കളിക്കിടയിൽ ഫീൽഡിങ്ങിനായി ഓടുമ്പോൾ ശ്രദ്ധയില്ലാതെ കേറി ഇടിച്ചുവീണതാണ് ആദ്യ സമാഗമം.സോറി പറഞ്ഞു എണീക്കുമ്പോൾ ദേഷ്യം കൊണ്ട് ചുവന്ന മുഖവും വേദന കൊണ്ട് പാതി നിറഞ്ഞ ആ ചാരക്കണ്ണുകളുമായി അവൾ വെട്ടിത്തിരിഞ്ഞു പോയിക്കഴിഞ്ഞിരുന്നു .അന്ന് തൊട്ടു ആ കണ്ണുകളെ ഞാൻ അവളറിയാതെ പിന്തുടർന്നുകൊണ്ടിരുന്നു ,പറയാനുള്ള ധൈര്യം ഉണ്ടാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ .
പ്രണയിക്കുമ്പോൾ അത്യാവശ്യമായി ഒരാള്ക്കു വേണ്ടത് അത് തുറന്ന് പറയാനുള്ള ധൈര്യമാണ് എന്ന് ഉള്ളിലുണ്ടെങ്കിലും എനിക്ക് ആ ധൈര്യം ഒരിക്കലും ഉണ്ടായിരുന്നില്ല , സാധാരണ കോളേജ് കഴിയുന്നത് വൈകീട്ട് 3.15ന് ആണ് , അവൾ പോകുന്നത് 3.30ന്റെ ബസിനും .കോളേജ് സ്റ്റോപ്പിൽ അവൾ കൂട്ടുകാരോടൊപ്പം നിൽക്കുമ്പോൾ മുതൽ കാണാമറയത്ത് നിന്നും പോകുന്നതുവരെ നോക്കിനിൽക്കലായിരുന്നു എന്റെ പ്രണയം.3.30 മുതലുള്ള ക്രിക്കറ്റ് പ്രാക്ടിസ് ഞാൻ ചേരുമ്പോളേക്കും തുടങ്ങിയിട്ടുണ്ടാവും ..ആദ്യമൊക്കെ തെറി പറഞ്ഞിരുന്നെങ്കിലും ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നോർത്തോ എന്തോ ഇപ്പൊ ഒന്നും പറയാറില്ല..
എന്റെ കുഞ്ഞുനാൾ മുതലുള്ള ഇഷ്ടങ്ങൾ ഒന്ന് ക്രിക്കറ്റും മറ്റൊന്ന് ശബരിയും ആയിരുന്നു , അടുത്തടുത്ത വീടുകളിൽ ആയതിനാലും ഒന്നിച്ചു കളിച്ചും പഠിച്ചും വളർന്നതിനാലും അവനില്ലാത്തൊരു സമയം ജീവിതത്തിൽ വളരെ കുറവാണു.അതുകൊണ്ടുതന്നെ എന്റെ മനസ് അവനു പെട്ടെന്ന് മനസിലാകും .ഈയൊരു ഇഷ്ടം തുടങ്ങിയതുമുതൽ പ്രാക്ടിസിനു വരുന്ന മറ്റു തെണ്ടികളെല്ലാം ഒരുമാതിരി ആക്കി ആനന്ദിക്കുന്നുണ്ട് , ഇവനാണ് അതിന്റെ സൂത്രധാരൻ ..വൺവേ പ്രണയമാണെങ്കിലും അവരുടെ കളിയാക്കലുകൾ ഉള്ളിൽ ആസ്വദിക്കുന്നതിനു തെറ്റില്ലല്ലോ ..
പക്ഷെ ഇപ്പോൾ എന്താണ് സംഭവിച്ചത് …വെറും കുറച്ചു നിമിഷങ്ങൾ കൊണ്ട് ഭൂമിയിൽ കീഴ്മേൽ മറിഞ്ഞുപോയി , , ” ഡാ പോട്ടെ , നീ കരയാതെ വന്നേ ” ശബരി എന്നെ കുലുക്കിയുണർത്തി പറഞ്ഞപ്പോഴാണ് ഇപ്പോളും ആ പൂവാകതണലിൽ നിയന്ത്രണമില്ലാതെ ഒഴുകുന്ന കണ്ണീരും നെഞ്ചിൽ ചേർത്തു പിടിച്ചിരിക്കുന്ന അവന്റെ കയ്യുമായി ഞാൻ ഇരിക്കുകയാണെന്ന ബോധം വന്നത് ..എന്നെ ബലമായി പിടിച്ചെഴുന്നേല്പിച്ചു ക്ലാസിനു നേരെ നടക്കുമ്പോൾ ഞാൻ അവനോടു കെഞ്ചി “വീട്ടിൽ പോവാം ,എനിയ്ക്കിന്നു ഇനി ആരെയും ഫേസ് ചെയ്യാൻ വയ്യ “..
മറുത്തൊന്നും പറയാതെ എന്നെ അവിടെത്തന്നെ നിർത്തി ബാഗുകൾ എടുത്തു അവൻ പുറത്തുവന്നു , ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറകിൽ കേറ്റി അവൻ മെല്ലെ പോയിക്കൊണ്ടിരുന്നു , ഞാൻ എന്തോ ക്ഷീണിച്ചു അവന്റെ വയറിൽ ചുറ്റിപ്പിടിച്ചു പുറത്തു തലചായ്ച്ചു കണ്ണുകൾ അടച്ചു …നഷ്ടപ്രണയം വൺവേ ആണെങ്കിലും, പരസ്പരം ഉണ്ടെങ്കിലും ആത്മാർത്ഥമായിട്ടാണെങ്കിൽ അത് തീർച്ചയായും നിങ്ങളുടെ ഹൃദയം മുറിച്ചിരിക്കും ..പ്രിയപ്പെട്ടതൊന്നു നഷ്ടപ്പെടുക എന്ന സമയം അതിജീവിക്കുക കഠിനമാണ്..