“എനിക്ക് എന്നെക്കാള്‍ മൂത്ത പെണ്ണിനെ വേണ്ട എന്ന അമ്മയുടെ തിയറിയെ ധിക്കരിക്കാന്‍ കഴിഞ്ഞില്ല. അതിനുള്ള ശിക്ഷ എനിക്ക് കിട്ടി. എന്‍റെ കല്യാണം ഫിക്സ് ആയിരുന്നു. അത് മുടങ്ങി.”
“നിന്‍റെ ജീവിതത്തില്‍ എന്തു നടന്നാലും എനിക്ക് ഒന്നുമില്ല. നിന്നെ ഒരിക്കല്‍ സ്നേഹിച്ചതിന് ഞാന്‍ കുറെ കാലം കരഞ്ഞു. ഞാന്‍ നിന്നെക്കാള്‍ മൂത്തത് ആണ് എന്ന കാര്യം നിനക്ക് നിന്‍റെ അമ്മ പറഞ്ഞപ്പോള്‍ മാത്രമേ നിന്നക്ക് അറിഞ്ഞുള്ളൂ. നമ്മള്‍ തമ്മില്‍ റിലേഷന്‍ തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ ക്ലിയര്‍ ചെയ്തത് അല്ലേ അത്. എന്നിട്ടും നീയാണ് എന്‍റെ പിറകെ വന്നത്. ഒടുവില്‍ എനിക്ക് നിന്നെ പിരിയാന്‍ ആകില്ല എന്ന അവസ്ഥ ആയിരുന്നപ്പോള്‍ കാര്യം കാണാന്‍ നടക്കുന്ന കാമുകരെ പോലെ നീയും എന്നെ നിഷ്കരുണം തഴഞ്ഞു. എന്നെ നീ ബ്ലോക്ക് ചെയ്തു. എപ്പോഴെങ്കിലും ഒരിക്കല്‍ നീ ആലോചിച്ചിട്ടുണ്ടോ എന്‍റെ അവസ്ഥ. ഇപ്പോള്‍ നിന്‍റെ കല്യാണം മുടങ്ങിയപ്പോള്‍ നിനക്ക് ആശ്വാസം തരാന്‍ ഞാന്‍ തന്നെ വേണം അല്ലേ.” ഞാന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
“എന്നെ എന്തു വേണമെങ്കിലും പറഞ്ഞോ എല്ലാം കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ചെയ്ത തെറ്റിന് എല്ലാം ക്ഷമ പറയാനാണ് ഞാന്‍ വിളിച്ചത്.”
“ഒരു ക്ഷമ പറഞ്ഞാല്‍ തീരുന്നത് ആണോ ഞാന്‍ അനുഭവിച്ചത്. എത്രെയെത്ര രാത്രികള്‍ ആണ് ഞാന്‍ ഉറക്കമില്ലാതെ തള്ളി നീക്കിയത്.”
പിന്നെയും എന്തൊക്കെയോ ഞാന്‍ പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും നമ്മുടെ ആദ്യപ്രണയത്തിന് എപ്പോഴും നമ്മുടെ മനസ്സില്‍ എപ്പോഴും ഒരു പ്രത്യേകസ്ഥാനം ഉണ്ടാകും. അത് കൊണ്ടു തന്നെ അരിന്ദമിനോട് ഒരു പരിധിയില്‍ കൂടുതല്‍ ദേഷ്യപ്പെടാന്‍ എനിക്ക് കഴിയുന്നില്ല.
ആദി അപ്പോഴേക്കും അവന്‍റെ ജോലി റിസൈന്‍ ചെയ്തു ബിസിനസിലേക്ക് തിരിഞ്ഞിരുന്നു. ബിസിനസ് കാര്യങ്ങള്‍ ശരിയാക്കാനായി അവന്‍ തിരിച്ചു മുംബൈയിലേക്ക് പോയി. ഞാന്‍ ഗുഡ്ഗാവില്‍ വീണ്ടും ഒറ്റക്കായി. എന്നെ തേടി അരിന്ദമിന്‍റെ കോളുകള്‍ വരാന്‍ തുടങ്ങി, അവന്‍ എന്നോട് ചെയ്തത് പോലെ ഞാന്‍ തിരിച്ചു അവന്‍റെ നമ്പര്‍ ഒന്നും ബ്ലോക്ക് ചെയ്തിരുന്നില്ല. ഞാന്‍ എന്നെ കൊണ്ട് കഴിയുന്ന പോലെ അവനെ മോട്ടിവേറ്റ് ചെയ്തു അവനെ നൈരാശ്യതയുടെ പടുകുഴിയില്‍ നിന്നും കരകയറ്റി.
അങ്ങനെ ഒരു ദിവസം എന്നെ തേടി ഒരു പരിചയമില്ലാത്ത നമ്പറില്‍ നിന്നും ഒരു കോള്‍ വന്നു. ഞാന്‍ എടുത്തു ഹലോ പറഞ്ഞു.
“മോളെ ഞാന്‍ അരിന്ദമിന്‍റെ അമ്മയാണ്. മോളോട് ഒരു കാര്യം ചോദിക്കാനാണ് വിളിച്ചത്. അരിന്ദം ഇപ്പോള്‍ പഴയ പോലെ ഒന്നും അല്ല. മോള്‍ക്ക് മാത്രമേ ഇനി അരിന്ദമിനെ പഴയ പോലെ ആക്കാന്‍ കഴിയുള്ളൂ. അതിന് വേണ്ടി മോളുടെ വീട്ടില്‍ പോയി അരിന്ദമിന് വേണ്ടി ആലോചിക്കട്ടെ. മോള്‍ നോ പറയരുത്. ഒരു അമ്മയുടെ അപേക്ഷയാണ് ഇത്.”
എനിക്ക് എതിര്‍ത്ത് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അല്ലെങ്കിലും ഞാന്‍ അരിന്ദമിനെ പൂര്‍ണ്ണമായും മറന്നിട്ടില്ല. ആദ്യപ്രണയം അങ്ങനെയൊന്നും മറക്കാന്‍ കഴിയുന്നത് അല്ലാലോ. ഒടുവില്‍ ഞാന്‍ സ്വപ്നം കണ്ട അരിന്ദമിനോപ്പമുള്ള ജീവിതം എന്‍റെ മുന്നില്‍ വഴി തുറന്നു നില്‍ക്കുന്നു.
ഞാന്‍ കൊല്‍ക്കത്തയിലേക്കുള്ള ട്രാന്‍സ്ഫറിനായി അപേക്ഷ കൊടുത്തു. ഇപ്രാവശ്യം ദക്ഷിണേന്ത്യന്‍ നഗരത്തില്‍ നിന്നുള്ളത് പോലെ അല്ല. കൊല്‍ക്കത്ത ഗുഡ്ഗാവ് മ്യൂച്ചല്‍ ട്രാന്‍സ്ഫറിനായി കുറെ പേര് ഉണ്ടായിരുന്നു. വേഗം തന്നെ എന്‍റെ ട്രാന്‍സ്ഫര്‍ ശരിയായി.