ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Posted by

“മ്മ്മ്മ്…….ജീവിച്ചുതുടങ്ങിയിട്ടേയുള്ളൂ
അവര്.അതിനുള്ള തടസം അതെന്ത്‌ തന്നെയായാലും മാറ്റിക്കൊടുക്കണം.”

“അത് പറയുമ്പോൾ എന്താ ടീച്ചർക്ക് ഒരു വിഷമം പോലെ?”

“ഒന്ന് പോ മാഷെ………..അവര് ജീവിക്കട്ടെ.അതിലൊരു കരടായി ഞാൻ വേണ്ട. അവർ ഈ കൂട് വിട്ടു പോവാതിരുന്നാൽ മാത്രം മതി.”
സാവിത്രിയല്പം ആശങ്കയോടെയാണ്
അത് പറഞ്ഞതും.

“ഹേയ്…….വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട.അവര് നമ്മുടെ പിള്ളേരല്ലെ.”മാധവൻ സാവിത്രിയെ തന്റെ മാറോട് ചേർത്ത് പിടിച്ചു.”അഹ് പിന്നെ……ഗായത്രിയോട് വീട്ടിൽ തന്നെ കാണണം എന്ന് പറയൂ.അത് വീണക്ക് ആശ്വാസമാവും.”അവളുടെ മുടിയിൽ തലോടിക്കൊണ്ട് മാധവൻ പറഞ്ഞു.

“മ്മ്മ്മ്മ്…..പറയാം മാഷെ.”സാവിത്രി ഒന്നുകൂടി അയാളോട് പറ്റിച്ചേർന്നു.

കുറച്ചു നേരം അവർക്കിടയിൽ മൗനം ആയിരുന്നു ഭാഷ.മാധവന്റെ ഹൃദയ താളം അവളോട് സംസാരിച്ചു.അത് കേട്ടുകൊണ്ട് അവളങ്ങനെ കിടന്നു. ഇറുക്കിപ്പിടിച്ചും നെഞ്ചിലൂടെ വിരൽ ചലിപ്പിച്ചും ഉയരുന്ന ശ്വാസഗതിയിലൂടെയും ആണ് സാവിത്രിയതിന് മറുപടി നൽകിയത്.

“ഈ പ്രശ്നം ഒക്കെയൊന്ന് വേഗം തീർക്കണം മാഷെ.അല്ലാണ്ട് ഒരു സ്വസ്ഥതയില്ല.ഈ വീട്ടിലൊരു സന്തോഷം കണ്ടിട്ട് ഏത്രയായീന്നാ.”
ഏതോ ഒരു നിമിഷത്തിൽ സാവിത്രി പറഞ്ഞു.

“എല്ലാം ശരിയാകും സാവിത്രി.
നമ്മുടെ സന്തോഷം ഞാൻ തിരിച്ചു പിടിക്കും.”

“മ്മ്മ്……”അവളൊന്ന് മൂളുക മാത്രം ചെയ്തു.

“സാവിത്രി……..”

“എന്താ മാഷെ……..എന്തെങ്കിലും പറയാനുണ്ടോ എന്നോട്.”അയാളുടെ കൈകൾക്കുള്ളിൽ കിടന്നുകൊണ്ട് അവൾ ചോദിച്ചു.

“നമ്മൾ കാണുന്നതുപോലെയല്ല കാര്യങ്ങൾ.അടുത്തറിയുമ്പോൾ പലതും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ.”

“ചിലത് അങ്ങനെയാണ് മാഷേ.
ചൂഴ്ന്ന് നോക്കാൻ ഒരിക്കലും സാധിക്കില്ലല്ലോ.”

“അതെ സാവിത്രി………ഇനിയങ്ങോട്ട് ചിലത് കേൾക്കുമ്പോൾ നിനക്ക് പ്രയാസം തോന്നും.അംഗീകരിക്കാൻ കഴിഞ്ഞു എന്നും വരില്ല.തടയരുത്….”

“ഇന്നുവരെ എതിര് പറഞ്ഞിട്ടില്ല.മാഷ് ധൈര്യം ആയിട്ട് മുന്നോട്ട് പൊക്കോ, ഈ കുടുംബത്തിന്റെ വേരറുക്കാൻ വരുന്നത് ആരായാലും മുഖം നോക്കരുത്.”

അത്രയും മതിയായിരുന്നു മാധവന്.
പക്ഷെ സ്വന്തം ഏട്ടനാണ് എതിരെ എന്ന് സാവിത്രിയറിയുമ്പോൾ അത് എങ്ങനെ അംഗീകരിക്കുമെന്നുള്ളത് അപ്പോഴും മാധവന് മുന്നിൽ ചോദ്യം ആയിത്തന്നെ നിന്നു.സാവകാശം
മനസിലാക്കിയെടുക്കാം എന്നായാളും
കണക്ക് കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *