപ് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ”
“മ്മ് പറ ”
“അത് പിന്നെ…. മാളുചേച്ചിയുടെ കാര്യമാണ് ”
ഞാൻ അത് പറഞ്ഞപ്പോൾ ഒന്നും കേൾക്കാൻ താല്പര്യമില്ലെന്നപോലെ ആന്റി മുഖം തിരിച്ചു
“ആന്റി പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കു… ”
“ആ നീ പറഞ്ഞോ ഞാൻ കേൾക്കാം ”
വീണ്ടും കഴുകാനുള്ള പാത്രവും കയ്യിലെടുത്തുകൊണ്ടായിരുന്നു ആന്റിയുടെ മറുപടി, ഞാൻ ആ പാത്രം കയ്യിൽ നിന്നും വാങ്ങി സിങ്കിൽ തന്നെ ഇട്ടിട്ട് ആന്റിയെ എന്റെ നേരെ തിരിച്ചു നിർത്തി
“ഇനി എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് പാത്രം കഴുകിയാൽ മതി ”
അത്രയും പറഞ്ഞു കഴിഞ്ഞാണ് ഞാൻ ആന്റിയുടെ മുഖത്തേക്ക് നോക്കുന്നത്. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു നിറഞ്ഞ കണ്ണുകൾ എന്നിൽ നിന്നും മറയ്ക്കാൻ വേണ്ടി ആയിരുന്നു തിരിഞ്ഞു നിന്നതും പാത്രം കഴുകാൻ തുടങ്ങിയതും
“അയ്യേ… എന്റെ ലീലക്കുട്ടി പറയുവാ… എന്തിനാ കരയുന്നെ..”
എന്റെ ആ ചോദ്യം കൂടെ ആയപ്പോൾ അത്രയും നേരം അടക്കിപ്പിടിച്ചിരുന്ന കണ്ണുനീർ മുഴുവൻ ആ കവിളിൽ കൂടി ഒഴുകിയിറങ്ങി, ഞാൻ ആ രണ്ടു കവിളിലെയും കണ്ണുനീർ തുടച്ചിട്ട് ആന്റിയെ അടുത്തിരുന്ന സ്റ്റൂളിൽ പിടിച്ചിരുത്തി
“ഇനി ഞാൻ പറയാതെ എഴുന്നേൽക്കരുത് ”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ആ ചുണ്ടിലും ചെറിയൊരു ചിരി വന്നു
“ഇല്ല ഞാൻ എഴുന്നേൽക്കില്ല നീ പറ ”
“ഞാൻ പറയുന്നത് കേട്ട് ചൂടാകുകയും ചെയ്യരുത് ”
“അതുറപ്പ് പറയാൻ പറ്റില്ല ”