ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് ഓടിക്കയറി .
അച്ഛന്റെ മടിയിൽ ഇരുന്നു ഒരു കോലുമുട്ടായിയും നുണഞ്ഞുകൊണ്ടാണ് ചെക്കന്റെ ഇരിപ്പു . എന്നെ കണ്ട ഭാവം പോലും ഇല്ല .
“ഇങ്ങള് ഇവനെ മെരുക്കിയെടുത്തോ ?”
അച്ഛന്റെ മടിയിൽ ഒതുങ്ങി ഇരിക്കുന്ന ആദിയെ നോക്കികൊണ്ട് ഞാൻ ഉമ്മറത്തെ തിണ്ണയിലേക്കിരുന്നു .
“ആഹ്..കുട്ട്യോള് അല്ലെ…സ്ഥിരായിട്ട് ഒരാളെ കാണുമ്പോ കൂട്ടായിക്കോളും”
അവന്റെ നെറുകയിൽ തഴുകികൊണ്ട് അച്ഛൻ ചിരിച്ചു .
“ഹ്മ്മ്….”
ഞാൻ മൂളികൊണ്ട് അകത്തേക്ക് പാളിനോക്കി . നമ്മുടെ സ്വന്തം ആള് അവിടെ എവിടേലും ഉണ്ടോ എന്ന് നോക്കിയതാണ് .ഊഹം തെറ്റിയില്ല , റോസിമോള് ഹാളിലെ നിലത്തൂടെ മുട്ടിലിഴഞ്ഞു നടക്കുന്നുണ്ട് . അങ്ങിങ്ങായി ചിതറി കിടക്കുന്ന ടോയ്‌സ് ഒകെഎടുത്തു അവള് എന്തൊക്കെയോ ചെയ്തു കൂട്ടുന്നുണ്ട് .
“ഡീ …പൊന്നൂസേ..അച്ഛടെ മുത്തേ …”
അവളെ കണ്ടതും ഞാൻ തിണ്ണയിൽ നിന്നും എഴുനേറ്റു ഹാളിലേക്ക് കടന്നു . ഞാൻ വന്നതൊന്നും അറിയാതെ അകത്തു വിലസി നടന്ന അവള് എന്റെ ശബ്ദം കേട്ടതും ഒന്ന് തിരിഞ്ഞു നോക്കി . എന്നെ കണ്ടതോടെ ആ കുഞ്ഞി കണ്ണുകൾ ഏറെ വിടർന്നു . ആ കുഞ്ഞു കവിളിലെ നുണകുഴികൾ വിരിയിച്ചുകൊണ്ട് റോസീമോൾ എന്നെ നോക്കി ചിരിച്ചു .
“ചാ..ച്ച …ചാ ചാ ….”
എന്നെ കണ്ടതും കയ്യിലുണ്ടായിരുന്ന കളിപ്പാട്ടം വലിച്ചെറിഞ്ഞുകൊണ്ട് പെണ്ണ് ഇരുന്നു തുള്ളി . ചുണ്ടിലൂടെ വെള്ളം താഴേക്ക് ഇറ്റിച്ചുകൊണ്ട് പെണ്ണ് ചുണ്ടു ചപ്പി .അവള് സന്തോഷം വന്നാൽ അങ്ങനെയൊക്കെ ആണ് !
“ആഹ് ..ചാച്ചാ തന്നെ …ഇങ്ങട് വന്നേ …”
ഞാൻ അവളെ നോക്കി ചിണുങ്ങി . പിന്നെ അവളെ മാടിവിളിച്ചു . അതോടെ പെണ്ണ് മുട്ടിലിഴഞ്ഞുകൊണ്ട് വേഗത്തിൽ നിരങ്ങി .
“ചാച്ചാ …ചാ ചാ ”
എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് തന്നെയാണ് അവളുടെ ഇഴച്ചില് ! പെണ്ണിന്റെ ശബ്ദം ഒകെ കേട്ട് അടുക്കളയിൽ ഉണ്ടായിരുന്ന എന്റെ അമ്മച്ചിയും ഹാളിലേക്ക് വന്നു . അപ്പോഴേക്കും ഞാൻ പെണ്ണിനെ ഓടിച്ചെന്നു കോരി എടുത്തിരുന്നു .
“പൊന്നൂസേ ….ഉമ്മ്ഹ ….”
അവളുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് ഞാൻ എന്റെ സ്നേഹം പ്രകടിപ്പിച്ചു . തിരിച്ചു എന്റെ കവിളിലേക്ക് മുഖം ചായ്ച്ചു വെച്ചുകൊണ്ട് അവളും ചിരിച്ചു .