ബുദൂർ ഇഫ്രീത്തിന്റെ റാണി
Budoor Efrithinte Raani | Author : Surdas
രണ്ട് വലിയ രാജഹംസങ്ങൾ വലിച്ച് കൊണ്ട് പോകുന്ന ഈ സ്ഫടികത്തോണി എങ്ങോട്ടാണ് തന്നെയും കൊണ്ട് നീങ്ങുന്നത് എന്നറിയാതെ ആകെ ഒരു അൽഭുതത്തിലും അൽപം പരിഭ്രാന്തിയിലും സമാൻ അങ്ങിനെ നിൽക്കുകയാണ്. ഇത്തരം വലിയ ഹംസങ്ങളെയൊന്നും തന്റെ അറിവിൽ ഇത് വരേ കണ്ടിട്ടേയില്ലല്ലോ.സുവോളജി ബുക്കിലോ ഡിസ്ക്കവറിയിലോ ഒന്നും ഇത് വരെ കാണാത്ത ഇത്രയും വലുതും സുന്ദരവുമായ ഈ അരയന്നങ്ങൾ നിലാമഴ പെയ്യുന്ന അറബിക്കടലിന്ന് മുകളിലൂടെ തുഴഞ്ഞ് തന്നെ എങ്ങാട്ടാണാവോ കൊണ്ട് പോകുന്നത്. അല്ലെങ്കിലും രാത്രി ഭക്ഷണം കഴിഞ്ഞ് വീട്ടിൽ കിടന്നുറങ്ങിയ ഞാൻ എങ്ങനെ ഈ സ്ഫടിക തോണിയിലെത്തി. ഭയം അരിച്ച് കയറുന്ന തണുപ്പ് ആണോ താൻ എത്തിപ്പെട്ട അൽഭുതലോകത്തിന്റെ അമ്പരപ്പാണോ എന്നറിയാതെ തിരമാലകളെ കീറിമുറിച്ച് കാറ്റിന്റെ വേഗതയിൽ സഞ്ചരിക്കുന്ന സ്ഫടികത്തോണിയിലേക്ക് സമാൻ ഊർന്നിരുന്നു. ഒരു നെടുവീർപ്പിൽ തല ഒന്ന് തല ഉയർത്തിയ സമാൻ തന്റെ രൂപം തോണിയുടെ സൈഡിൽ കണ്ട് വീണ്ടും അൽഭുതപ്പെട്ടു. മുത്ത് പതിച്ച തലപ്പാവും വെളുത്ത പട്ടു കുപ്പായവും അണിയിച്ച് തന്നെ ഒരു രാജകുമാരനെപ്പോലെ അണിയിച്ചാണല്ലോ ഇതിൽ എത്തിച്ചിരിക്കുന്നത്. തന്നെ എങ്ങോ ട്ടാവും കൊണ്ട് പോവുന്നത് എന്നറിയാതെ മുന്നിലേക്ക് ഉഴറിയ നോട്ടവുമായിരിക്കുമ്പോൾ മുൻപിൽ ആദ്യം ഒരു തൂവെള്ള ഗോപുരം കടലിന് മുകളിൽ കമഴ്ത്തിവെച്ചിരിക്കുന്നത് കണ്ടു. രണ്ട് മൂന്ന് നിമിഷങ്ങൾക്കകം അതിനോടടുത്തപ്പോഴേക്കും സമാന് മനസ്സിലായി താൻ കണ്ട ഗോപുരം ഉയരമുള്ളതും വളരെ വിസ്താരമേറിയതുമായ ഒരു കൊട്ടാരത്തിന്റെ മുകൾ പരപ്പു മാത്രമായിരുന്നു.
ആ വലിയ ഹംസങ്ങൾ സമാന് അവിടെ പ്രവേശിക്കാൻ ആരുടെയോ സമ്മതം ആവശ്യമായ പോലെ ആ വെണ്ണക്കൽ കൊട്ടാരത്തിനെ ഒന്ന് വലം വെച്ചു. തോണിയിലിരുന്ന് അതിന്റെ ചുറ്റളവും ഗാംഭീര്യവും കണ്ട സമാന് ഇങ്ങനെ ഒരു മഹാൽഭുതം ഭൂമിയിൽ ഉള്ളതായി ഒരു ചരിത്രത്തിലും കാണാഞ്ഞത് ആശ്ചര്യമായി തോന്നി. കൂറ്റൻ സ്ഫടിക തൂണുള്ളതും വെണ്ണക്കൽ വാതിലുകളുമായി ഒരു മൂന്ന് നില കെട്ടിടത്തിന്റെ ഉയരമുള്ള കൊട്ടാരവാതിലിന് നേരെ അരയന്നങ്ങൾ തോണി നിറുത്തി. അവ ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയതിന്ക ശേഷം നീന്തി അപ്രത്യക്ഷമായി.
മുന്നിലൊരു ഭയാനക കൊട്ടാരവും പിന്നിൽ അനന്തമായ കടലും. തോണിയാണെങ്കിൽ കൊട്ടാരവാതിലിന് മുമ്പിലുള്ള മുറ്റം പോലെ തോന്നിക്കുന്ന കരയിൽ നിന്നും പത്തിരുപത് അടി വ്യത്യാസത്തിൽ കടലിൽ തന്നെയാണ്. സമാൻ ആകെ ഭയന്നു. എന്ത് ചെയ്യുമെന്നറിയാതെ ഒരു ജീവിയുടെയും ലക്ഷണം പുറത്ത് കാണാനില്ല. താൻ ഇനി എങ്ങനെ തിരിച്ച് പോകും. ഭയം കാരണം തൊണ്ട വരളുന്നു. അൽപം വെള്ളം കിട്ടിയിരുന്നെങ്കിൽ കുടിക്കാമായിരുന്നു എന്ന് കരുതിയതേ ഉള്ളൂ. ആവലിയ കൊട്ടാരവാതിൽ പതിയെ തുറന്ന് വരുന്ന ശബ്ദം കേട്ട് സമാൻ കണ്ണ് തുറിച്ച് അങ്ങോട്ട് തന്നെ നോക്കി.