” ഇന്നലത്തെ ദേഷ്യത്തിൽ അങ്ങനെ ചെയ്യാനാണ് തോന്നിയത് , കുളത്തിൽ മുങ്ങിത്താണത് കൊണ്ടാകും പനി ഇത്രക്കും സ്ട്രോങ്ങ് ആയി വന്നത് , ഉറക്കത്തിൽ നീ 2,3 തവണ കരഞ്ഞെന്നൊക്കെ അമ്മ പറഞ്ഞു ..”
അവൻ സങ്കടത്തോടെ പറഞ്ഞുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി .
” ഒന്ന് പോടാ പന്നീ , ചത്ത് കിടക്കുന്നതിനേക്കാളും നല്ലത് പനി തന്നെയാ…ഇന്നലെ ഒരു ദിവസം കൊണ്ട് കുറെ മണ്ടത്തരങ്ങൾ മനസിലായി , പിന്നെ ശ്രദ്ധിക്കാതെ പോയിരുന്ന ചില കാര്യങ്ങളും …ഇപ്പൊ ആലോചിക്കുമ്പോൾ എല്ലാം നല്ലതിനായിരുന്നെന്നു തോന്നുന്നു ..”
അവൻ പൂർണമായി അല്ലെങ്കിലും സമാധാനത്തിൽ ചിരിച്ചു…
” ഡാ ….ഇതൊക്കെ ഒന്ന് മാറിയിട്ട് നമുക്ക് കുളത്തിൽ ഇനീം പോണം , നീന്തൽ പഠിച്ചിട്ടു തന്നെ ബാക്കി കാര്യം ..അപ്പൊ പിന്നെ നീയിനി എന്നെ എങ്ങനെ കൊല്ലാൻ നോക്കും എന്ന് കാണണല്ലോ ..!!”…
അവന്റെ കൈ എടുത്തുപിടിച്ചു ഞാൻ പറഞ്ഞു ..വിശ്വാസം വരാതെ അവൻ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു
” അല്ല നീ രാത്രിയിലെ പോലെ പിച്ചും പേയും പറയുന്നതല്ലല്ലോ ല്ലേ …”.
അത് കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത് ..ആ ദേഷ്യത്തിൽ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയപ്പോൾ ആ പന്നി ഒറ്റ ചിരി ആയിരുന്നു , അതുകണ്ട് എനിക്കും പിടിച്ചു നിൽക്കാൻ പറ്റിയില്ല ..ചിരിക്കു സൗണ്ട് ഇത്തിരി കൂടിപോയെന്നു അവിടെ വയ്യാണ്ടിരിക്കുന്നവരും കൂടെ വന്നവരും ഞങ്ങളെ അന്യഗ്രഹജീവികളെ കണ്ടു നോക്കുന്നത് പോലെ നോക്കുന്നത് കണ്ടപ്പോഴാണ് …
ചമ്മിയ ഞങ്ങൾ പിന്നൊന്നും മിണ്ടിയില്ല .സത്യത്തിൽ ആ സമയം കൊണ്ടുതന്നെ എനിക്ക് എന്തോ ആശ്വാസം തോന്നിയിരുന്നു .മനസ് സന്തോഷമാകുമ്പോൾ ബാക്കി രോഗങ്ങൾ കുറഞ്ഞതായി തോന്നുമല്ലോ ..ഏതായാലും കുറെ കഴിഞ്ഞപ്പോൾ എന്റെ ടോക്കൺ ആയി ,ഞങ്ങൾ വാതിൽക്കൽ നിൽക്കുന്ന സമയത്താണ് ഒരു മെഡിക്കൽ റെപ് വന്നു അടുത്തു നിന്നത് .നല്ല ഡ്രസിങും ട്രിം ചെയ്ത താടിമീശയുമായി ഒരു യുവാവ് ..കയ്യിലൊരു ബാഗും ഉണ്ട് ..അയാൾ ഒന്ന് പുഞ്ചിരിച്ചു , അത് കണ്ടപ്പോൾ ദേഷ്യം വന്ന ശബരി അയാൾ കേൾക്കാതെ തിരിഞ്ഞു എന്നോട് പറഞ്ഞു
” അങ്ങോട് നോക്കി ചിരിക്കണ്ട പുല്ലേ ,സോപ്പിട്ടു നമ്മടെ മുൻപിൽ കേറാനുള്ള പ്ലാൻ ആണ് “…
പക്ഷെ അവൻ ഉദ്ദേശിച്ചത്ര പതുക്കെ ആയില്ല ആ പറഞ്ഞത് ..പണി പാളിയല്ലോ എന്ന് ഞാനും ആലോചിച്ചു ..
” നിങ്ങൾ പേടിക്കണ്ട ട്ടോ ഞാൻ നിങ്ങടെ കൂടെ കേറി പെട്ടെന്ന് ഇറങ്ങിക്കോളാം , ചിരിച്ചത് സോപ്പിടാനല്ല ഒരു മര്യാദ കാണിച്ചതാണ് “അയാൾ ഒന്നുകൂടി ചിരിച്ചുകൊണ്ട് പറഞ്ഞു …
ഞാനും ചിരിച്ചുകൊണ്ട് ശബരിയെ നോക്കിയപ്പോൾ അവൻ ഒരു വിളറിയ ചിരി ചിരിച്ചുകൊണ്ട് എന്നെയും നോക്കി..
വാതിൽ തുറന്നു മുൻപത്തെ ആൾ ഇറങ്ങിയപ്പോൾ ഞങ്ങൾ 3 പേരും കൂടി ഉള്ളിൽ കയറി ..
” ആ….ഇതാരപ്പാ ..അനീഷേ , നീ എവിടെയാടോ , കൊറേ ആയല്ലോ കണ്ടിട്ട് ..കഴിഞ്ഞ മാസം ടാർഗറ്റ് ആയപ്പോൾ പിന്നെ ഇങ്ങട് വരണ്ടാന്നു കരുതിക്കാണും അല്ലേ …?”