അകത്തു കയറി എന്റെ മുറിയുടെ കതകു തുറന്നതും. കോഴികൂടു തുറക്കാൻ കാത്തു നിന്ന കോഴിക്കുഞ്ഞുങ്ങളുടെ കണക്കെ കുറെ പിള്ളേര് മുറിയിൽ നിന്നു ചാടി ഇറങ്ങി എന്നേം തട്ടി മാറ്റി പലയിടത്തേക്ക് ആയി ചിതറി ഓടി …
” ഓഹ് ഈ തലതെറിച്ച പിള്ളേര് …. ഇതുങ്ങളിന്നു ഈ വീട് തലകുത്തി വക്കുമെന്ന തോന്നുന്നേ… ”
” നീ ഇതാരുടെ കാര്യമാ പെണ്ണെ പറയുന്നേ? ”
അതുങ്ങളെയും പഴിച്ചു കതകടച്ചു കുറ്റിയിടുന്നതിനിടയിൽ കട്ടിലിൽ കിടക്കുന്ന കുഞ്ഞേച്ചിയുടെ എന്റെ സ്വന്തം കൂടപ്പിറപൊട്ടിന്റെ ശബ്ദം ഉയർന്നു..
” വേറെ ആരുടെ നിങ്ങടെ രണ്ടു കുരുപ്പിന്റെ കാര്യം തന്നെ.. പിന്നെ കല്യാണം പ്രമാണിച്ചു അമ്മായിമാരുടേം പിള്ളേര് കൂടി വന്നിട്ടുണ്ടല്ലോ.. അപ്പൊ പിന്നെ തീരുമാനം ആയില്ലേ? ”
കട്ടിലിൽ കിടക്കുന്ന കുഞ്ഞേച്ചിയെ നോക്കി ഞാൻ പറഞ്ഞു. അവരെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
” ഇതെന്ന ഇങ്ങനെ കിടക്കുന്നെ.? കുഞ്ഞേച്ചിക്കെന്താ പറ്റിയെ. ? പുറത്തെന്തു പണി ഉണ്ടെന്നറിയുവോ? എന്നിട്ടിതിനകത്തു കയറി ഇരുന്നാൽ എങ്ങനെയാ..? ”
” വയ്യാഞ്ഞിട്ടാടീ പെണ്ണെ…. ഭയങ്കര തലവേധന…. ”
” ആഹ് കിടന്നോ കിടന്നോ…. എല്ലാം ചെയ്യാനും നോക്കാനും ഞാൻ ഒരുത്തി ഇവിടെയുണ്ടല്ലോ ”
ആരോടെന്നില്ലാതെ വെറുപ്പ് കൂട്ടി കലർത്തി പറഞ്ഞു ഞാൻ വിദൂരതയിലേക്ക് നോക്കി.
” പിന്നേ പണിയെടുക്കുന്ന ഒരു സാധനം… അവനോടുള്ള ദേഷ്യം നീ എന്തിനാടീ പെണ്ണെ എന്റെ അടുത്ത് ഇറക്കുന്നേ? ”
“ദേ … എനിക്ക് ആരോടും വെറുപ്പും കുറുപ്പും ഒന്നുല്ല.. കുഞ്ഞേച്ചിക്ക് വെറുതെ തോന്നണതാ…. ”
മേശ വിരിപ്പ് തുറന്നു വിക്സ് എടുത്തു ചേച്ചിയുടെ നെറ്റിയിൽ പുരട്ടുന്നതിനിടയിൽ ഞാൻ പറഞ്ഞു ഒപ്പിച്ചു…
” അപ്പോൾ അവൻ വരില്ലേ മോളെ കല്യാണത്തിന് ”
മറ്റുള്ളവരുടെയാ ചോദ്യത്തിന് മുന്നിൽ മനസ്സ് തളരാതെ നിന്ന എനിക് ചേച്ചിയുടെ മുന്നിൽ മാത്രം പിടിച്ചു നിൽക്കാനായില്ല…. മനസ്സ് വല്ലാതെ തകർന്ന് വീണ പോലെ ഞാൻ കുഞ്ഞേച്ചിയുടെ തോളിലേക്ക് ചാഞ്ഞു….
” എനിക്ക് അറിയില്ല കുഞ്ഞേച്ചി….. ഇത് വരെ എന്നെ ഒന്ന് വിളിച്ചിട്ടു കൂടിയില്ല… .. … ഞാൻ ഇവിടെ വന്നിട്ട് എത്ര ദിവസം ആയി…. സോറി… പറഞ്ഞുള്ള ഒരു കാൾ … പോട്ടേ ഒരു മെസ്സേജ് പോലും എനിക്കിതു വരെയും അവിടെന്നു വന്നിട്ടില്ല.. ”
സങ്കടം സഹിക്കാനാവാതെ ഞാൻ കുഞ്ഞേച്ചിയുടെ തോളിലേക്ക് ചരിഞ്ഞു.. എന്റെ കണ്ണുകൾ നിറഞ്ഞു വന്നത് ഞാൻ അറിഞ്ഞു.
” നിനക്കൊന്നു വിളിക്കാരുന്നില്ലേ മോളെ അവനെ ? ”
എന്റെ പുറത്തു കൂടി തലോടി കുഞ്ഞേച്ചി
ചോദിച്ചു..
” എന്തിനു .? ഇങ്ങോട്ടു വിളിക്കാൻ തോന്നിയില്ലല്ലോ, പിന്നെ ഞാൻ മാത്രം എന്തിനാ അങ്ങോട്ട് വിളിക്കുന്നെ….. എനിക്കുമുണ്ട് വാശി ഒക്കെ… ”
എന്റെ മിഴികൾ നിറഞ്ഞു ഒഴുകി കുഞ്ഞേച്ചിയുടെ സാരീ നനച്ചു…
” നിങ്ങൾ തമ്മിൽ എന്താ ശെരിക്കും പ്രശ്നം.. പറഞ്ഞു തീർക്കാവുന്നതാണെങ്കിൽ ഞാൻ സംസാരിക്കാം അവനോട്… ”
ചേച്ചി എന്നെ അനുനയിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണെന്ന് തോന്നി..
“എന്നോട് ഒന്നും ചോദിക്കണ്ട ചേച്ചി… സംസാരിച്ചൽ തീരുന്ന പ്രശ്നം ഒന്നും അല്ല അതു… ”
ഞാൻ ചേച്ചിയെ മുറുകെ കെട്ടി പിടിച്ചു … പണ്ട് മുതലേ എന്ത് പ്രശ്നം ഉണ്ടെങ്കിലും ഈ നെഞ്ചിൽ ഇങ്ങനെ തല വച്ചു കിടക്കുമ്പോൾ കിട്ടുന്നത് വലിയ ഒരാശ്വാസം ആണ്… ഇന്നും എനിക്ക് എന്റെ സങ്കടങ്ങൾ പറയാൻ ഈ കുഞ്ഞേച്ചിയെ ബാക്കിയുള്ളു എന്നാ സത്യം ഞാൻ തിരിച്ചറിഞ്ഞു.