സാധാരണ കുഞ്ഞുങ്ങൾക്കുണ്ടാവുന്ന ഭംഗിയുള്ള രൂപമോ വലിപ്പമോ ഒന്നും ആ സമയത്തു അവർക്കുണ്ടായിരുന്നില്ല. കണ്ടാൽ പേടിക്കുന്ന പോലെ കുറെ ട്യൂബുകളും വയറുകളും ചുറ്റും ഉണ്ട് ! വായിലൂടെ ഭക്ഷണം എത്തിക്കാവുന്ന തരത്തിൽ മറ്റൊരു ട്യൂബും ഘടിപ്പിച്ചിട്ടുണ്ട്.
അത് കണ്ടിട്ടോ എന്തോ ആ ചില്ലു കൂട്ടിനു അരികിലേക്ക് നടന്നടുത്തതും മഞ്ജുസ് എന്നെയൊന്നു നോക്കി .ആ മിഴികൾ ചെറുതായി നനഞ്ഞിരുന്നോ എന്നെനിക് സംശയം തോന്നാതിരുന്നില്ല.
“എന്തുവാടി ഇത് …”
ഞാൻ അവളുടെ ഭാവം കണ്ടു കണ്ണുരുട്ടി . പിന്നെ അവളെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ചു ആ കൂട്ടിനടുത്തേക്ക് നീങ്ങി .
അതിനുള്ളിലെ വെളിച്ചത്തിൽ ചുരുണ്ടു കിടക്കുന്ന ആദികുട്ടനെ ആണ് ഞങ്ങൾ ആദ്യം കണ്ടത് . അവന്റെ രൂപം ഒന്നും ശരിക്കു ഒരു കുട്ടിയുടെ സാധാരണയുള്ള പരുവത്തിലേക്ക് മാറിയിരുന്നില്ല . അവിടത്തെ മെഷീനുകളുടെ നേർത്ത ശബ്ദങ്ങൾ മാത്രം കാതിൽ ഏറ്റുവാങ്ങിക്കൊണ്ട് ഞാനും അവളും സ്വൽപ്പനേരം നിശബ്ദമായി നിന്ന് അവനെ കണ്ടു നിന്നു.
“ഇതെന്താ കവി ഇങ്ങനെ ?”
മഞ്ജുസ് അവന്റെ രൂപം കണ്ടു എന്നെ നോക്കി കണ്ണുനിറച്ചു . പിന്നെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് പയ്യെ ചിണുങ്ങി .
“എന്തുവാ മഞ്ജുസേ..ആ നേഴ്സുമാരൊക്കെ കാണും …മാറിക്കെ”
ഞാൻ അവളെ പിടിച്ചുമാറ്റികൊണ്ട് ചിരിച്ചു .
“എനിക്കിതു കണ്ടിട്ട് എന്തോപോലെ ..”
തൊട്ടടുത്ത് കിടക്കുന്ന റോസിമോളെ കൂട്ടി നോക്കികൊണ്ട് മഞ്ജുസ് കണ്ണ് നിറച്ചു . അവളുടെ കുഞ്ഞുങ്ങൾ ഏതാണ്ട് വളർച്ച മുരടിച്ചു എന്നെന്നേക്കുമായി നിന്നുപോയ പോലെയാണ് കക്ഷിയുടെ പെരുമാറ്റം .
“എന്തുപോലെ ? ഒന്ന് പോയെ നീ …”
ഞാൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു . പക്ഷെ ഉള്ളിന്റെ ഉള്ളിൽ എനിക്കും ചെറിയ ഡൗട്ട് ഉണ്ടായിരുന്നു .
“നമുക്ക് പോവാം …”
അധിക നേരം അവരെ കാണാൻ വയ്യ എന്ന പോലെ മഞ്ജുസ് ചിണുങ്ങി .
“മോളെ കാണണ്ടേ ?’
ഞാൻ അവളെ സംശയത്തോടെ നോക്കി .
“വേണ്ട നമുക്ക് പോവാം…”
കുഞ്ഞുങ്ങൾ ഏതാണ്ട് ഐ.സി.യുവിൽ കിടക്കുന്നപോലെ മഞ്ജുസ് കരച്ചിലിന്റെ വക്കിലെത്തി .
“ഇതിനാണോ പോത്തേ നീ കിടന്നു തുള്ളിയിരുന്നത് ?”
ഞാൻ അവളെ ചെറിയ ദേഷ്യത്തോടെ നോക്കി .
“ഇവര് വലുതാവോ ഡാ ?”
മഞ്ജുസ് വീണ്ടും അവര് കിടക്കുന്നിടത്തേക്ക് നോട്ടം പായിച്ചുകൊണ്ട് സംശയിച്ചു .