എന്തായാലും രാജേഷ് ഇപ്പോ ഹാപ്പി ആണ്. ഇപ്പോ വിളിക്കുമ്പോഴും മെസേജ് ചെയ്യുമ്പോഴും ഒക്കെ കുറച്ചുകൂടി റൊമാന്‍റിക് ആയി മായയും സംസാരിക്കാന്‍ തുടങ്ങി. ഐ ലവ് യു പറയലും ഉമ്മ കൊടുക്കലും ഒക്കെ തുടങ്ങി.
അന്നത്തെ സംഭവത്തോട് ഇനി പെണ്ണുകാണാന്‍ വീട്ടിലേക്ക് വരുമ്പോള്‍ അല്ലാതെ നേരിട്ടു കാണില്ല എന്നു മായ തീര്‍ത്തു പറഞ്ഞു.
ചെറിയ വിഷമം രാജേഷിനുണ്ടായെങ്കിലും ഫോണില്‍ കൂടി ഉള്ള അവരുടെ പ്രണയം തഴച്ചു വളര്‍ന്നു.
അങ്ങിനെ അടുത്ത ആഴ്ച രാജേഷ് വീട്ടില്‍ പോയി. മായയുടെ കാര്യം സൂചിപ്പിച്ചു.
കാര്യങ്ങള്‍ സമചിത്തതയോട് കൂടി തന്നെ അച്ഛന്‍ കേട്ടു.
വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. രാജേഷ് കൃത്യമായി എല്ലാം അച്ഛനോട് പറഞ്ഞു കൊടുത്തു.
അച്ഛന് രണ്ടു കാര്യങ്ങളില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. ഒന്നാമത്തേത് അവളുടെ വീട്ടിലേക്കുള്ള ദൂരം. മൂന്നു ജില്ലകള്‍ക്കപ്പുറത്താണ് അവളുടെ വീട് എന്നത്. രണ്ടാമത്തേത് ഞാന്‍ തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. വേറെ ജാതിയില്‍ പെട്ടതാണ് എന്നത്. ജാതിയും മതത്തേക്കാളും വലുത് മനുഷ്യന്‍ ആണെന്ന് പറഞ്ഞു പഠിപ്പിച്ച അച്ഛന്‍ തന്നെ അത് പറഞ്ഞപ്പോ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. നാട്ടുകാരും ബന്ധുക്കളും മോശം പറയും എന്ന കാരണം ആയിരുന്നു അതിനു അച്ഛന്‍ പറഞ്ഞത്.
തല്‍കാലം ഇപ്പോ കല്യാണത്തിനെ ക്കുറിച്ച് നോക്കേണ്ട. അനിയത്തിയുടെ കല്യാണം കഴിയട്ടെ. അതിനു ശേഷം ആലോചിക്കാം എന്ന് അച്ഛന്‍ തീര്‍ത്തു പറഞ്ഞു.
ഇനി ഇപ്പോ എന്താ ചെയ്യാ? അനിയത്തിയുടെ കല്യാണം വേഗം നടത്തുക. അവള്‍ ആണെങ്കില്‍ ആരെയും പ്രേമിക്കുന്ന ടൈപ്പ് ഒന്നുമല്ല. അപ്പോ പിന്നെ പറ്റിയ പ്രൊപ്പോസല്‍സ് കണ്ടുപിടിക്കുക, കല്യാണം നടത്തുക എന്നായി.
ഒരു ടെന്‍ഷന്‍ മാറിയപ്പോ അടുത്ത ടെന്‍ഷന്‍.
എന്നാലും വേണ്ട എന്നു ഒറ്റയടിക്ക് പറഞ്ഞില്ല എന്നത് ഒരു ആശ്വാസം. അല്ലെങ്കിലും അച്ഛന്‍ പറഞ്ഞതിലും കാര്യമില്ലേ? കല്യാണപ്രായമായ അനിയത്തിയുടെ കല്യാണം നടത്താതെ ചേട്ടന്‍ കല്യാണം കഴിക്കുന്നത് ശരിയല്ലല്ലോ. ആകെ പണി കിട്ടിയതു അനിയത്തിക്ക് ജാതകം ഉണ്ടാക്കിയപ്പോഴാണ്. ആണുങ്ങള്‍ക്ക് ജാതകം ഇല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക് ജാതകം നിര്‍ബന്ധമാണല്ലോ. അനിയത്തിക്ക് ചൊവ്വാദോഷം. തീര്‍ന്നില്ലേ എല്ലാം. അച്ഛന്‍ ആകെ നിരാശനായി നടക്കാന്‍ തുടങ്ങി. അതിനിടയ്ക്ക് ഞാന്‍ കല്യാണം കഴിക്കണം എന്നു വാശി പിടിച്ചാല്‍ ഉള്ള അവസ്ഥ എന്തായിരിക്കും? പിന്നെ എല്ലാ ഞായറാഴ്ചകളിലും മാട്രിമോണി കോളം നോക്കുന്നത് പതിവാക്കി. ഒരു പ്രാവശ്യം ഞങ്ങളും കൊടുത്തു ഒരു പരസ്യം. അത് കണ്ടു കുറേ പേര്‍ വിളിച്ചു. ഒരുപാട് ആലോചനകളില്‍ നിന്നും അവള്‍ക്കിഷ്ടമായ ഒരു ചെക്കനെ കണ്ടെത്തി. കല്യാണവും നടത്തി.