പ്രാണേശ്വരി 8 [പ്രൊഫസർ]

Posted by

“ഡാ ആ കൊച്ചിന്റെ ഫോട്ടോ ഉണ്ടോ കയ്യിൽ ”

ചേച്ചിയുടെ ചോദ്യത്തിന് എന്റെ ഫോണിൽ ഉണ്ടായിരുന്ന അവളുടെ ഫോട്ടോ കാണിച്ചാണ് ഞാൻ മറുപടി കൊടുത്തത്. ഞാൻ ഫോട്ടോ കാട്ടിയതും അമ്മയും ചേച്ചിയുടെ കൂടെ കൂടി ആ ഫോട്ടോ നോക്കാൻ തുടങ്ങി

എനിക്ക് ആ സമയത്തും ടെൻഷൻ ആയിരുന്നു അവരുടെ മുഖത്തായിരുന്നു എന്റെ ശ്രദ്ധ, ഫോട്ടോ കണ്ടിട്ട് ചേച്ചി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി

“നിനക്ക് ചേരില്ല ”

ചേച്ചിയുടെ മറുപടി എന്നെ ഒന്ന് വിഷമിപ്പിച്ചു. എന്നെ നോക്കി ചിരിച്ചു കൊണ്ട് ചേച്ചി തുടർന്നു

“ആ കുട്ടിക്ക് നിന്നെക്കാൾ നല്ല ചെക്കനെ കിട്ടും. എവിടെ നോക്കിയാണോ നിന്നെപ്പോലൊരു പൊട്ടനോട് ഇഷ്ടം തോന്നിയത് പോലും ”

ഇതാണ് എന്റെ പെങ്ങൾ. എന്നെ കളിയാക്കലാണ് മെയിൻ ഹോബി. സാധാരണ പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ എങ്കിലും മാറും ഇതിനു യാതൊരു മാറ്റവുമില്ല. അളിയനും അതിനൊരു കാരണമാണ്

അളിയൻ ആളൊരു പാവമാണ് ചേച്ചി എന്ന് പറഞ്ഞാൽ ജീവനാണ്. എന്നെയും വല്യ കാര്യമാ എന്റെ വായി നോട്ടത്തിന്റെ പാർട്ണർ ആയിരുന്നു അളിയൻ. ഏതെങ്കിലും നല്ല കുട്ടികളെ കണ്ടാൽ എനിക്ക് കാണിച്ചു തരും. അതിനെ നോക്കിക്കോടാ നല്ല കുട്ടിയാ എന്നൊക്കെ പറഞ്ഞു വെറുതെ മോട്ടിവേറ്റ് ചെയ്യും.

ചേച്ചിയുടെ കളിയാക്കലിന് ഒരു പുച്ഛം കൊടുത്ത് പതിയെ ഞാൻ അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നു, അമ്മ തലയിൽ മുടിയുടെ ഇടയിലൂടെ തടവുന്നുണ്ട് അതിന്റെ ഇടയ്ക്കു തലയിൽ നഖം കൊണ്ട് കുത്തി ഒരു ഒച്ച ഉണ്ടാകും അമ്മക്ക് മാത്രം അറിയാവുന്ന ഒരു വിദ്യ, ആരെങ്കിലും കേട്ടാൽ പേൻ കൊല്ലുകയാണെന്നേ തോന്നു. പക്ഷെ നല്ല സുഖമാണ് അതിന്

. പിന്നെയും ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോൾ അമ്മയുടെ മസ്സാജിങ് ന്റെ ഫലമായി ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു. രാവിലെ അമ്മയുടെ വിളി കേട്ടാണ് എഴുന്നേൽക്കുന്നത്

ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ ഒരു കാര്യവും ഇല്ലെങ്കിലും അമ്മ രാവിലെ ആറരക്ക് തന്നെ എഴുന്നേൽപ്പിച്ച് ചായ തരും, ചിലപ്പോൾ ആ ചായയും കുടിച്ച് വീണ്ടും കിടന്നുറങ്ങും, ഇന്നും അത് തന്നെ ആയിരുന്നു ഉദ്ദേശം അതിനിടയിൽ വെറുതെ ഒന്ന് ഫോൺ എടുത്തു നോക്കി

ലച്ചു വിന്റെ 27 മിസ്സ്‌ കാൾ, അത് കണ്ടപ്പോളാണ് ഇന്നലെ അവളോട് അധികം സംസാരിച്ചില്ല എന്നും രാത്രി അറിയാതെ ഉറങ്ങിപ്പോയതാണെന്നും ഓർമ വരുന്നത്. അവസാനത്തെ കാൾ രാവിലെ 1.14നു ആണ് വന്നിരിക്കുന്നത്. അപ്പൊ ഈ പിണക്കം മാറ്റാൻ ഞാൻ കുറച്ചു കഷ്ടപ്പെടും എന്നുറപ്പായി. എന്തായാലും ഒന്ന് വിളിച്ചു നോക്കാൻ ഉറപ്പിച്ചു

അവൾക്കു ഡയൽ ചെയ്ത് ഒരു പ്രാവശ്യം മുഴുവനായും അടിച്ചു തീർന്നിട്ടും അവൾ എടുത്തില്ല. ഉറങ്ങുകയായിരിക്കും ശല്യപ്പെടുത്തേണ്ട എന്ന് കരുതി പിന്നെ വിളിക്കാൻ നിന്നില്ല.

പിന്നെ ഉറങ്ങാനും തോന്നാത്തത് കൊണ്ട് കുറച്ചു സമയം കൂടെ ഫോണിൽ പണിതു. പിന്നെ പല്ല് തേപ്പ് കഴിഞ്ഞു ഹാളിലേക്ക് ചെന്നു ഹാളിൽ ആരെയും കാണാത്തപ്പോൾ ഉറപ്പിച്ചു എല്ലാം അടുക്കളയിൽ ആയിരിക്കും എന്ന്. ഞാൻ ആ ഹാളിൽ നിന്നു തന്നെ വിളിച്ചു കൂവി

“അമ്മേ വിശക്കുന്നു കഴിക്കാൻ വല്ലതും താ ”

ഞാൻ പറഞ്ഞത് അമ്മയോട് ആണെങ്കിലും മറുപടി തന്നത് കുഞ്ഞാറ്റ ആണ്.അവൾ എഴുന്നേറ്റിട്ടില്ലായിരുന്നു എന്റെ അലർച്ച കേട്ട് ഉറക്കം ഉണർന്ന പെണ്ണ് കിടന്നു കരയാൻ തുടങ്ങി. അറിയാതെ ചെയ്തതാണെങ്കിലും ചേച്ചിക്ക് ഒരു പണി കൊടുത്തപ്പോൾ ഒരു ചെറിയ സന്തോഷം, കൊച്ചിന്റെ കരച്ചിൽ കേട്ട് അടുക്കളയിൽ നിന്നും ഇറങ്ങി വന്ന ചേച്ചി എന്നെ നോക്കി ദഹിപ്പിച്ചുകൊണ്ട് മുറിയിലേക്ക് പോയി. ചേച്ചി പോയ ഉടനെ അമ്മയും വന്നു വഴക്ക് പറഞ്ഞു.

പിന്നെ അന്നത്തെ ദിവസം മുഴുവൻ അടിപൊളി ആയിരുന്നു ഞാനും അമ്മയും ആന്റിയും ചേച്ചിമാരും കൂടി ഒരു ആഘോഷമായിരുന്നു. അച്ഛൻ പിന്നെ രാവിലെ തന്നെ എങ്ങോട്ടോ പോയി..

Leave a Reply

Your email address will not be published. Required fields are marked *