സ്ത്രീജനങ്ങൾ മൂന്നും അടുക്കളയിൽ ആണെന്ന് തോന്നുന്നു. അവിടെ നിന്നും സംസാരം കേൾക്കാം. അച്ഛന്റെ ഒപ്പം ഇരുന്നു വാർത്ത കാണാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് അടുക്കളയിലേക്ക് നടന്നു. അടുക്കള എത്താറായതും അവർ സംസാരിക്കുന്നത് കേൾക്കാൻ സാധിച്ചു
” പാവം കുട്ടിയാ ആന്റി, നല്ല അടക്കവും ഒതുക്കവും ഒക്കെ ഉണ്ട് ”
മാളു ചേച്ചിയുടെ ഒച്ച ആണ്, ആന്റി എന്ന് വിളിച്ചു സംസാരിക്കുന്നതു കൊണ്ട് പറയുന്നത് അമ്മയോടാണ് എന്നും മസസ്സിലായ്. ഏതോ ഒരു പെൺകുട്ടിയെ കുറിച്ചാണ് പറയുന്നത്. ഇനി ലച്ചുവിനെ കുറിച്ചെങ്ങാനും ആണോ… എന്തായാലും അതുറപ്പിച്ചിട്ടു അകത്തേക്ക് പോകാം എന്ന് തീരുമാനിച്ച് അവരുടെ അടുത്ത സംഭാഷണത്തിനായി കാതോർത്തു
“എന്നാലും ഇതൊക്കെ നടക്കുമോ… ഇതൊക്കെ ഈ പ്രായത്തിന്റെ വെറും തോന്നലുകൾ ആണെങ്കിലോ ”
അമ്മയുടെ മാളു ചേച്ചിയോടുള്ള മറുചോദ്യത്തിൽ അവർ സംസാരിക്കുന്നത് ഞങ്ങളെ കുറിച്ചാണെന്നു ഉറപ്പായി. ഇനി അങ്ങോട്ട് കയറി ചെന്നാൽ വടി കൊടുത്തു അടി വാങ്ങുന്നതിനു തുല്യമാകും എന്നുറപ്പായി, എന്നാലും കുറച്ചു സമയം കൂടെ അവര് പറയുന്നത് കേൾക്കാൻ അവിടെ തന്നെ നിന്നു
“അതറിയില്ല ആന്റി എന്നാലും ആ കുട്ടി ഒരു പാവമാ കഴിഞ്ഞ ഒരു വർഷമായി എനിക്കാ കുട്ടിയെ നന്നായി അറിയാം”
“എന്തായാലും എനിക്ക് കുഴപ്പമില്ല പക്ഷെ അവസാനം അവൻ കരയാൻ ഇട വരാതെ ഇരുന്നാൽ മതി. അവൻ ഒരു പാവമാ പെട്ടന്ന് സങ്കടം വരും ”
“അങ്ങനെ ഒന്നും ഉണ്ടാകില്ല ആന്റി, ”
“ഹ്മ്മ് ”
“പിന്നെ ഇപ്പൊ അവൻ അവിടെ ഉള്ളത് ഞങ്ങൾക്ക് ഒരു സന്തോഷമാ, അവൻ വന്നതിൽ പിന്നെയാ ഞങ്ങൾക്കും ആരെങ്കിലും ഉണ്ടെന്നുള്ള തോന്നൽ വന്നത് ”
അവരുടെ സംഭാഷണം പയ്യെ സെന്റിയിലേക്കു കടക്കുകയാണ് ഇനി ഇവിടെ നിന്നാൽ അവർ എന്നെ കൂടെ കരയിക്കും എന്നുറപ്പായി അപ്പോ പിന്നെ തിരിച്ചു ഹാളിലേക്ക് പോന്നു… അച്ഛൻ വാർത്ത കണ്ടുകൊണ്ട് ഇരിക്കുന്നതിന്റെ അടുത്ത് തന്നെ ഞാനും ഇരുന്നു
“എങ്ങനെ ഉണ്ടെടാ കോളേജ് ഒക്കെ ”
അച്ഛൻ tv യിൽ നിന്നും കണ്ണെടുക്കാതെ തന്നെ എന്നോട് ചോദിച്ചു.
“കുഴപ്പമല്ലച്ഛാ… ”
“അവിടെ രാഷ്ട്രീയ പ്രവർത്തനം ഒക്കെ എങ്ങനെ ഉണ്ട് ”
ഇതാണ് കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ ആണെന്ന് പറയുന്നത്…
അച്ഛൻ നല്ല ഒരു രാഷ്ട്രീയ പ്രവർത്തകൻ ആണ്, ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ് എന്റെ അച്ഛനാണ്. നാട്ടുകാര്യം നോക്കാൻ നടന്നു വീട് നോക്കാൻ മറന്നു പോയ ഒരുപാട് സഖാക്കന്മാരിൽ ഒരാൾ.ആൾ ഒരു പരോപകാരി ആണ് നാട്ടുകാരുടെ എന്ത് കാര്യത്തിനും അച്ഛൻ മുന്നിൽ തന്നെ ഉണ്ടാകും ഒരു കാര്യത്തിനും ആരുടെ കയ്യിൽ നിന്നും ഒരു രൂപ പോലും വാങ്ങില്ല.
അധികമായാൽ അമൃതും വിഷം എന്നാണല്ലോ..
അച്ഛന്റെ രാഷ്ട്രീയ പ്രവർത്തനവും വീടിന്റെ അവസ്ഥയും കണ്ടു വളർന്നത് കൊണ്ടാവാം ഞാൻ ഒരു പാർട്ടിയിലും പ്രവർത്തിക്കില്ല എന്ന ഉറച്ച തീരുമാനം ഞാൻ പണ്ടേ എടുത്തിരുന്നു. എന്നാലും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളോട് ഒരു ആരാധന ഉണ്ട്
“അവിടെ രാഷ്ട്രീയം അത്ര ശക്തമല്ലച്ഛാ ”
“ഹ്മ്മ്… പിന്നെ പഠിക്കാൻ ഒക്കെ എങ്ങനെ ഉണ്ട് പാടാണോ ”