“ഹ്മ്മ്….ഞങ്ങള് തമ്മിൽ അങ്ങനെ അധികം കണ്ടിട്ടില്ല . ഇടക്കു വാട്സ് ആപ്പിലൊക്കെ സ്റ്റാറ്റസ് കാണാറുണ്ട് ”
കാർത്തിക് ചിരിയോടെ പറഞ്ഞു .
“ഹ്മ്മ്..അത് പതിവാ ..”
ഞാൻ ചിരിയോടെ പറഞ്ഞു .
“നല്ല ലുക്ക് ആണ് ..ഉള്ളത് പറയണമല്ലോ ”
കാർത്തിക് എന്റെ തോളിൽ കയ്യിട്ടു ചിരിച്ചു .
“അതുകൊണ്ടാണല്ലോ ഞാൻ നോട്ടം ഇട്ടതു ….”
ഞാനും അത് ശരിവെച്ചു ചിരിച്ചു .
“ഹ ഹ ..”
കാർത്തിയും അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു . അപ്പോഴേക്കും വിവേകേട്ടൻ മണ്ഡപത്തിലേക്ക് കയറി ഇരുന്നു കഴിഞ്ഞിരുന്നു . പൂജാരിയുടെ വക കർമങ്ങളും പൂജകളുമൊക്കെ ഒരു വഴിക്ക് നടക്കുന്നുണ്ട്. താലി പൂജിക്കുന്ന ചടങ്ങാണ് . കൃഷ്ണൻ മാമയും മോഹനൻ മാമയും വല്യച്ചനും മായേച്ചിയുടെ അമ്മാവനും മഹേഷേട്ടനുമൊക്കെ മണ്ഡപത്തിനു അടുത്ത് തന്നെ നിൽപ്പുണ്ട് .
ആ സമയത്താണ് മഞ്ജുസിന്റെ വിളി . അരയിൽ തിരുകിയ ഫോൺ അപ്പോഴാണ് ഞാൻ പുറത്തേക്ക് എടുക്കുന്നത് . മഞ്ജുസിന്റെ കാൾ ആണ് .
“നൂറു ആയുസാണ് തെണ്ടിക്ക് …ദേ നോക്കിയേ ”
ഞാൻ കാർത്തിയെ തോണ്ടിക്കൊണ്ട് കാൾ കണക്ട് ആക്കി .
“ആഹ്..പറ മോളെ ”
ഞാൻ ചിരിയോടെ തിരക്കി .
“എന്തായെടാ ? തുടങ്ങിയോ ?”
മഞ്ജുസ് അറിയാനുള്ള ആകാംക്ഷയോടെ തിരക്കി .
“ആഹ്..ഇപ്പൊ തുടങ്ങും…പെണ്ണ് ഇറങ്ങാറായി ”
ഞാൻ ചുറ്റുപാട് ഒകെ നിരീക്ഷിച്ചുകൊണ്ട് പയ്യെ തട്ടിവിട്ടു .
“ആണോ..എന്ന ഞാൻ പറഞ്ഞപോലെ വീഡിയോ കാൾ ചെയ്യ് …കാണട്ടെ …”
മഞ്ജുസ് തിരക്ക് കൂട്ടി .
“ആഹ്..അത് മറന്നു …ഇപ്പൊ വിളിക്കാം..നീ വെച്ചോ ”
ഞാൻ അയ്യേ പറഞ്ഞുകൊണ്ട് കാൾ കട്ടാക്കി .പിന്നെ വീഡിയോ കാൾ വഴി അവളെ വിളിച്ചു .സംസാരിക്കാൻ ഒന്നും നിൽക്കാതെ കല്യാണ പന്തലിലെ ദൃശ്യങ്ങൾ റിയർ കാമറ വഴി പകർത്തികൊണ്ട് അവളെ കാണിച്ചു തുടങ്ങി .
കാർത്തിക്കിനൊപ്പം ഞാൻ കുറേക്കൂടി വ്യക്തതയോടെ ദൃശ്യങ്ങൾ കിട്ടുന്ന ഒരു മൂലയിലേക്ക് മാറി . സ്വല്പം കഴിഞ്ഞതോടെ മായേച്ചി മണ്ഡപത്തിലേക്ക് വന്നു . മണവാട്ടിയുടേതായ ചെറിയ നാണങ്ങളോടെ അവള് മണ്ഡപത്തിൽ വിവേകേട്ടന്റെ അടുത്തായി വന്നിരുന്നു .
ചമ്രം പടിഞ്ഞിരുന്ന ഇരുവരും ഒന്ന് മുഖാമുഖം നോക്കി പുഞ്ചിരിച്ചു . ഞാനതൊക്കെ ഒപ്പിയെടുത്തുകൊണ്ട് മഞ്ജുസിനെ കാണിക്കുന്നുണ്ട്. ഒടുക്കം ആ മുഹൂർത്തം വന്നെത്തി . അവിടെ കൂടിയിരുന്നവരെ ഒകെ സാക്ഷിയാക്കി വിവേകേട്ടൻ മായേച്ചിയുടെ കഴുത്തിൽ മിന്നുകെട്ടി ,പരസ്പ്പരം ഹാരങ്ങൾ കൈമാറി . അവളുടെ സീമന്ത രേഖയിൽ ഞങ്ങളെയൊക്കെ സാക്ഷിയാക്കി വിവേകേട്ടൻ സിന്ദുരം അണിയിച്ചു . പര്സപരം വിവാഹ മോതിരങ്ങൾ കൈമാറി !