രാവിലെ ഉണർന്ന ഞാൻ കാണുന്നത് കട്ടിലിന്റെ ക്രാസിയിൽ തലയിണ വച്ചു അതിൽ ചാരി ഇരുന്ന് ഉറങ്ങുന്ന ഭദ്രയെയാണ്… സാധാരണ എനിക്ക് മുൻപേ എഴുന്നേൽക്കാറുള്ള ആളാ….. ആ ഇവളിതിന്താ ഇപ്പൊ ഇരുന്നുറങ്ങുന്നത് എന്ന് കരുതി ഭദ്രയെ വിളിച്ചുണർത്തുവാൻ അരികിലേക്ക് നടന്നു….പെട്ടന്ന് അടുത്ത് ആരുടേയോ സാമീപ്യം തിരിച്ചറിഞ്ഞെന്നപ്പോലെ ഞെട്ടിയുണർന്ന ഭദ്ര കാണുന്നത് തൊട്ട് അരികിൽ നിൽക്കുന്ന എന്നെയാണ്…….
ആ നിമിഷം ആ മിഴികളിൽ ഞാൻ കണ്ടത് ഭീതിയായിരുന്നു….
“”എന്താ……. ”’
എന്നെ കണ്ട് പേടിച്ചരണ്ട പോലെയായിരുന്നു ആ ചോദ്യം……അപ്പോഴും ഉറക്കം നിന്നതിന്റെ ക്ഷീണം മുഖത്ത് പ്രകടമായിരുന്നു….
“”ഒന്നുമില്ല… ഇങ്ങനെ ഇരുന്നുറങ്ങുന്നത് കണ്ട് വിളിച്ചതാ….താൻ ഇതിലും നേരത്തെ എഴുന്നേൽക്കാറുള്ളതല്ലേ…..””
ക്ലോക്കിലേക്ക് നോക്കിയ ഭദ്ര താൻ എഴുന്നേൽക്കാൻ ലേറ്റ് ആയെന്ന് മനസ്സിലായ പോലെ ഒന്നും മിണ്ടാതെ ബാത്ത് ടവലുമെടുത്ത് പെട്ടന്ന് കുളിക്കാൻ കയറി…..അവളുടെ അത്തരം പെരുമാറ്റരീതികൾ എനിക്ക് പരിചിതമായി തുടങ്ങിയിരുന്നതിനാൽ ഞാനത് കാര്യമാക്കാതെ ജോഗ്ഗിങിന് ഇറങ്ങി……ഭദ്രയുമായി പോലീസ് സ്റ്റേഷനിൽ പോകേണ്ടിയിരുന്നതിനാൽ ഞാൻ അന്ന് ലീവ് എടുത്തു….രാത്രി ലേറ്റ് ആയതിനാൽ ഫോൺ ചെയ്യാൻ നിൽക്കാതെ സെലിനോട് കാര്യം പറഞ്ഞു ഒരു മെസ്സേജ് ഇട്ടിരുന്നു തലേന്ന്….
ജോഗ്ഗിങ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ഏട്ടത്തി ആയിരുന്നു എനിക്ക് ഗ്രീൻ ടീ കൊണ്ട് തന്നത്…..കല്യാണം കഴിഞ്ഞ പിറ്റേ ദിവസം തൊട്ട് ഭദ്രയായിരുന്നു കൊണ്ട് തരാറ്….ഏട്ടത്തിയോട് ഭദ്രയെ തിരക്കിയെങ്കിലും അവൾ അടുക്കളയിൽ ആണെന്നു പറഞ്ഞു ഏട്ടത്തി പോയി…..ഏതോ ക്ലയന്റ്മായി മീറ്റിംഗ് ഉള്ളതിനാൽ ചേട്ടൻ അന്ന് നേരത്തെ പോയിരുന്നു….കുറച്ച് നേരം ദേവൂട്ടിയെയും കൊഞ്ചിച്ചിരുന്ന ഞാൻ റൂമിലേക്ക് ചെന്നു…
കാബോർഡിൽ നിന്ന് ബാത്‌ടവലുമെടുത്ത് തിരിയവേ ആണ് പുറകിൽ വന്നു നിൽക്കുന്ന ഭദ്രയെ ഞാൻ കണ്ടത്…..
കുളി കഴിഞ്ഞു തലയിൽ തോർത്തും ചുറ്റിയുള്ള നിൽപ്പാണ് കക്ഷി….ഒരു ലൈറ്റ് ബ്ലൂ കളർ മാക്സി ആണ് വേഷം……കുളിച്ചു ഫ്രഷ് ആയി ആണ് നിൽക്കുന്നതെങ്കിലും കണ്ണുകളിൽ നേരത്തെ കണ്ട ക്ഷീണം അപ്പോഴും മാറിയിരുന്നില്ല….ഇന്നലെ ഇവൾ ശരിക്കും ഉറങ്ങിയിട്ടില്ലന്നു എനിക്ക് ഉറപ്പായി……
“”എപ്പോഴോ സ്റ്റേഷനിലേക്ക് പോകുന്നെ….””
അല്പം കനത്ത ശബ്ദത്തിൽ തന്നെയായിരുന്നു എന്റെ ഭാര്യയുടെ ചോദ്യം…..