പിറ്റേന്ന് ഷോറൂമിലെത്തിയ ജെസി ബ്രാഞ്ച് മാനേജരോട് മുതലാളിയെ ഒന്ന് കാണണം എന്നാവശ്യപ്പെട്ടു.മാനേജർ മുതലാളിയുടെ പേഴ്സണൽ സെക്രട്ടറിയെ വിളിച്ചു.മുതലാളി ഷോറൂമിൽ അങ്ങനെ വരാറില്ല. മുതലാളി കൃഷ്ണാ ബിൽഡേഴ്സിൻ്റെ ഓഫീസിലുണ്ട് അരമണിക്കൂറിനുള്ളിൽ എത്തിയാൽ കാണാം… ടെക്സ്റ്റയിൽ ഷോറൂമിൻ്റെ കുറച്ച് മാറിയുള്ള മുതലാളിയുടെ തന്നെ ബഹുനില ഷോപ്പിങ്ങ് മാളിലാണ് ആ ഓഫീസെന്ന് ജെസിക്കറിയാം.. അവൾ കൂടെ ജോലി ചെയ്യുന്ന സീനത്തിൻ്റെ ആക്റ്റിവ വാങ്ങി വേഗം അങ്ങോട്ട് ചെന്നു. രണ്ടാം നിലയിലുള്ള ഓഫിസിലേക്ക് ചെന്നപ്പോൾ തന്നെ മുതലാളിയുടെ PS കൈമൾ സാർ ജെസിയെ സ്വാഗതം ചെയ്തു. വരൂ ജെസീ നേരേ മുതലാളിയുടെ ക്യാബിനിലേക്ക് ചെന്നോളൂ.. ജസി വിറയാർന്ന കരങ്ങളോടെ ഗ്ലാസ് ഡോർ തള്ളിത്തുറന്ന് ക്യാബിനിലേക്ക് പ്രവേശിച്ചു.
അവിടെ പരമേശ്വരൻ മുതലാളി ഒരു കോടീശ്വരൻ്റെ യാതൊരു നാട്യങ്ങളുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു. പഴയ ലീഡർ കരുണാകരനെ പോലെ മെലിഞ്ഞ് കൃശഗാത്രനായ വെളുത്ത ഒരു മനുഷ്യൻ.. കാഴ്ചയിൽ ഒരു അറുപത് മതിക്കും.. നല്ല പേഴ്സണാലിറ്റി ചന്ദനക്കുറിയും ജൂബയും, കസവ് മുണ്ടും സ്ഥിരം വേഷം..
വരൂ ..വരൂ ..ഇരിക്കൂ.. എന്താ മോളേ.. എന്നെ കാണണം എന്ന് പറഞ്ഞത്?
അവൾ നിന്ന് കൊണ്ട് തന്നെ കാര്യം അവതരിപ്പിച്ചു … ഇടയ്ക്ക് വിതുമ്പിപ്പോയി…
ച്ഛേ ..മോളേ .. കരയാതെ.. മോശം.. മോശം.. മോള് കരയാതെ ധൈര്യമായി പോകൂ.. എൻ്റെ സ്ഥാപനത്തിലെ ഒരു സ്റ്റാഫിനെതിരേ കാരണമില്ലാതെ DGP പ്രവർത്തിച്ചാലും അവൻ ഇനി അതിന് മുതിരാൻ രണ്ടിലൊന്ന് ആലോചിക്കും.. മോള് പോകുന്ന വഴി ആ കൈമളോട് ഇങ്ങോട്ട് വരാൻ പറയൂ…
ശാന്തമായ സ്വരത്തിൽ പരമേശ്വരൻ മുതലാളി പറഞ്ഞു.
അവൾ പുറത്തേക്കിറങ്ങി കൈമൾ സാറിനോട് വിവരം പറഞ്ഞ് ഷോറൂമിലേക്ക് മടങ്ങി. വൈകിട്ട് പതിവ് സമയത്ത് ഷോറൂമിൽ നിന്നിറങ്ങി ബസ് കയറി കവലയിൽ ഇറങ്ങി.. അന്ന് അവൾക്കൊപ്പം ആ വഴി പോകുന്ന താറാമുട്ട കച്ചവടക്കാരൻ രാഘവൻ ചേട്ടനുണ്ടായിരുന്നു.അവർ ഓരോ കാര്യങ്ങൾ സംസാരിച്ച് നടന്നു. നേരം ഇരുട്ടിത്തുടങ്ങി.. പകുതി വഴി പിന്നിട്ടു.ഭാഗ്യം സ്റ്റാൻലിയെ കാണാനില്ല .മുതലാളി സംസാരിച്ച് കാര്യങ്ങൾ തീർപ്പാക്കിയിട്ടുണ്ടാകും..
പക്ഷേ അവൾ വിചാരിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്.. പെട്ടെന്ന് പുറകിൽ ബുള്ളറ്റിൻ്റെ ശബ്ദം കേട്ട് തുടങ്ങി.. സെക്കൻഡുകൾക്കുള്ളിൽ അവൾക്ക് വഴി വിലങ്ങി സ്റ്റാൻലി തൻ്റെ ക്ലാസിക് 350 നിറുത്തി സൈഡ് സ്റ്റാൻഡിൽ വണ്ടി ചാരി നിറുത്തി ചാടിയിറങ്ങി ജസിയുടെ മുടിക്ക് കുത്തിപ്പിടിച്ച് തൊട്ടടുത്ത് സ്തംഭിച്ച് നിന്ന രാഘവൻ ചേട്ടനോടായി അലറി… ഓടടാ പുണ്ടച്ചി മോനെ…
രാഘവൻ ഓടണോ വേണ്ടയോ എന്നാലോചിക്കുന്നതിന് മുൻപേ തന്നെ ഒരു ചെവിയടപ്പിക്കുന്ന മൂളലോടെ ജങ്ക് യാർഡിൽ നിന്ന് നേരേ ഓടിച്ച് വരുന്നത് പോലുള്ള ഒരു TVS സമുറായി ബൈക്ക് ടയർ കരിയുന്ന മണത്തോടെ റോഡിൽ വട്ടം തിരിഞ്ഞ് ബ്രേക്ക് ചെയ്തു.