അങ്ങനെയാണെങ്കിൽ എന്റെ തനി കൊണം നീ അറിയും “.അവന്റെ മുഖം കണ്ടപ്പോൾ എന്തെങ്കിലും ചെയ്യുമെന്നു എനിക്കും തോന്നി .ഞാൻ മെല്ലെ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .” ഡാ …ഒരാളോട് ഇഷ്ടം തോന്നുമ്പോൾ നമുക്ക് ഓർക്കാൻ പോലും സാധിക്കാത്ത ഒരുകാര്യം ഇതെങ്ങാനും പൊളിഞ്ഞാൽ എങ്ങനെ ഫേസ് ചെയ്യും എന്നുള്ളതായിരിക്കും, അതുകൊണ്ടുതന്നെയാണ് പലരും സ്വന്തം ഇഷ്ടം തുറന്നുപറയാന്പോലും മടിക്കുന്നത്.അറിയാതെ ആണെങ്കിലും അവളെന്റെയാണെന്നു ചിന്തിക്കുന്ന ആ നിമിഷം , മാറി നിന്നാണെങ്കിലും അവളുടെ പുഞ്ചിരികളും കളി ചിരികളും കാണുമ്പോളും നമുക്ക് തോന്നുന്ന ഒരു ഫീലുണ്ട് ,
ആ ഫീലിന് നമുക്ക് അവളെ സ്നേഹിക്കാൻ അർഹതിയില്ലെന്നോ അവൾ എന്നെങ്കിലും അറിഞ്ഞാൽ പുച്ഛത്തോടെ ദേഷ്യപ്പെടും എന്നോ ചിന്തിക്കാൻ തോന്നിക്കില്ല .മറിച്ചു എന്നെങ്കിലും ആ പുഞ്ചിരി നമുക്ക് സ്വന്തമാകും എന്നുള്ള വിശ്വാസമാണ് നൽകുക” .ഇത്രയും പറഞ്ഞപ്പോളേക്കും എന്റെ ശബ്ദം ഇടറി, കണ്ണുകൾ തുളുമ്പി, നോട്ടം മാറ്റി ഞാൻ ചക്രവാളത്തിലേക്ക് മയങ്ങുന്ന സൂര്യനെ നോക്കി .ഈ ആല്മരത്തിനടുത് തന്നെ അമ്പലമുണ്ട് ,കൃഷ്ണന്റെ പ്രതിഷ്ഠയാണ് അവിടെ .ആളുകൾ തൊഴാനായി എത്തിത്തുടങ്ങിയിട്ടുണ്ട് .
ശബരി മെല്ലെ എഴുന്നേറ്റു താഴെ കിടന്ന ആലില എടുത്തു കയ്യിൽ വെച്ചു എന്നോട് പറഞ്ഞു ” പണ്ട് നമ്മൾ കുഞ്ഞായിരിക്കുമ്പോൾ പറഞ്ഞു കേട്ടിരുന്ന ഒരു കാര്യമുണ്ട് ,ആലില 7 തവണ നെടുകെ പിളർന്നാൽ അതിനുള്ളിൽ കുഞ്ഞുകൃഷ്ണൻ മറ്റൊരു ആലിലയിൽ കിടന്നുറങ്ങുന്നത് കാണാമെന്നു ,ഓർക്കുന്നുണ്ടോ നീ .?? അവൻ വിഷയം മാറ്റാൻ ശ്രമിക്കുകയാണ് , പാവം ..
ഞാൻ മിണ്ടാത്തത് കണ്ടപ്പോൾ അവൻ തുടർന്നു ” എടാ ,ആ കഥകളൊക്കെ നമ്മൾ ചിലപ്പോളെങ്കിലും വിശ്വസിച്ചിരുന്നില്ലേ ,മയിൽപ്പീലി നോട്ട് ബുക്കിൽ വെളിച്ചം കാണാതെ വെച്ചാൽ പ്രസവിക്കും എന്നതും അതുപോലൊരു കഥയാണ് ,ആരുടെയൊക്കെയോ ഭാവനകളിൽ വിരിഞ്ഞ നടക്കാത്ത ആഗ്രഹങ്ങൾ ,നീ ഇതുവരെ ചിന്തിച്ചിരുന്നതും നീയിപ്പോൾ ജീവിക്കുന്നതും ഏതോ ഭാവനയിൽ ആണെന്നാണ് എനിക്ക് തോന്നുന്നത് ,
നിന്റെ പ്രണയം ഒരു തെറ്റല്ല ,പക്ഷെ ഇന്നു സംഭവിച്ച കാര്യം നീ അംഗീകരിച്ചേ മതിയാകൂ ,പിന്നെ എല്ലാവരും പറയുന്ന വേറൊരു കാര്യമുണ്ട് ഓരോ അരിമണിയുടെയും മുകളിൽ അത് ഭക്ഷിക്കേണ്ടവന്റെ പേരെഴുതിയാണ് ഈ ലോകം സൃഷ്ടിച്ചവൻ ഭൂമിയിലേക്ക് അയക്കുന്നതെന്നു , അപ്പൊ നിനക്കുള്ളതു നിന്നിലേക്ക് വന്നു ചേരും. അതുകൊണ്ട് മോനിപ്പോ ചെയ്യേണ്ടത് വീട്ടിൽ ചെന്നു കേറുമ്പോളേക്കും ഈ മൂഡൊക്കെ മാറ്റണം .
എന്നിട്ട് ഇന്നു രാത്രി എങ്ങനെ മാറ്റാമോ അങ്ങനെ അതിപ്പോ കരഞ്ഞാണോ ഉറങ്ങാതിരുന്നാണോ എന്താണേലും നാളെ ആവുമ്പോളേക്കും ഈ കാര്യം മറന്നേക്കണം ,അത്രോള്ളു “. അവൻ നോക്കിയപ്പോൾ ഞാൻ സമ്മതത്തിൽ തലയാട്ടി .വീട്ടിലെത്തി ഇറങ്ങുമ്പോളും ഞാൻ ആലോചന വിട്ടിരുന്നില്ല ,” ഡാ ഞാൻ ഇപ്പൊ മേമയുടെ വീട്ടിലൊന്നു പോവും ,അഞ്ചു കൂടെയുണ്ട്, നീ ബോർ അടിക്കല്ലെട്ടോ , ഞാൻ പെട്ടെന്ന് പോയി വരാം എന്നിട്ട് നമുക്ക് പുറത്തൊന്നു പോവാനുണ്ട് ” അവൻ പറഞ്ഞു ,എന്നെ ഒറ്റക്കാക്കാനുള്ള വിഷമം അവന്റെ മുഖത്ത് കണ്ടു.അവനോടൊന്നു ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല . വീട്ടിൽ കേറി റൂമിലേക്ക് നടന്നു .