അത്രമേൽ സ്നേഹിക്കയാൽ 4 [Asuran]

Posted by

പിറ്റേ ദിവസം കാര്യങ്ങള്‍ അറിഞ്ഞ അരിന്ദം കൊല്‍ക്കത്തയില്‍ നിന്നും പറന്നെത്തി. ഹോസ്പിറ്റലില്‍ എന്‍റെ അടുത്ത്‌ നിന്നും എന്നെ ശുശ്രൂഷിച്ചു. അവന്‍റെ പരിചരണം കൊണ്ട് ഞാന്‍ വേഗം തന്നെ സുഖം പ്രാപിച്ചു. ആശുപത്രിയിലെ കൗണ്‍സലിംഗ് കൊണ്ട് ഞാന്‍ മാറി. അല്ലെങ്കിലും ആത്മഹത്യ ഒരു നിമിഷത്തിലെ പൊട്ടത്തരം കൊണ്ട് ചെയ്തു പോകുന്ന ഒരു സാഹസം മാത്രമാണല്ലോ. അരിന്ദം ആകട്ടെ എനിക്ക് ഒരു കമ്മിറ്റ്മെന്റും തരാതെ തിരിച്ചു പറന്നു.

ആ നഗരത്തില്‍ നിന്നും എനിക്ക് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതി എന്നായിരുന്നു. ഇത്രയും കാലം കൊല്‍ക്കത്തയിലേക്ക് ട്രാന്‍സ്ഫര്‍ നോക്കിയിരുന്ന എനിക്ക് ഇനി ഏതെങ്കിലും നാട്ടിലേക്ക് പോകാന്‍ ഞാന്‍ തയ്യാര്‍ ആയിരുന്നു. എന്‍റെ മനസ്സ് അറിഞ്ഞപ്പോലെ തന്നെ ഗുഡ്ഗാവിലെ പ്രൊജക്റ്റില്‍ അടിയന്തിരമായി ആളെ ആവശ്യമുണ്ട് എന്ന അറിയിപ്പും വന്നു. ഞാന്‍ ഒന്നും നോക്കാതെ ആ പ്രൊജക്റ്റ്‌ ഏറ്റെടുത്തു.

ഗുഡ്ഗാവില്‍ ഞാന്‍ ഒരു ത്രീ റൂം അപാര്‍ട്മെന്‍റില്‍ മറ്റു രണ്ടു പേരുടെ കൂടെയായിരുന്നു. ജീവിതം. പുതിയ പ്രൊജക്റ്റില്‍ നല്ലപോലെ പണി ഉണ്ടായിരുന്നു. പുതിയ പ്രൊജക്റ്റ് എന്നെ മറ്റൊന്നും ആലോചിക്കാന്‍ സമ്മതിക്കുന്നില്ലെങ്കിലും അരിന്ദമിനെ മറക്കാന്‍ എനിക്ക് അപ്പോഴും കഴിയുന്നില്ല. ദിവസവും ഞാന്‍ അവനെ വിളിച്ചു അവന്‍റെ തീരുമാനം പുനപരിശോധിക്കാനായി നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.

ഞാന്‍ ഗുഡ്ഗാവില്‍ എത്തി മൂന്ന്‍ മാസം കഴിഞ്ഞു. ഒരു ദിവസം ഞാന്‍ ഓഫീസ് വിട്ടു തിരിച്ചു ഞങ്ങളുടെ അപാര്‍ട്മെന്‍റ് കോംപ്ലെക്സിന്‍റെ കോമണ്‍ ഏരിയയില്‍ വെച്ചു പതിവ് പോലെ അരിന്ദമിനോട് അവന്‍റെ തീരുമാനം മാറ്റാനായി ഫോണില്‍ സംസാരിച്ചു നിന്നു, എന്നത്തെയും പോലെ അരിന്ദം എന്‍റെ ഫോണ്‍ കട്ട് ചെയ്തു. നിറഞ്ഞ മിഴികളോടെ ഞാന്‍ ലിഫ്റ്റിലേക്ക് നടന്നു കയറി.

എന്‍റെ കൂടെ ലിഫ്റ്റില്‍ നീല ജീന്‍സും ഓഫ് വൈറ്റ് കാഷുവല്‍ ഷര്‍ട്ടും ധരിച്ച ഒരാള്‍ ഉണ്ടായിരുന്നു. അയാളും എന്‍റെ അതേ ഫ്ലോറില്‍ ആണ്. ഞങ്ങളുടെ അടുത്ത വീട്. ഞാന്‍ ഒന്ന് രണ്ടു വട്ടം അയാളെ അവിടെ കണ്ടിട്ടുണ്ട്. ലിഫ്റ്റില്‍ നിന്നും ഇറങ്ങാന്‍ നേരം അയാള്‍ എന്‍റെ അടുത്തേക്ക് വന്നു പറഞ്ഞു.

“എന്നെ ബാധിക്കുന്ന കാര്യമല്ല പക്ഷേ പറയാതിരിക്കാന്‍ വയ്യ. സ്വാഭിമാനം പണയം വെച്ചു ആരോടും ഇങ്ങനെ കെഞ്ചരുത്. ആക്ച്വലി യൂ ആര്‍ സൈനിംഗ് എ ബ്ലാങ്ക് ചെക്ക് ഫോര്‍ അബ്യൂസ്.”

ഞാന്‍ ദേഷ്യത്തോടെ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ് എന്ന്‍ പറയാന്‍ തുടങ്ങുമ്പോഴേക്കും അയാള്‍ അവിടുന്ന്‍ നടന്നു കഴിഞ്ഞിരുന്നു. ദേഷ്യത്തോടെ ഞാന്‍ വീട്ടിലെത്തി. പക്ഷേ കുറച്ചു നേരം ആലോചിച്ചപ്പോള്‍ അയാള്‍ പറഞ്ഞതിലും കാര്യമുണ്ട് എന്നെനിക്ക് തോന്നി. പ്രണയം മൂലം അന്ധകാരത്തിലായ എന്‍റെ മനസ്സിലേക്ക് വെളിച്ചത്തിന്റെ തുള്ളികള്‍ കടത്തി വിടുകയായിരുന്നു അയാള്‍ ചെയ്തത്. അവിടെ ഞാന്‍ എന്നെ വേണ്ടാത്ത അരിന്ദമിനെ എനിക്കും വേണ്ട എന്ന തീരുമാനം ഞാന്‍ എടുത്തു.

പിന്നീട് അയാളെ പലപ്രാവശ്യം കണ്ടെങ്കിലും ഒരു പരിചയം കൊണ്ടുള്ള നോട്ടം പോലും ഞാന്‍ കൊടുത്തില്ല. എന്നാലും ഞങ്ങള്‍ പലപ്പോഴും കണ്ടുമുട്ടിയിരുന്നു. എന്നോട് ഒഴിച്ചു എന്‍റെ ഫ്ലാറ്റിലെ മറ്റ് രണ്ടു കുട്ടികളുമായി അയാള്‍ നല്ല കമ്പനി ആയിരുന്നു.

അങ്ങനെ ഒരു ദിവസം ഞാന്‍ ഓഫീസില്‍നിന്നും ഇറങ്ങി നേരെ ഒരു മാളിലേക്കാണ് പോയത്. മാളില്‍ ചുറ്റികറങ്ങി നടക്കുമ്പോള്‍ ആണ് അയാളെ പിന്നെ കാണുന്നത്. നേരം വൈകീയത് കൊണ്ട് എനിക്ക് തിരിച്ചു പോകാന്‍ വണ്ടി ഒന്നും കിട്ടിയില്ല. അന്ന്‍ അവന്‍റെ കൂടെ തിരികെ ഫ്ലാറ്റിലേക്ക് വരുമ്പോള്‍ ആണ് ഞാന്‍ അവനെ പരിച്ചയപെടുന്നത്. മുംബൈക്കാരനാണ്. പേര് ആദിത്യ. ഞങ്ങള്‍ രണ്ടു പേരും അവിടെ പരിചയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *