മീറ്റിങ്ങ് നടന്ന ദിവസങ്ങളിൽ എല്ലാം സുചിത്ര എന്റെ കൂടെ തന്നെയായിരുന്നു. ഞാനും അവളും കൂടി വേർപിരിയാ ചങ്ങാതികളെ പോലെ ആ മീറ്റിങ്ങ് മുഴുവൻ അറ്റൻഡ് ചെയ്തത്. മീറ്റിങ്ങിന്റെ അവസാന ദിവസം ഞങ്ങളുടെ കമ്പനി ഞങ്ങൾക്ക് ഒരു ക്ളബ്ബിൽ പാർട്ടി ഒരുക്കിയിരുന്നു. മദ്യം ധാരാളം ഒഴുകിയിരുന്നു ആ പാർട്ടിയിൽ. ഞാൻ വെറും മൂന്ന് പെഗ് വിസ്കി മാത്രമേ കഴിച്ചുള്ളൂ. അവൾ ഒരു ബോട്ടിൽ ബിയറും. സുചിത്ര ഡാൻസ് ഫ്ലോറിൽ കയറി ആടിതിമിർത്തു. ഞാനും ഡാൻസ് ഫ്ലോറും പണ്ടേ ദുശ്മൻ ആണ്. അവൾ എന്നെ രണ്ട് മൂന്ന് തവണ കൂട്ടി കൊണ്ടു പോയെങ്കിലും ഞാൻ അവിടെ നിന്നെല്ലാം വിദഗ്ധമായി മുങ്ങി.
പന്ത്രണ്ട് മണിയോടെ പാർട്ടി നിർത്തി എല്ലാവരും പിരിഞ്ഞു. ഞാൻ എന്റെ റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോൾ സുചിത്ര എന്നെ തടഞ്ഞു.
“വാ ജയ് നമ്മുക്ക് കുറച്ചു നേരം നടക്കാം.”
ഞാനും സുചിത്രയും കൂടി റിസോർട്ടിനുള്ളിലുള്ള നടപ്പാതയിലൂടെ നടക്കാൻ തുടങ്ങി. ആ നടപാതക്ക് ഇരുവശത്തും പലനിറത്തിലുള്ള പൂവുകൾ പൂത്ത് നിൽക്കുന്നു. മീറ്റിങ്ങ് തുടങ്ങിയ നാൾ മുതൽ എന്നോട് നിർത്താതെ സംസാരിച്ചിരുന്ന ആൾ അപ്പോൾ പതിവില്ലാത്ത വിധം മൗനിയായിരുന്നു. ഒടുവിൽ മൗനം ഭഞ്ജിച്ചു കൊണ്ട് അവൾ ചോദിച്ചു.
“ജയ് ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ.”
ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
“എന്നെ കുറിച്ച് ജയുടെ അഭിപ്രായം എന്താണ്.”
ഞാൻ അവളെ നോക്കി. “സ്മാർട്ട്, കോണ്ഫിഡന്റ്, ഇൻഡിപെൻഡന്റ് വുമൺ.”
അവൾ ഒന്നും പറഞ്ഞില്ല. ഞങ്ങൾ നടന്നു നടന്നു സ്വിമ്മിങ് പൂളിന്റെ അടുത്തെത്തി. മുകളിൽ എരിഞ്ഞിരുന്ന ഹാലൈഡ് ബൾബിന്റെ വെളിച്ചത്തിൽ ആ പ്രദേശം പ്രകാശപൂരിതമായിരുന്നു. ഞങ്ങൾ അവിടെ പൂളിന്റെ കരയിൽ ചെടികളുടെ നിഴൽ കൊണ്ട് വെളിച്ചം കുറഞ്ഞ ഭാഗത്ത് രണ്ട് സ്വിമ്മിങ് പൂളിന്റെ കരയിൽ ആളുകൾ റിലാക്സ് ചെയ്യാൻ ഉപയോഗിക്കുന്ന കസേര ഇരിപ്പുണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേരും ആ കസേരകളിൽ ഇരുന്നു.
ഞാൻ സുചിത്രയുടെ മുഖത്തേക്ക് നോക്കി. സ്വിമ്മിങ് പൂളിലെ നിശ്ചലജലം പോലെ ശാന്തമായിരുന്നു അവളുടെ മുഖം പക്ഷേ അവളുടെ കണ്ണുകളിൽ ആർത്തിരമ്പുന്ന സമുദ്രം കാണാമായിരുന്നു.
“സ്മാർട്ട് കോണ്ഫിഡന്റ് ഇൻഡിപെൻഡന്റ് വുമണ്.” സുചിത്ര ഞാൻ കുറച്ചു മുൻപ് പറഞ്ഞത് ആവർത്തിച്ചു. എന്നിട്ട് ഒരു പുച്ഛചിരി ചിരിച്ചു കൊണ്ട് തുടർന്ന്. ” ജയ് ഡൂ യു നോ ഹൗ ഹോളോ ഐ ആം ഇൻസൈഡ്. എ ബിഗ് ഹോളോ ഡ്യു ടു ലോൺലിനെസ്സ്.