” അതിൽ ഞാനിന്നു ഖേദിക്കുന്നു… ”
ദേവുവിന്റെ ഇടുപ്പിലൂടെ കൈ കടത്തി അവളെ ഇക്കിളിയാക്കി കൊണ്ട് ഞാൻ അത് പറയവേ പൊട്ടിച്ചിരിച്ചു കൊണ്ടവൾ കട്ടിലിൽ കിടന്നുരുണ്ടു പോയി…
” നന്ദുവേട്ട…. ഒന്നടങ്ങി ഇരുന്നെ. എന്തുവാ.ഇത് … ”
ചിരിക്കിടയിലും എന്റെ നേരെ അവൾ തിരിഞ്ഞു കിടന്നു . പരാതിയും പരിഭവവും പോയ്മറഞ്ഞ കണ്ണുകളിൽ പ്രേമത്തിന്റെ തിളക്കമാർന്ന ഭാവത്തോടെ അവളെന്നെ ഉറ്റു നോക്കി… അല്പ നേരം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി നിന്നിരുന്നോ…
” എന്തിനാ ദേവു നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ…..? ”
മറുപടിക്കു കാത്തു നിൽക്കേണ്ടി വന്നില്ല മുറ്റത്തു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കെട്ടു ദേവു കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു. പുറത്തേക്കിറങ്ങി ഒരോട്ടമായിരുന്നു അവൾ പിന്നെ… മുൻവാതിൽ തുറക്കപ്പെട്ടപ്പോൾ ആണ് സത്യത്തിൽ ഞാൻ ഇരിക്കുന്നത് ഏടത്തിയുടെ മുറിയാണെന്ന ബോധം വന്നത്. ദേവു ഓടി കയറിയത് ഈ മുറിയിലേക്കായിരുന്നോ.. വെപ്രാളത്തിൽ മുറിക്കു പുറത്തേക്കു ഇറങ്ങി ഓടി എത്തിയത് ഏടത്തിയുടെ മുന്നിലേക്കാണ്.
” എന്താടാ….? ”
എന്റെ വെപ്രാളം കണ്ടു ഏടത്തി പുരികമുയർത്തി ചോദിച്ചു..
” ഞങ്ങൾ വെറുതെ സംസാരിക്കുകയായിരുന്നു…. ”
അവരുടെ ചോദ്യത്തിന് ഉത്തരം അതല്ലെങ്കിലും അടുത്ത ചോദ്യം അതാകുമെന്നു കരുതി ഞാൻ പറഞ്ഞു..
” മം..സംസാരിക്കാൻ.. ! നീയ്? .. ” ചോദ്യങ്ങളിൽ മാത്രം വാക്കുകൾ ഒതുക്കി ഏടത്തി എന്റെ മുന്നിലേക്ക് കയറി നിന്നു.. കൈ എത്തിച്ചു എന്റെ നെറ്റിയിൽ നിന്നെന്തോ തൂത്തു കളഞ്ഞു. കുങ്കുമം… ദേവുവിന്റെ നെറുകയിലെ കുങ്കുമം എന്റെ നെറ്റിയിൽ അച്ചു കുത്തിയത് പോലെ പതിഞ്ഞിരുന്നു. അത് ഞാനോ അവളോ കണ്ടില്ല…. ഏടത്തിയുടെ മുന്നിൽ ഞാൻ നിന്നുരുകി വിയർത്തു. എല്ലാം കണ്ടു നിന്ന ദേവു ഏടത്തിയുടെ പിന്നിൽ ഒളിച്ചു… ഏടത്തിയുടെ മുന്നിൽ ഒരിക്കൽ കൂടി നാണംകെട്ടതിന്റെ വിഷമത്തിൽ ഞാൻ തല കുനിച്ചു നിന്നു.
ഓട്ടോയിക്ക് കാശ് കൊടുത്തു കയറി വന്ന അമ്മ കാണുന്നത് ഏടത്തിയുടെ മുന്നിൽ നിന്നു പരുങ്ങുന്ന എന്നെയാണ്.
” എന്താ മോളെ…? ”