ഇനി എന്നെ കുറിച്ചൽപ്പം പറയാം ..ഞാൻ മനു , അമ്മയും പെങ്ങളും അടങ്ങുന്ന കുഞ്ഞു കുടുംബം .വളരെ കഷ്ടപാടുകളിലൂടെ ജീവിക്കുന്നു .അമ്മ ഒരു പ്രൈവറ്റ് പ്രീ പ്രൈമറി സ്കൂൾ ടീച്ചറാണ് ,വളരെ തുച്ചമായ ശമ്പളത്തിൽ 3 പേരും കഴിയുന്നതെങ്കിലും ഇതുവരെ പഠിക്കാനല്ലാതെ മറ്റൊന്നിനും അമ്മ സമ്മതിച്ചില്ല , പഠിക്കാൻ അതി സമർത്ഥൻ അല്ലെങ്കിലും 70-75%മാർക്കിൽ പോകുന്ന ഒരു മിഡിൽ ബെഞ്ചെർ .അച്ഛൻ കുഞ്ഞിലെ മരിച്ചതുകൊണ്ടു അമ്മ ഒരുപാട് മെനക്കെട്ടാണ് പഠിപ്പിക്കുന്നതെന്നു എന്നും നല്ല ബോധ്യമുണ്ടായിരുന്നു .മെലിഞ്ഞു ഇരുനിറത്തിൽ ആയിരുന്നതുകൊണ്ട് അപകർഷതാ ബോധം ഇത്തിരി കൂടിയ പ്രകൃതമാണ് എന്റെത് ..
പക്ഷെ ശബരിയുടെ കാര്യത്തിൽ എല്ലാം വേറെ ആണ് , അവൻ അത്യാവശ്യം സാമ്പത്തികസ്ഥിതിയും കാണാൻ സുന്ദരനും ആയിരിന്നു.അവന്റെ വീടും അച്ഛനമ്മമാരും പെങ്ങളും എന്റേം കൂടെ ആയിരുന്നു എന്നും ..എന്റെയും പെങ്ങളുടെയും പണത്തിന്റെ അത്യാവശ്യങ്ങൾ നിറവേറ്റിത്തരുവാൻ അവർ ശ്രദ്ധിച്ചിരുന്നത് ഞങ്ങൾക്ക് വലിയ അനുഗ്രഹമായിരുന്നു .എന്നാൽ കൃത്യമായ ഇടവേളകളിൽ അവർ വിസമ്മതിച്ചിരുന്നെങ്കിലും ആ പണമെല്ലാം അമ്മ തിരികെ നൽകിപോന്നു ..
വേർതിരിവുകൾ ഇല്ലാതെ 4 മക്കളായി ഞങ്ങളും വളർന്നു .ഞാനും ശബരിയും സമപ്രായക്കാർ എന്നപോലെ ഞങ്ങളുടെ പെങ്ങന്മാരും ഒരേ പ്രായക്കാരായിരുന്നു .പൊതുവേ അന്തർമുഖനായിരുന്ന ഞാൻ പ്രണയിക്കുന്നതും അവളെ കാണാൻ എടുക്കുന്ന അഭ്യാസങ്ങളും ശബരിക്ക് ആദ്യമൊക്കെ അത്ഭുതമായിരുന്നു .പിന്നെ പിന്നെ ആത്മാർത്ഥ സുഹൃത്തിന്റെ ജോലി അവനും എടുത്തു തുടങ്ങി .ഞങ്ങൾ 2ആം വർഷം ലിറ്ററേച്ചർ വിദ്യാർത്ഥികളും അവൾ എന്നുവെച്ചാൽ കീർത്തന bsc മാത്‍സും ആണ് .
അവളറിയാതെ അവളെ മനോഹരമായി പ്രണയിച്ചുകൊണ്ടിരിക്കുമ്പോളാണ് നേരത്തെ സംഭവിച്ച പൊട്ടിത്തെറി .അത് എങ്ങനെ സംഭവിച്ചതാണെന്നു ബൈക്കിൽ ഇരുന്നു ആലോചിച്ചെങ്കിലും എത്തും പിടിയും കിട്ടിയില്ല .ഞങ്ങളുടെ നാട് കോളേജിൽ നിന്നും 7km ദൂരെയുള്ള പച്ചപ്പ് നിറഞ്ഞ ഒരു ഗ്രാമമാണ് ,എങ്കിലും പ്രധാന സൗകര്യങ്ങൾ എല്ലാം അവിടെ ലഭിച്ചിരുന്നു .വീടിന്റെ അവിടെ എത്തുന്നതിനു മുൻപുള്ള ചെറിയ കവലയിലെ ആല്മരച്ചോട്ടിൽ എത്തിയപ്പോൾ ശബരി വണ്ടി നിർത്തി എന്റെ നേർക്ക് തിരിഞ്ഞു ” ഇത്തിരി സമയം ഇവിടിരുന്നു പോയാൽ പോരെ ?? ഞാൻ സമ്മതം കാണിച്ചൊന്നു മൂളി .
വെയിൽ ആറിത്തുടങ്ങി ,ആൽമരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോളും ഞാനെന്റെ ആലോചനകളിൽ നിന്നും മുക്തനായിരുന്നില്ല .കുറച്ചു സമയം എന്നെ ശല്യപ്പെടുത്താതെ നിന്ന ശബരി സഹികെട്ട് എന്റെ മുഖം അവന്റെ നേർക്ക് തിരിച്ചുപിടിച്ചു .”നിന്റെ പ്ലാനെന്താടാ പന്നീ , ഇന്നുവരെ നീ പ്രേമിച്ചിരുന്നെന്നു പോലും അറിയാത്ത ഒരുത്തി നിന്നോട് പിന്നാലെ നടക്കരുതെന്നു പറഞ്ഞതുകൊണ്ട് നിന്റെ ഇനിയുള്ള ജീവിതം ഇങ്ങനെ മണ്ടനായി ജീവിക്കാനാണോ ….?