“അല്ലാടി കാര്യമായിട്ട്… ഞാൻ എല്ലാം പറഞ്ഞു ”
“ആഹാ എന്നിട്ട് അമ്മ എന്ത് പറഞ്ഞു…”
“ഞാൻ പറഞ്ഞില്ലേ എന്റെ അമ്മ പാവമാണ് എന്ന്… അമ്മക്ക് എന്റെ ഇഷ്ടമാണ് പ്രധാനം so no problem “.
“ഹ്മ്മ് ”
അവളുടെ ആ മൂളലിന് അത്ര ശക്തി ഇല്ലായിരുന്നു, അവളുടെ വീട്ടിൽ ഈ കാര്യം അവതരിപ്പിക്കുന്ന കാര്യം ഓർത്തതാവും
പിന്നെയും കുറെ സമയം അവളോട് സംസാരിച്ചതിന് ശേഷമാണ് അമ്മയുടെ ഒക്കെ അടുത്തേക്ക് ചെല്ലുന്നത്, ഞാൻ ചെന്ന ഉടനെ രണ്ട് ചേച്ചിമാരും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി. അവർക്കു സംഭവം മനസ്സിലായിട്ടുണ്ട് എന്തായാലും ഞാൻ അതിനെ പറ്റി ഒന്നും ചോദിക്കാൻ പോയില്ല നമ്മളായിട്ട് എന്തിനാ വെറുതെ ചോദിച്ചു വാങ്ങുന്നത്. അന്ന് ബാക്കി ഉള്ള സമയം മുഴുവൻ അവരോടൊപ്പം ചിലവഴിച്ചു. രാത്രി ആയപ്പോ അച്ചനും വന്നു
ആന്റിയും മാളു ചേച്ചിയും വന്നത് കൊണ്ട് അമ്മ സന്തോഷവതി ആണ് കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ഭക്ഷണവും കഴിച്ച് ലച്ചുവിനെ വിളിച്ചു സംസാരിച്ചു കൊണ്ടിരുന്നു ആ സംസാരം നിർത്തിയത് രാത്രി 12മണിക്കാണ്
വീട്ടിൽ എല്ലാവരും ഉള്ളപ്പോൾ സമയം പോകുന്നത് അറിയില്ല. വന്നിട്ട് രണ്ടു ദിവസം ആയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. തിരിച്ചു പോകാൻ സമയമാകുന്നു അതിന്റെ വിഷമം എല്ലാവരുടെ മുഖത്തും ഉണ്ട് എന്നെ പിരിയുന്നതിലല്ല ആന്റിയെയും മാളു ചേച്ചിയെയും പിരിയുന്നതിലാണ് അമ്മയ്ക്കും ചേച്ചിക്കും വിഷമം
“മാളു… മോളെ ഇടയ്ക്കു അമ്മയെയും കൂട്ടി ഇതുപോലെ ഇടയ്ക്കു വരണം കേട്ടോ ”
പോകാൻ തയാറായി ഇറങ്ങിയ മാളു ചേച്ചിയോട് അമ്മ സങ്കടത്തോടെ പറഞ്ഞു.
“വരാം ആന്റി ”
ആ സമയം കൊണ്ട് കുഞ്ഞാറ്റ അവരോടൊക്കെ കൂട്ടായി അപ്പോഴും പെണ്ണ് എന്റെ അടുത്തു മാത്രം അടുത്തിട്ടില്ല. ഞങ്ങൾ പോകാൻ ഇറങ്ങിയത് മനസ്സിലായിട്ടാണോ എന്തോ പെണ്ണ് കയ്യും കാലും എടുത്ത് എന്തൊക്കെയോ പറയുന്നുണ്ട്
“കുഞ്ഞാറ്റെ… ആന്റി പോയിട്ട് വരാട്ടോ.. ”
അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞാറ്റയുടെ കവിളിൽ തലോടി കൊണ്ട് അവൾ കുഞ്ഞാറ്റയോടും യാത്ര പറഞ്ഞു. ഈ സമയമത്രയും ആന്റിയും ചേച്ചിയുമായി എന്തൊക്കെയോ സംസാരിക്കുകയായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ വണ്ടിയിൽ കയറി മാളു ചേച്ചി നിർബന്ധിച്ചു എങ്കിലും ഞാൻ വണ്ടി ഓടിച്ചില്ല
വണ്ടി വീട്ടിൽ നിന്നും പോന്നതും ആന്റിയും മാളു ചേച്ചിയും സൈലന്റ് ആയി, എല്ലാവരെയും പിരിഞ്ഞതിൽ ഉള്ള വിഷമമാണ് ഈ അവസ്ഥയിൽ പോയാൽ ശരിയാകില്ല ഈ മൂഡ് മാറ്റാൻ എന്തെങ്കിലും ചെയ്യണമല്ലോ എന്നോർത്തപ്പോളാണ് മാളുവിന്റെ ഉണ്ണി ചേട്ടനെ കുറിച്ച് ഓർക്കുന്നത്.
“എടി ചേച്ചി… ഞാൻ നിന്റെ ഉണ്ണി ചേട്ടന്റെ കാര്യം ആന്റിയോട് പറയട്ടെ… നീ എന്റെ കാര്യം എല്ലാവരോടും പറഞ്ഞില്ലേ ”
ഞാൻ ആന്റി കേൾക്കാതെ പയ്യെ ആണ് ചോദിച്ചത്. അവൾ പെട്ടന്ന് ഞെട്ടി എന്നെ നോക്കി പിന്നെ തിരിഞ്ഞ് ആന്റിയെയും നോക്കി. ആന്റി കേട്ടില്ല എന്നറിഞ്ഞപ്പോളാണ് അവൾക്കു സമാധാനമായത്
“ചുമ്മാ ഇരി ചെക്കാ ”
“ആഹാ അതെന്ത് ന്യായം നിനക്ക് എന്തും ആകാം… ഞാൻ ഒന്നും പറയാൻ പാടില്ലേ ”