“ചാ ചാ ഹ്ഹ ”
ഞാൻ തൊട്ടതും അവള് പിന്നെയും എന്നെ നോക്കി ചിരിച്ചു . പിന്നെ മഞ്ജുസിന്റെ മാറിൽ നിന്നും എഴുനേറ്റു എന്റെ നേരെ കൈകൾ വിടർത്തി .
“സ്സ്….ചാച്ചന്റെ മുത്തിന് എന്താ പറ്റിയേ ? പൊന്നുനു വയ്യേ ..”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളെ എന്റെ മാറോടു ചേർത്തു . അത്യാവശ്യം ചൂടൊക്കെ അവളുടെ കുഞ്ഞു ദേഹത്തിനുണ്ട് .
“ചാ ചാ…ഹ്മ്മ് മ ..”
അവള് എന്നെ വിളിച്ചു എന്തൊക്കെയോ പിറുപിറുത്തു .
“അച്ഛനും അമ്മയും ഒകെ എവിടെ ?”
റോസ്‌മോളുടെ പുറത്തു തഴുകി ഞാൻ മഞ്ജുസിനെ നോക്കി .
“അവര് ഹോസ്പിറ്റലിൽ പോയി …ഞാൻ കോളേജ് വിട്ടു വന്ന ശേഷമാ പോയത്…”
മഞ്ജുസ് പയ്യെ പറഞ്ഞു .
“ആഹ്..അപ്പൊ വെറുതെ അല്ല ഇവിടെ കാണാത്തതു ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“നീ അതിനെ ഇങ്ങു തന്നെ..ഞാൻ ഇത് എങ്ങനേലും കൊടുക്കട്ടെ …നല്ളൊണം പനിക്കുന്നുണ്ട്”
മഞ്ജു പെട്ടെന്ന് റോസ്‌മോളുടെ കാര്യം പറഞ്ഞു .പിന്നെ അവളെ എന്നിൽ നിന്നും അടർത്തിമാറ്റാൻ ശ്രമിച്ചു .പക്ഷെ പെണ്ണ് സമ്മതിക്കാതെ ചിണുങ്ങി .
“ചാ ചാ ..ഹ്ഹ ..”
അവളെന്റെ ഷർട്ടിൽ കുഞ്ഞു കൈകൾ ചുരുട്ടിപ്പിടിച്ചുകൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി .
“എന്തെടി പൊന്നോ …”
ഞാൻ അവളെ നോക്കി ചിണുങ്ങി . പിന്നെ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു . അപ്പോഴേക്കും കുളി കഴിഞ്ഞു അഞ്ജുവും അങ്ങോട്ടേക്കെത്തി . ഒരു ടി-ഷർട്ടും അയഞ്ഞ പാന്റും ആണ് അവളുടെ വേഷം . നൈറ്റ് ഡ്രസ്സ് ടൈപ്പ് ആണ് .
തലയിൽ ടവൽ കുടുമ പോലെ ചുറ്റികെട്ടിയിട്ടുണ്ട് .
“കണ്ണേട്ടൻ എപ്പോ വന്നു ?”
എന്നെ ഹാളിൽ കണ്ടതും അവള് അന്തം വിട്ടു .
“ഇപ്പൊ വന്നേ ഉള്ളു …”
ഞാൻ അവളുടെ ഭാവം കണ്ടു ചിരിച്ചു .
“നീ ആ ടോണിക് ഇങ്ങു തന്നെ..ഞാൻ കൊടുക്കാം …”
പിന്നെ മഞ്ജുസിനെ നോക്കി മരുന്ന് ആവശ്യപ്പെട്ടു . അതോടെ അവള് ടോണിക് സ്വല്പം മൂടിയിലേക്ക് ഒഴിച്ച് അളവ് കൃത്യമാക്കി എടുത്തു .
അത് കണ്ടതോടെ റോസിമോള് എന്റെ നെഞ്ചിൽ മുഖം പൊത്തികിടന്നു .
“എന്ത് വാശിയാ പെണ്ണിന് …”
റോസ്‌മോളുടെ ഭാവം കണ്ടു മഞ്ജുസ് ചിരിച്ചു .