തോന്നൽ ആണെങ്കിൽ തോന്നൽ എന്തായാലും ആവട്ടെ….
ഞാൻ മൂക്കിൽ സ്വർണ്ണനിറം മൂക്കുത്തി വരച്ച് അതിന് നടുവിൽ വൈഡൂര്യ കല്ലായി തേനിന്റെ നിറം ചാലിച്ച് തൊട്ടതും ഒരു മൂളലോടെ മുറിയാകെ ഒരുതരം വെള്ളപുക നിറഞ്ഞു…..
പുക അടങ്ങിയപ്പോൾ അതാ ഞാൻ വരച്ച ക്യാൻവാസ് ശൂന്യം അതിൽ ഒന്നുമില്ല!
ഞാൻ വരച്ച ആ രൂപം അതാ എന്റെ മുന്നിൽ ജീവനോടെയും!
ഞടുങ്ങി തരിച്ച് നിന്ന എന്നോട് അവൾ കാര്യം പറഞ്ഞു…
അവൾ ഒരു യക്ഷിയാണ്! അവളുടെ ചിത്രമാണ് ഞാൻ ആ വരച്ചത്!
യക്ഷലോകത്ത് അങ്ങനെ ഒരു നിയമമുണ്ട് അവിടത്തെ ഒരു യക്ഷിയുടെ രൂപം അതേപടി ഭൂമിയിൽ ആരെങ്കിലും വരയ്ക്കുകയോ ശില്പം ഉണ്ടാക്കുകയോ ചെയ്താൽ ആ ആൾ ഭൂമിയിൽ വന്ന് ആ ചിത്രത്തിൽ കയറി ഇരുപത്തി ഒന്ന് ദിനരാത്രങ്ങൾ കഴിയണം!
ഇരുപത്തിരണ്ടാം ദിവസമേ പിന്നെ അവർക്ക് യക്ഷലോകത്തേക്ക് പ്രവേശിക്കാൻ കഴിയൂ!
പാവം! പഠിപ്പിസ്റ്റായ അവൾ യക്ഷലോകത്ത് മെഡിസിനുള്ള എൻട്രൻസ് കോച്ചിങ്ങിൽ ആയിരുന്നു അതിനിടയിലാ ഞാൻ ഈ പണി കൊടുത്തത്!
അതാണ് ലാപ്പും ഒക്കെ ആയി പഠിക്കാനായി തയ്യാറായി വന്നത്!
ഇവർക്ക് നമ്മെ പോലെ ആഹാരനീഹാരാദികൾ ഒന്നുമില്ല പേരുകൾ ചൈനക്കാരുടേത് പോലെ നാവിൽ വഴങ്ങാത്തതും!
ആദ്യ ദിവസം തന്നെ ഈ ഡാഷ് മോൾ ഇവളുടെ കുറുമ്പ് എടുത്ത് തുടങ്ങി!
ഭൂമിയിലെ തൃകാല ജ്ഞാനമുള്ള യക്ഷിയായ ഇവൾ എന്റെ പൂർവ്വകാലം ദിവ്യദൃഷ്ടിയിൽ കണ്ടിട്ട് ആണ് അവളുടെ പേര് “ശ്രുതി” എന്ന് പറയുന്നത്!
പാവം ഞാനും ഈ യക്ഷിപ്പെണ്ണിന്റെ യഥാർത്ഥ പേര് ശ്രുതിയെന്നാണ് എന്ന് കരുതി വിളിച്ച് ശീലിച്ചത്!
പിന്നീടല്ലേ ഈ ജന്തു ഒരാക്കിയ ചിരിയുമായി പറയുന്നത് പത്താംക്ലാസിൽ എന്റെ ഒപ്പം പഠിച്ച എന്നെ തേച്ചിട്ട് പോയ ഇപ്പ കെട്ടും കഴിഞ്ഞ് രണ്ടു പിള്ളാരുമായി നടക്കുന്ന ശ്രുതിയുടെ പേരിൽ എന്നെ ഒന്ന് ആക്കിയതാണ് ഈ പേര് എന്ന്!
അന്നുമുതൽ ഈ കുട്ടിക്കുറുമ്പി യക്ഷിക്കുഞ്ഞ് എന്റെ ഒപ്പമുണ്ട്! ഇവൾ പോയാൽ എന്റെ അവസ്ഥ എന്താവും എന്തോ…
പക്ഷേ ഇതിൽ വലിയൊരു കുഴപ്പമുണ്ട്! അമ്മയും കൂട്ടു പണിക്കാരും നാട്ടുകാരും ഒക്കെ എന്നെ വല്ലാതങ്ങു ശ്രദ്ധിക്കാൻ തുടങ്ങി…
ശ്രുതിയെ അവർക്കാർക്കും കാണാൻ കഴിയില്ലാലോ!
ഞാൻ ഒറ്റക്ക് നടന്ന് സംസാരിക്കുന്നു തെറി പറയുന്നു വഴക്ക് പിടിക്കുന്നു ചുമ്മാ പണിക്കിടയിൽ അരിശപ്പെട്ട് പെയിന്റ് ഭിത്തിയിലോട്ട് ഒഴിക്കുന്നു എന്നൊക്കെ ആണ് അവർ പറയുന്നത്!
ശ്രുതിയുമായുള്ള വഴക്കിന് നാട്ടുകാരു പിടിച്ച് വല്ല മെന്റൽ ഹോസ്പിറ്റലിലും ഇടുമോ എന്നാണ് ഇപ്പോൾ എന്റെ പേടി!
നാട്ടാരു പിടിച്ചു സെല്ലിൽ അടച്ചില്ല എങ്കിൽ അടുത്ത അനുഭവവുമായി വീണ്ടും കാണാം വണക്കം!.🙏