ഫോണിലെ അലാറം കേട്ടാണ് അർച്ചന ഉണർന്നത് സമയം 5 മണി .
അലാറം ഓഫാക്കിയ ശേഷം
“ഈശ്വരാ രക്ഷിക്കണേ”
അവൾ മനസ്സിൽ മന്ത്രിച്ചു
കിച്ചുവിനെ ഒന്നുകൂടി പുതപ്പിച്ചു നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത്.അലസ്യമായി കിടന്ന മുടി വാരി കെട്ടി നേരെ അടുക്കളയിലേക്കു യാത്രയായി.
ഇനി ഒരു ഗുസ്തിപിടിത്തമാണ് സമയത്തിനോട് .രാവിലെ 8 മണിക്ക് തന്നെ ഇരുവരും ഇറങ്ങും. 8:30 നു കിച്ചുവിന്റെ സ്കൂൾ വാൻ വരും.മാമിയാണ് സ്ഥിരമായി അവനെ ബസിൽ കേറ്റി വിടുന്നത് .
അർച്ചനയുടെ ഡെയിലി ഡ്യൂട്ടി കൃത്യം 5 നു തന്നെ തുടങ്ങും.പാചകവും,കിച്ചുവിനെ ഉണർത്തി സ്കൂളിലേക്ക് പോകാൻ ഒരുക്കുന്നതും,ജോലിക്ക് പോകാനുള്ള തയാറെടുപ്പുമൊക്കെയായി ജോലികൾ ഒരുപാട്.അപ്പോഴേക്കും ദാ പോകുന്നു സമയം.ശെരിക്കും പറഞ്ഞാൽ ഗുസ്തിപിടിത്തമല്ല ഓട്ടമത്സരം തന്നെയാ .
അന്നും പതിവുപോലെ കൃത്യം 8 മണിക്ക് തന്നെ അർച്ചനയും കിച്ചുവും പുറത്തേക്ക് വന്നു
“ഗുഡ്മോർണിംഗ് മാമി”
വീട് പൂട്ടുന്നതിനിടയിൽ മുറ്റത്തു ചെടികളെ പരിപാലിക്കുന്ന മാമിയോടായി ഒരു മനോഹരമായ ചിരി പടർത്തി അർച്ചന പറഞ്ഞു
“ആഹ്ഹ് ഗുഡ്മോർണിംഗ് അച്ചു”
മാമിയുടെ മുഖം ഒന്ന് വിടർന്നു
“ഗുഡ്മോർണിംഗ് പാട്ടിയമ്മ”
കിച്ചു മാമിയുടെ അടുത്തേക്ക് കുതിച്ചു
“ഡാ ഡാ പതുക്കെ പോടാ”
അർച്ചന അല്പം ശബ്‌ദം ഉയർത്തി
ആര് കേൾക്കാൻ അപ്പോഴേക്കും ചെക്കൻ നാല് കുതിപ്പിൽ ഇതാ താഴെയെത്തി.അർച്ചനയുടെ മുഖം നന്നായി ചുവന്നു.രാവിലെ തന്നെ അമ്മേടെ കൈയിൽ നിന്നും വാങ്ങും എന്ന് ഏതാണ്ട് ഉറപ്പായതോടെ കിച്ചു അതെ സ്പീഡിൽ പാഞ്ഞത് സിറ്റ് ഔട്ടിൽ ഇരുന്നു പത്രം വായിക്കുന്ന അങ്കിളിന്റെ മടിയിൽ .
അർച്ചന ഓടിക്കിതച്ചു ഇങ്ങു എത്തിയപ്പോഴേക്കും ചെക്കൻ രാജാവിന്റെ പ്രൗഢിയിൽ അങ്കിളിന്റെ മടിയിൽ തന്നെ.
ഇതെല്ലാം കണ്ടു കൊണ്ട് മാമി പൊട്ടിച്ചിരിച്ചു ഒപ്പം അങ്കിളും
“ഓ അവന്റെ ഒരു ഇരുപ്പു”
“പോട്ടെ മോളെ അവൻ കുഞ്ഞല്ലേ”
“ആമ കണ്ണേ അവൻ കൊഴന്താ താനേ”
ഉടനെ മാമിയുടെ വക പിന്തുണയും വന്നു
“ഉവ്വ ഒരു കൊഴന്താ.നിങ്ങൾ രണ്ടും കൂടിയ അവനെ ഇങ്ങനെ വഷളാക്കുന്നെ”
കിച്ചുവിന്റെ ബാഗും വീടിന്റെ താക്കോലും മാമിയെ ഏല്പിച്ചുകൊണ്ട് അർച്ചന പറഞ്ഞു