അവളുടെ ദേഹത്ത് പെയിന്റ് ഒഴിച്ചിട്ട് എന്ത് കാര്യം!
ലിറ്ററിന് മുന്നൂറ്റി അൻപത് രൂപ വിലയുള്ള രണ്ടു രണ്ടര ലിറ്റർ എമർഷൻ വെറുതേ പോയി അത്ര തന്നെ!
“ദേ…. പണീങ്കഴിഞ്ഞ് അവിടേമിവിടേം വായിനോക്കി നിക്കാതെ നേരേയങ്ങു വന്നേക്കണേ…. ഞാങ്കാത്തിരിക്കും”
പോയവൾ ഓടി വന്ന് പറഞ്ഞിട്ട് അതേപോലെ തിരികെ പാഞ്ഞു….
എന്റെ ചുണ്ടിൻ കോണിൽ ഞാനറിയാതെ ഒരു പുഞ്ചിരി ഓടിയെത്തി…
വന്ന് വന്ന് എനിക്ക് ഈ ജന്തുവിനെ ഒരു രണ്ട് മൂന്ന് മണിക്കൂറിൽ കൂടുതൽ കാണാതിരിയ്ക്കാൻ വയ്യ എന്നായി! അവൾക്കും!
ഇന്നത്തെ പണി തീരും മുന്നേ വീണ്ടും അവൾ ഒന്ന് കൂടി എങ്കിലും വരും…
“പഠിക്കാൻ വിട്ട സമേത്ത് പഠിക്കണാരുന്നു…. അന്നാലിങ്ങനെ ഭിത്തിയേലൊരച്ചു നടക്കാതെ കൂടെ ജനിച്ചവനെ പോലെ അന്തസ്സായി ഏസി ക്യാബിനിൽ ഇരിയ്ക്കാരുന്നു….”
ഒരു വെള്ളയിൽ ചെറിയ ചുവന്ന പൂക്കളുള്ള നൈറ്റ് ഡ്രസ്സും ഇട്ട് കട്ടിലിൽ കുത്തിച്ചാരി വച്ച തലയിണയിൽ ചാരി കാലും നീട്ടി ഇരുന്ന് മടിയിൽ തുറന്ന് വച്ച ലാപ്പിൽ എന്തോ ചെയ്ത് കൊണ്ട് അതിൽ നിന്ന് ശ്രദ്ധ തിരിക്കാതെ തന്നെ ശ്രുതി ആത്മഗതം പോലെ പറഞ്ഞു!
കട്ടിലിന്റെ ഒരു വശത്ത് ശ്രുതിയുടെ നേരേ തിരിഞ്ഞ് Z പോലെ ചുരുണ്ട് ആസകലം പുതപ്പിനുള്ളിൽ നൂണ്ട് തല മാത്രം വെളിയിലാക്കി കണ്ണുകൾ അടച്ച് കിടന്ന ഞാൻ ഒന്ന് കണ്ണ് തുറന്ന് നോക്കിയിട്ട് വീണ്ടും അതേപടി കണ്ണുകൾ അടച്ചു!
“ഹും! പഠിക്കാൻ വിട്ട കാലത്ത് പഠിക്കുകയോ ചെയ്തില്ല! പണിയാമ്പോയാ പണിയത്തുവില്ല വല്യൊരു കതയെഴുത്ത്! പൊട്ടപ്രേതകത!
എന്നുവച്ചാ ഇങ്ങളാരാ കാളിദാസനോ…”
ശ്രുതി വീണ്ടും തുടർന്നു….
“ഫ്ഭാ… കാളിദാസൻ നിന്റെ തന്ത! പൊട്ടക്കഥയോ? എന്റെ കഥകളുടെ ലൈക്കും കമന്റും പോയി നോക്കടീ കോപ്പേ…”
ചാടിയെണീറ്റ് കട്ടിലിൽ ചമ്രംപടഞ്ഞ് ഇരുന്ന ഞാൻ പൊട്ടിത്തെറിച്ചു!
ലാപ്പ് അടച്ച അവൾ പൊട്ടിച്ചിരിച്ചു!
എന്നെ പ്രകോപിപ്പിച്ച് എണീൽപ്പിക്കുക അത്രേ ഉള്ളായിരുന്നു അവളുടെ ലക്ഷ്യവും!
കട്ടിലിൽ നിന്ന് എണീറ്റ് ലാപ്പ് വെച്ച് മുടി ഇരു കൈകളും കൊണ്ട് കോതിക്കൊണ്ട് ശ്രുതി തിരിഞ്ഞപ്പോൾ ആണ് ലാപ്പിലെ എംബ്ലം ഞാൻ ശ്രദ്ധിക്കുന്നത്!
ഒരു വൃത്തത്തിൽ ഒരു മുറി ഓറഞ്ചിന്റെ പടം!