“അതിനു നീയാണോ പാല് കൊടുക്കുന്നത് ..നമ്മുടെ ഫാഷൻ പരേഡ് എവിടെ ?”
മായേച്ചി എന്നെ നോക്കി ചിരിയോടെ തിരക്കി .
“ഇപ്പൊ വരും…”
ഞാൻ പയ്യെ ചിരിച്ചുകൊണ്ട് മഞ്ജുസിനെ ഒന്നുടെ വിളിച്ചു . അതോടെ അവളും അമ്മയും കൂടി അകത്തു നിന്നും ഉമ്മറത്തേക്ക് എഴുന്നള്ളി. വീട്ടുവേഷമായ നൈറ്റിയിൽ തന്നെയാണ് മഞ്ജുസ് , അവളുടെ അമ്മയാണെങ്കിൽ സാരി തന്നെയാണ് പതിവ് .
“ആഹാ….ഇത്ര പെട്ടെന്ന് എത്തിയോ ..”
വിരുന്നുകാരെ കണ്ടു മഞ്ജുസ് ചിരിച്ചു .പിന്നെ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് മായേച്ചിയെ കെട്ടിപിടിയ്ച്ചു .
“എന്തൊക്കെ ഉണ്ടെടി വിശേഷം ? ”
മായേച്ചിയിൽ നിന്നും അകന്നു മാറികൊണ്ട് അവൾ തിരക്കി . ആ സമയത്തു മഞ്ജുസിന്റെ അമ്മ എന്റെ അടുത്തേക്ക് വന്നു മോളെ തിരികെ വാങ്ങി . പിന്നെ വിവേകേട്ടനെ നോക്കി പുഞ്ചിരിച്ചു.
“എന്ത് വിശേഷം..ഇങ്ങനെ പോണൂ ..നീ ഇല്ലാത്തോണ്ട് കോളേജിലും ബോറഡിയാ ”
മായേച്ചി ചിരിച്ചുകൊണ്ട് മറുപടി നൽകി .
“ഹ്മ്മ്…”
മഞ്ജുസ് അതുകേട്ട് പയ്യെ ചിരിച്ചുകൊണ്ട് മൂളി .
“മക്കള് ഇരിക്ക് …ഞാൻ ചായ എടുത്തിട്ട് വരാം….എന്തായാലും ഇനി ഉണ്ടിട്ടൊക്കെപോയാൽ മതി ”
അമ്മ വന്നതോടെ എഴുനേറ്റു നിന്ന വിവേകേട്ടനോടായി പുള്ളിക്കാരി പറഞ്ഞു .
“അയ്യോ..അതൊന്നും വേണ്ടമ്മേ…പോയിട്ട് തിരക്കുണ്ട്”
ആ ക്ഷണം നിരസിച്ചുകൊണ്ട് വിവേകേട്ടൻ പയ്യെ പറഞ്ഞു .
“ഒരു പിണ്ണാക്കും ഇല്ല ..ചുമ്മാ പറയുവാ…അമ്മ പോയി ഒകെ റെഡിയാക്കിക്കോ ”
വിവേകേട്ടന്റെ ഒഴിഞ്ഞുമാറാലു കണ്ടു ഞാൻ ഇടയ്ക്കു കയറി .
“അതെ …ആദ്യായിട്ടല്ലേ ഇവിടെ വരുന്നേ ..അപ്പൊ കുറച്ചു നേരം ഒകെ ഇരുന്നിട്ട് പോയാൽ മതി ”
മഞ്ജുസും എന്നെ അനുകൂലിച്ചു .
മഞ്ജുസിന്റെ അമ്മച്ചി അതൊക്കെ കേട്ട് ചിരിച്ചു . പിന്നെ റോസിമോളെയും എടുത്തു അകത്തേക്ക് പോയി . അവളെ കൊണ്ടുപോയി കിടത്തിയിട്ട് വേണം ചായ എടുക്കാൻ . മഞ്ജുസിന്റെ അച്ഛൻ ആ നേരത്തു അവിടെ ഉണ്ടായിരുന്നില്ല. മുത്തശ്ശിയെ ഡോക്ടറെ കാണിക്കാൻ വേണ്ടി പാലക്കാടോ തൃശൂരോ പോയേക്കുവാണ് .
അമ്മച്ചി അകത്തേക്ക് പോയതോടെ പിന്നെ ഞങ്ങള് വീണ്ടും സംസാരം തുടങ്ങി .
“പിന്നെ എന്തൊക്കെ ഉണ്ട് വിവേകേ..ക്ഷണം ഒകെ തുടങ്ങിയോ ?”
മായേച്ചിക്കൊപ്പം തിണ്ണയിലേക്ക് ഇരുന്നുകൊണ്ട് മഞ്ജുസ് പുള്ളിയെ നോക്കി .
“ഇല്ല ..ആദ്യം നിങ്ങളെ വിളിച്ചിട്ട് തുടങ്ങാമെന്ന് കരുതി..ഇവൻ ആണല്ലോ ഇതിന്റെ ഒക്കെ കാരണം ”
എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് വിവേകേട്ടൻ തട്ടിവിട്ടു .