ഞാൻ എന്റെ ബോസിനെ വിളിച്ചു നടന്നത് എല്ലാം അറിയിച്ചു. ബോസിനോട് സംസാരിച്ചു. അത് കഴിഞ്ഞു അമ്മയുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം. താഴെ പോയി പണി എടുക്കാൻ ഒരു മൂഡ് കിട്ടുന്നില്ല. കുറച്ചു നേരം കൂടി ഇരുട്ടിൽ ഇരുന്നു സമയം കളഞ്ഞപ്പോൾ മനസ്സ് വളരെയധികം ശാന്തമായി. ഇനി താഴേക്ക് പോകാം എന്ന് വിചാരിച്ചു നിൽക്കുമ്പോൾ എന്റെ ടീമിലെ ഒരു പയ്യൻ എന്നെ ഫോണിൽ വിളിച്ചു.
“ജയ് സർ, സാറിനെ അഖില മാഡം അന്വേഷിക്കുന്നു. സാറിനോട് എച് ആർ ബേയിലേക്ക് പെട്ടന്ന് ചെല്ലാൻ പറഞ്ഞു.”
ഞാൻ എച് ആർ ബേയിലേക്ക് ചെന്നു. എന്നെ കാത്തു കൊണ്ട് ഞങ്ങളുടെ എച് ആർ എക്സിക്യൂട്ടീവ് ആയ മേഘ്‌ന നിൽക്കുന്നു. പതിവ് ചുരിദാർ ഒഴിവാക്കി അന്ന് മേഘ്‌ന സാരിയിൽ ആയിരുന്നു. ഞങ്ങളുടെ ഓഫീസിലെ ചെറുപ്പക്കാരുടെ ഉറക്കം കളയുന്ന ഒരു കൊച്ചു സുന്ദരിയാണവൾ. അവളുടെ കല്യാണകത്ത് ലഭിച്ച അന്ന് പരിസരത്തെ മദ്യകടകളിലെ സ്റ്റോക്ക് മുഴുവൻ സോൾഡ് ഔട്ട് ആയി എന്ന ഒരു പരദൂഷണം ഞങ്ങളുടെ ഓഫീസിൽ മുഴങ്ങി കേട്ടിരുന്നു. മേഘ്‌നയോട് രണ്ട് മിനിറ്റ് പഞ്ചാരയടിച്ചു അവളുടെ വിവാഹവാർഷികം പ്രമാണിച്ച് ലഭിച്ച മഞ്ചും കഴിച്ചു ഞാൻ എച് ആർ മീറ്റിങ്ങ് റൂമിലേക്ക് കയറി.
എച് ആർ മീറ്റിങ്ങ് റൂം എന്നത് ഒരു ചെറിയ റൂം ആണ്. അതിൽ ഒരു വട്ടമേശയും മൂന്ന് കസേരയും മാത്രമേ ഉള്ളൂ. സാധാരണ ഇന്റർവ്യൂകളും ചെറിയ മീറ്റിങ്ങുകളും മാത്രമാണ് ആ റൂമിൽ നടക്കാറ്.
ഞാൻ റൂമിലേക്ക് കയറിയപ്പോൾ വാതിലിന് അഭിമുഖമായി ഇടത്ത് ഭാഗത്തെ കസേരയിൽ അഖില ഇരിക്കുന്നു വലത്തേ ഭാഗത്ത് സുചിത്രയും. ഞാൻ ഇത്രയും കാലം കണ്ട സുചിത്രയിൽ നിന്നും വളരെ വ്യത്യസ്‌തയായിരുന്നു ആ മുറിയിൽ കണ്ട സുനിത. കുറച്ചു മുൻപ് ബാധ കേറി ഭദ്രകാളിയെ പോലെ തുള്ളിയവൾ ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട സിറിയൻ അഭയാർത്ഥിയെ പോലെ തോന്നിച്ചു. കരഞ്ഞത് കൊണ്ട് കണ്ണ് മുഴുവൻ കലങ്ങിയിട്ടുണ്ട്. ശരീരം മുഴുവൻ കോണ്ഫിഡൻസും ആറ്റിറ്റ്യൂഡുമായി നടന്ന ആ പ്രൗഡ വനിതയുടെ നിസ്സഹായമായ ഇരുപ്പ് എന്നിൽ സഹതാപം ഉണർത്തി.
ഞാൻ മുറിയിലെ ഡോറിന് എതിരായിട്ടുള്ള മൂന്നാമത്തെ കസേരയിൽ ഇരുന്നു. പുറത്ത് നിന്നും ഒരു കസേര എടുത്തു വന്ന് വാതിലിനടുത്തു മേഘ്‌ന ഇരുപ്പായി. എല്ലാവരും വന്നു എന്നതിനാൽ അഖില എന്നോട് സംസാരിക്കാൻ തുടങ്ങി.
കുറെ ബിസിനസ് ജാർഗൺ ഉപയോഗിച്ച് അഖില സംസാരിച്ചതിന്റെ കാതൽ എന്നത് ഞാൻ സുചിത്രക്കെതിരെ പരാതിപ്പെടണം എന്നതായിരുന്നു. ഒരു നിമിഷത്തിന്റെ തെറ്റിൽ ഞാൻ സുചിത്രയെ കൈവിടാൻ ഒരുക്കമല്ല. ഒരു തരത്തിൽ ഞാനും ആ സംഭവം ഊതി വീർപ്പിച്ചതിൽ തെറ്റുകാരനാണ്. എല്ലാം തകർന്ന മട്ടിലിരിക്കുന്ന അവളെ പിന്നെയും ചവിട്ടാൻ മാത്രം മനസാക്ഷി ഇല്ലാത്തവൻ ഒന്നും അല്ല ഞാൻ. അത് കൊണ്ട് തന്നെ ഞാൻ പരാതിപ്പെടുന്നില്ല എന്ന് തീരുമാനിച്ചു. അഖില സംസാരിച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.
“അഖില എനിക്ക് പരാതി ഒന്നുമില്ല. കുറച്ചു ആലോചിച്ചപ്പോൾ എന്റെ ഭാഗത്താണ് തെറ്റ്. അത് കൊണ്ട് ഞാൻ സുചിത്രയോട് ക്ഷമ ചോദിക്കുന്നു.” ഞാൻ സുചിത്രയുടെ നേരെ തിരിഞ്ഞു കൊണ്ട്. “സുചിത്ര ഐ ആം എക്സ്ട്രീമിലി സോറി ഫോർ വാട്ട് ഹാസ് ഹാപ്പൻഡ്. നോ ഹർട്ട് ഫീലിംഗ്‌സ് പ്ലീസ്.”
എന്റെ ക്ഷമ പറച്ചിൽ കേട്ടപ്പോൾ അത്രയും നേരം തല കുമ്പിട്ടിരുന്ന സുചിത്ര എന്തോ വലിയ അതിശയം കാണുന്ന പോലെ കണ്ണു തുറിച്ചു കൊണ്ട് എന്നെ നോക്കി. അഖില എന്നോടായി തുടർന്നു.