ആ ബൈക്കിൻ്റെ ലൈറ്റുകൾ ഒന്നും പ്രകാശിക്കുന്നുണ്ടായില്ല. സൈഡ് സ്റ്റാൻഡ് ഇല്ലാത്ത ആ ബൈക്കിൽനിന്ന് കീരിക്കാടൻ ജോസിനെ പ്പോലെ തോന്നിക്കുന്ന ഒരാൾ ബൈക്ക് സ്റ്റണ്ടർമാർ ഇറങ്ങുന്നത് പോലെ സ്റ്റൈലായി ഇറങ്ങി.. ജീൻസും ഓവർ കോട്ടും ‘ഫുൾ സ്ലീവ് ടീ ഷർട്ടും ധരിച്ച് ആറടിയിലധികം ഉയരമുള്ള അയാൾ ഒരു ഹോംസ് തൊപ്പി വച്ചിരുന്നു.
സ്റ്റാൻഡ് ഇല്ലാതിരുന്ന അയാളുടെ ബൈക്ക് പിടി വിട്ടപ്പോൾ റോഡിലേക്ക് മറിഞ്ഞ് വീണു. ഇറങ്ങിയ വഴി ചോദ്യവും പറച്ചിലുമൊന്നുമുണ്ടായില്ല..സ്റ്റാൻലിയുടെ കൊങ്ങക്ക് കുത്തിപ്പിടിച്ച് പൊക്കി മുട്ടു കാല് കൊണ്ട് സ്റ്റാൻലിയുടെ അടി നാഭിക്കിട്ട് ഒറ്റത്താങ്ങ്..
അയ്യോ… സ്റ്റാൻലി അലറി.. വിജനമായ ആ നാട്ടിടവഴിയിൽ കരച്ചിൽ കേട്ട് ഓടിവരാൻ ആരുമുണ്ടായില്ല.. കഴുത്തിൽ നിന്നും കയ്യെടുക്കാതെ രണ്ട് കരണത്തും പടക്കം പൊട്ടുന്നത് പോലെ ഓരോന്നും കൂടി കൊടുത്തു.
പരമേശ്വരൻ മുതലാളിയുടെ സ്റ്റാഫിനെ തൊടാൻ നിനക്കെങ്ങനെ ധൈര്യം വന്നെടാ.. അയാൾ അമർത്തിയ ശബ്ദത്തിൽ മുരണ്ടു.. കരയുന്ന ശബ്ദത്തിൽ സ്റ്റാൻലി പറഞ്ഞു …ഞാൻ ASI സ്റ്റാൻലി… നിന്നെ ഞാനെടുത്തോളാം…
ഇത് കേട്ട അയാൾ ഒന്നും മിണ്ടിയില്ല ജാക്കറ്റിനുള്ളിൽ നിന്നും അയാൾ കഴുത്തിൽ അണിഞ്ഞിരുന്ന സ്റ്റീൽ ചെയിൻ പുറത്തെടുത്തു .. അതിൻ്റെ അറ്റത്ത് ലോക്കറ്റായി സോഡാ ഓപ്പണർ പോലൊരു വസ്തു തൂങ്ങിക്കിടന്നിരുന്നു…. അയാൾ അതെടുത്ത് സ്റ്റാൻലിയുടെ ഇടത് കയ്യുടെ ചെറുവിരൽ അതിൻ്റെ ദ്വാരത്തിലൂടെ കടത്തി..
കഴുത്തിൽ അമർത്തിപ്പിടിച്ചിരുന്നതിനാൽ സ്റ്റാൻലി അത് കണ്ടെങ്കിലും ഒന്ന് കുതറാൻ പോലുമായില്ല…. ജീൻസിൻ്റെ പോക്കറ്റിൽ നിന്നും വർക്ക്ഷോപ്പിൽ ഉപയോഗിക്കുന്ന തരം കോട്ടൺ വേസ്റ്റ് വലിച്ചെടുത്ത് അയാൾ അത് സ്റ്റാൻലിയുടെ വായിലേക്ക് തിരുകി.. ആ ഭികരൻ… ASI സ്റ്റാൻലിയുടെചെറുവിരൽ കടത്തിയ ആ ഓപ്പണർ പോലുള്ള സാധനത്തിൽ ഒരു ഞെക്ക്… ക്ലിക്ക് സ്റ്റാൻലിയുടെ ചെറുവിരൽ അറ്റ് താഴെ വീണു. ..കീ… യോ….. സ്റ്റാൻലി വേദന കൊണ്ട് അമറി … കോട്ടൺ വേസ്റ്റ് വച്ചിരുന്നതിനാൽ ശബ്ദം പുറത്തേക്ക് വന്നില്ല.
ഇനി നീ ജസിയെ നീ ശല്യം ചെയ്താൽ നിൻ്റെ ഓരോ വിരലായി ഞാൻ കട്ട് ചെയ്തെടുക്കും… നാളെത്തന്നെ രണ്ട് ലക്ഷം രൂപയും ഈ ബുള്ളറ്റിൻ്റെ ബുക്കും പേപ്പറും പോലീസ് സ്റ്റേഷൻ്റെ വാതിൽക്കലുള്ള പെട്ടിക്കടയിൽ നീ ഏൽപ്പിച്ചിരിക്കണം .. വേഗം വിരലെടുത്തോണ്ട് ചെന്നാൽ തയ്ച്ച് പിടിപ്പിക്കാം.. ബുള്ളറ്റ് ഞാനെടുക്കുന്നു. .. നീയീ വണ്ടിയെടുത്തോ.. ബുള്ളറ്റ്ഓണർഷിപ്പ് ട്രാൻസ്ഫർ ചെയ്യേണ്ട പേപ്പർ ഒന്നിച്ചുണ്ടാകണം.. എൻ്റെ പേര് മറക്കണ്ട … കാലൻ സത്യൻ…
നമ്മുടെ നായകൻ എത്തിക്കഴിഞ്ഞു.
സ്റ്റാൻഡിൽ വച്ചിരുന്ന സ്റ്റാൻലിയുടെ ബുള്ളറ്റിലേക്ക് ഇറങ്ങിയത് പോലെ തന്നെ സ്റ്റൈലായി കയറി ക്യാപ്പ് ഒന്ന് ചരിച്ച് വച്ച് .. അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ .. കാലൻ സത്യൻ ..ബൈക്ക് പുഷ് സ്റ്റാർട്ട് ചെയ്ത് ചടുലമായ ഒരു നീക്കത്തോടെ റോഡിൽ ഇടത് കാൽ കുത്തി വട്ടം തിരിച്ച് ബുള്ളറ്റിൻ്റെ താളാത്മകമായ തഡ്.. തഡ്.. ശബ്ദം അവിടെ അവശേഷിപ്പിച്ച് കൊണ്ട് വന്ന വഴി പാഞ്ഞ് പോയി ..