പോകുന്നതിനു മുന്‍പ് എനിക്ക് ആദിയെ ഒന്ന്‍ കാണണം എന്നുണ്ടായിരുന്നു. ആദിയെ ആണെങ്കില്‍ ബിസിനസ് വിപുലപെടുത്താനായി യൂറോപ്പില്‍ ടൂറില്‍ ആയിരുന്നു. ഫോണില്‍ കൂടിയും കിട്ടുന്നില്ല. ഒടുവില്‍ ഞാന്‍ പോകുന്ന അന്ന്‍ ആദി എന്നെ തേടി ഗുഡ്ഗാവില്‍ എത്തി. ഞാന്‍ സന്തോഷത്തോടെ ആദിയോട് എല്ലാ കാര്യങ്ങളും പറഞ്ഞു.
ആദി: “സുചി. നീ പോകേണ്ട. ബിസിനസ് ഒക്കെ സെറ്റ് ആയി തുടങ്ങുന്നു. ഞാന്‍ ഓടി നിന്നെ കാണാന്‍ വന്നത് നിന്നെ പ്രപോസ് ചെയ്യാനാണ്.”
ഞാന്‍: “നീ എന്താണീ പറയുന്നത്. നമ്മുടെ കാര്യം നിനക്ക് അറിയില്ലേ. നമ്മള്‍ തമ്മില്‍ വ്യത്യസ്ത സംസ്ഥാനം ജാതി, മതം, സംസ്കാരം ഒക്കെ വേറെ തന്നെയാണ്. നിന്‍റെ വീട്ടില്‍ ഇതൊന്നും അംഗീകരിക്കില്ല. അത് കൊണ്ട് തന്നെ ഞാന്‍ ഒരിക്കലും നിന്നെ അങ്ങനെ കണ്ടിട്ടില്ല.”
ആദി: “അത് നിനക്ക് എന്‍റെ വീട്ടുകാരെ അറിയാത്തത് കൊണ്ടാണ്. ഞങ്ങള്‍ക്ക് ജാതിയും മതവും സംസ്കാരവും വംശവും പ്രായവും ഒന്നും സ്നേഹത്തിനു മുന്‍പില്‍ ഒന്നും അല്ല. എന്‍റെ കുടുംബത്തില്‍ ആരും അറേഞ്ച്ഡ് മാരിയേജ് ചെയ്തിട്ടില്ല എല്ലാം ലവ് മാരിയേജ് ആയിരുന്നു. സ്വാന്തന്ത്ര്യപൂര്‍വപാകിസ്ഥാനില്‍ നിന്നും പ്രണയിച്ചു ഒളിച്ചോടി വന്നവര്‍ ആണ് എന്‍റെ വല്യമുത്തച്ഛനും വല്യമുത്തശ്ശിയും. പറയാന്‍ തക്കതായ ബന്ധുക്കള്‍ ആരുമില്ല. അച്ഛനും വല്യച്ചനും ഒന്നും എന്‍റെ പ്രണയത്തെ എതിര്‍ക്കില്ല.”
ആദി എന്തു പറഞ്ഞിട്ടും ഞാന്‍ സമ്മതിച്ചില്ല. ഞാന്‍ മൂന്ന്‍ മാസത്തിനു മൂത്തത് ആയത് കൊണ്ട് പൊളിഞ്ഞ പ്രണയം ആയിരുന്നു എന്‍റെത്. ആദിയുമായി ഞാന്‍ മൂന്നര വയസ്സിനു മൂത്തത് ആണ്. ഒരു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെക്കാള്‍ പ്രായം കൂടിയ അഞ്ജലിയെ കല്യാണം കഴിച്ചു എന്ന് വിചാരിച്ചു ഇന്ത്യ പോലെ പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ ആരും തന്നെ തങ്ങളുടെ മകന് അവനെക്കാള്‍ പ്രായം കൂടിയ പെണ്ണിനെ കല്യാണം കഴിക്കാന്‍ സമ്മതിക്കില്ല. അത് കൊണ്ട് തന്നെ ആദിയോട് എനിക്ക് യെസ് പറയാന്‍ കഴിഞ്ഞില്ല.
അവസാനം പിരിയാന്‍ നേരത്ത് ഞാന്‍ ആദിയോട്: “ആദി നിന്നെ ഞാന്‍ കല്യാണം വിളിക്കും നീ എന്തായലും വരണം.”
ആദി ഇല്ല എന്ന മട്ടില്‍ തലയാട്ടി. “ഇന്ന് നമ്മള്‍ പിരിഞ്ഞാല്‍ ഞാന്‍ നിന്നെ ബ്ലോക്ക് ചെയ്യും എനിക്ക് ഫ്രണ്ട് സോണില്‍ നില്‍ക്കാന്‍ കഴിയില്ല.”
ആദിയോട് പിന്നെ എന്ത് പറയണം എന്നെനിക്ക് അറിയില്ലായിരുന്നു. ഞാന്‍ തകര്‍ന്ന സമയത്ത എന്നെ കരകയറ്റിയ അവനുമായി മനപൂര്‍വമല്ലെങ്കിലും ഒരു കരട് വീഴ്ത്തി കൊണ്ട് പിരിയേണ്ടി വന്നു.
ഞാന്‍ കൊല്‍ക്കത്തയില്‍ എത്തി. അരിന്ദമും ഞാനും വീണ്ടും ഒരേ ഓഫീസില്‍. അരിന്ദമിന്‍റെ കൂടെ എനിക്ക് കൂടുതല്‍ സമയം ചെലവഴിക്കാന്‍ പറ്റുന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് എല്ലാം പഴയ പോലെ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. എവിടെയൊക്കെയോ ഞാന്‍ ആദിയെ മിസ്സ് ചെയുന്നുണ്ടായിരുന്നു.
മാസങ്ങള്‍ കടന്നു പോയി. ഇന്നാണ് എന്‍റെയും അരിന്ദമിന്‍റെയും എന്ഗേജ്മെന്‍റ്. ഞങ്ങളുടെ എന്ഗേജ്മെന്‍റ് നല്ല രീതിയില്‍ കഴിഞ്ഞു. ഞാന്‍ വാഷ് റൂമില്‍ പോയി തിരിച്ചു വരുമ്പോള്‍ ആണ് അരിന്ദമിന്‍റെ അമ്മയും വേറെ രണ്ടു സ്ത്രീകളും കൂടിയുള്ള സംസാരം കേള്‍ക്കാന്‍ ഇടയായത്.