ഹോസ്പിറ്റലിൽ നിന്നും അച്ഛനേയും കൂട്ടി വീട്ടിലേക്ക് പോരുമ്പോൾ രാത്രി ആയിരുന്നു….ഇടയ്ക്ക് വിദേശത്തു നിന്നും ദിനേഷേട്ടൻ എന്നെ വിളിച്ചു വിവരങ്ങൾ തിരക്കി….വീട്ടിലേക്കുള്ള യാത്രയിലുടെ നീളം എന്റെ മനസ്സ് മുഴുവൻ ഭദ്രയുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയുള്ള ചിന്തകളായിരുന്നു….
‘എന്തൊക്കെയായാലും സുദേവനുമൊത്തു ഒരു ജീവിതം സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന പെണ്ണ് ആയിരുന്നില്ലേ അവൾ….അപ്പോൾ സുദേവന്റെ മരണവാർത്ത അവളെ എന്ത് മാത്രം മാനസികമായും ശാരീരികവുമായും തളർത്തിയിട്ടുണ്ടാകും…..സുദേവനോടുള്ള ഇഷ്ട്ടം ഭദ്രയുടെ മനസ്സിൽ ഇപ്പോഴും ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്….അത് കൊണ്ട് തന്നെയല്ലേ അവന്റെ മരണവാർത്ത അറിഞ്ഞപ്പോൾ അവൾ അങ്ങനെയൊക്കെ പ്രതികരിച്ചിട്ടുണ്ടാവുക…..തന്നെ ഇത്രയുമധികം സ്നേഹിച്ച പെണ്ണിന്റെയൊപ്പം ജീവിക്കാൻ സാധിക്കാതെയാണ് സുദേവൻ ഈ ലോകം വിട്ടു പോയത്…..അല്ലെങ്കിലും നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നവരുടെ കൂടെ ജീവിക്കാൻ പറ്റുന്നതാണ് ഭാഗ്യം…..സുദേവന് ആ ഭാഗ്യം ഉണ്ടായിരുന്നു….പക്ഷെ വിധി ആ ഭാഗ്യത്തിൽ നിന്നും അവനെ തട്ടിപ്പറിച്ചു എടുത്തു……
അവനു സംഭവിച്ച ഈ ദുരന്തം എന്നെയും വല്ലാതെ വേദനിപ്പിക്കുന്നുണ്ട്…അപ്പോൾ പിന്നെ ഭദ്രയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് എനിക്ക് ഊഹിക്കാവുന്നതെയുള്ളൂ…..സുദേവന്റെ വിയോഗവും അതറിഞ്ഞുള്ള ഭദ്രയുടെ ഇന്നത്തെ പെരുമാറ്റവുമെല്ലാം, ഒരു വേള ഞാൻ ആശങ്കപ്പെട്ടതു പോലെ ഭദ്രയെ എനിക്ക് നഷ്ട്ടപ്പെടാനുള്ള കാരണങ്ങളായി തീരുമോ…..?? എന്റെ ഉള്ളിലെ ആ ഭയം കൂടുതൽ ബലപ്പെട്ടു തുടങ്ങിയിരുന്നു അന്നേരം…….’
വീട്ടിലെത്തി അമ്മയോടും ചേട്ടനോടും വിവരങ്ങൾ പറഞ്ഞു…ഹോസ്പിറ്റലിൽ നിന്നും തിരിച്ചെത്തിയപ്പോഴും ഭദ്ര കരച്ചിൽ തന്നെയായിരുന്നെന്നും ഞാനും അച്ഛനും എത്തുന്നതിനു കുറച്ചു മുൻപാണ് രേഷ്മ തിരിച്ചു പോയത് എന്നും അമ്മ പറഞ്ഞു……
റൂമിൽ ചെന്ന ഞാൻ കണ്ടത് ബെഡിൽ ഏട്ടത്തിയുടെ മടിയിൽ തല വച്ചു കിടക്കുന്ന ഭദ്രയെയാണ്…..ഞാൻ വാതിൽക്കൽ തന്നെ നിന്നു…അവളുടെ മുഖം കണ്ടാലറിയം ആകെ കരഞ്ഞ് ക്ഷീണിച്ചിട്ടുണ്ട്….എന്നെ കണ്ടതും ഭദ്ര എഴുന്നേറ്റു ഇരുന്നു കണ്ണു തുടച്ചു…
ഇന്ന് ഉച്ച തൊട്ട് ഭദ്ര ഭക്ഷണമൊന്നും കഴിച്ചിട്ടില്ലന്നും,, താനും അമ്മയും ഒരുപാട് നിർബന്ധിച്ചെങ്കിലും അവൾ കഴിക്കാൻ കൂട്ടാക്കിയില്ലന്നും ഏട്ടത്തി പറഞ്ഞു….നല്ല തലവേദനയുണ്ടെന്ന് ഭദ്ര പറഞ്ഞപ്പോൾ ബാം പുരട്ടി കൊടുത്തിട്ടുണ്ട്,, അവളെ ശ്രദ്ധിക്കണം എന്നും എന്നെ ഓർമിപ്പിച്ച് ഏട്ടത്തി താഴെക്ക് പോയി…..ഞാൻ അകത്തേക്ക് കയറിയപ്പോൾ ഭദ്ര എഴുന്നേറ്റു നിന്നു….എന്റെ മുഖത്ത് നോക്കാൻ പോലും മടിച്ചാണ് അവൾ നിന്നിരുന്നത്….
കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ നോക്കി പറയണ്ട എന്നു ആദ്യം തോന്നിയെങ്കിലും ഹോസ്പിറ്റലിലെ കാര്യങ്ങളും സുദേവന്റെ ബോഡി പോസ്റ്റമാർട്ടം കഴിഞ്ഞു കൊണ്ട് പോയതുമെല്ലാം ഞാൻ ഭദ്രയോട് പറഞ്ഞു….അത് എല്ലാം തന്നെ ഒരു നിസ്സംഗ്ഗതയോടെ അവൾ കേട്ട് നിന്നു…
തലവേദന കുറവുണ്ടോ എന്ന ചോദ്യത്തിനും ഒരു നേർത്ത മൂളൽ മാത്രമായിരുന്നു മറുപടി…..അപ്പോഴത്തെ ഭദ്രയുടെ മാനസികാവസ്ഥയിൽ കൂടുതൽ ഒന്നും സംസാരിച്ചിട്ട് കാര്യമില്ലന്ന് എനിക്ക് തോന്നി….
വേറെയൊന്നും ചോദിക്കാൻ നിൽക്കാതെ മാറിയിടാനുള്ള ഡ്രെസ്സും ബാത്ത്ടവലുമെടുത്ത് ഞാൻ കുളിമുറിയിൽ കയറി വാതിലടച്ചു….. ഭദ്രയുമൊത്തു ഇനിയുള്ള ജീവിതം എങ്ങനെയാകുമെന്ന് ഓർത്ത് മനസ്സ് കൂടുതൽ അസ്വസ്ഥമായിക്കൊണ്ടിരുന്നു….