നേരം വെളുത്തതും തന്നെ വരവേറ്റത് ആംബുലൻസിൻ്റെ ശബ്ദമായിരുന്നു. പടി കടന്നു വന്ന ആംബുലൻസിൽ നിന്നും വെള്ള തുണിയിൽ പൊതിഞ്ഞ ആഭിയേട്ടൻ്റെ ശരീരം കൊണ്ടു വരുന്നത് കണ്ട നിമിഷം എൻ്റെ ബോധം മറഞ്ഞിരുന്നു.
ആ ദേഹം ചിതയിലെരിഞ്ഞ നാൾ മുതൽ ഒരു ഭ്രാന്തിയെ പോലെ താൻ കരഞ്ഞിരുന്നു. മുറിയിൽ ഒതുങ്ങിക്കൂടിയ ദിനരാത്രങ്ങൾ. എല്ലാം വേദനിക്കുന്ന ഓർമ്മകൾ മാത്രം. ഒരു പാട് സമയം വേണ്ടി വന്നു എനിക്ക് പഴയ പോലെ ഒന്നു ചിരിക്കുവാൻ, ഇന്നും ആ ചിരി ഒരഭിനയമാണ് അതും ആദിയേട്ടൻ്റെ അമ്മയ്ക്കും അച്ഛനും വേണ്ടി മാത്രം
ഇന്നെൻ്റെ അച്ഛൻ വന്നത് എന്നെ കൂട്ടിക്കൊണ്ടു പോവാനാണ് . മൂന്നു മാസത്തെ വിവാഹ ജീവിതത്തിൽ നിന്നും പുതിയൊരു ജീവിതം ഉണ്ടാക്കിത്തരുവാൻ.
ആദിയേട്ടൻ്റെ അച്ഛനും അമ്മയുടെയും വാശിക്കു മുന്നിൽ തോറ്റു പോയി , ഒടുക്കം അച്ഛനോടെപ്പം സ്വന്തം വീട്ടിൽ വന്നു. എനിക്കൊരു വിവാഹം വേണ്ടെന്നു പറഞ്ഞിട്ടും അവർ കാര്യമാക്കാതെ അതിനായി അവർ ഒരുങ്ങിയ നിമിഷം ഞാൻ തോറ്റു പോയി.
ഏറെ വർഷം മനസിൽ കൊണ്ടു നടന്ന പുരുഷൻ അവൻ താലി കെട്ടി സ്വന്തമാക്കി. തൻ്റെ ശരീരവും മനസും അവനു പകർന്ന് അവൻ്റെ നേർ പാതിയായി താൻ. അവൻ്റെ ഓർമ്മയിൽ തൻ്റെ സ്വന്തമായി ജീവിക്കാൻ താൻ കൊതിക്കുമ്പോൾ അതു മനസിലാക്കാൻ കഴിയാത്ത രക്ത ബന്ധുക്കൾ .
ഒരു കുഞ്ഞ് , ആ കുഞ്ഞു ജീവൻ്റെ തുടിപ്പ് എന്നിൽ ഉണർന്നിരുന്നെങ്കിൽ, ആദിയേട്ടൻ്റെ കുഞ്ഞിൻ്റെ പേരിൽ എനിക്കാ വീട്ടിൽ പിടിച്ചു നിൽക്കാമായിരുന്നു, എൻ്റെ രക്തബന്ധങ്ങളോട് പറയാമായിരുന്നു.
ഒടുക്കം ആ ദിവസം വന്നെത്തി, മറ്റൊരാൾ എൻ്റെ കഴുത്തിൽ താലി ചാർത്താൻ ഒരുങ്ങുന്ന നിമിഷം , അയാളെയും രക്തബന്ധങ്ങളെയും സമൂഹത്തെയും തോൽപ്പിച്ചു ഞാൻ വിജയം നേടി. മരണമാം മുക്തിയിൽ ലയിച്ച് ഞാൻ ആദിയിൽ അലിഞ്ഞു ചേർന്നു.
ഒരു കുഞ്ഞിനെ തന്നിരുന്നെങ്കിൽ ഈശ്വരാ അതിനായി ഞാൻ ജീവിച്ചേനെ, എൻ്റെ ആദിയേട്ടന് ജീവനായി ഞാൻ ജീവിച്ചേനെ, മരണത്തെ മുഖാമുഖം കാണുമ്പോൾ ചെറു പുഞ്ചിരിയോടെ ഞാൻ ഓർത്ത സത്യം .