മദ്യലഹരിയിൽ ആടിയുലഞ്ഞ് വരുമ്പോ . ഒരു കുഞ്ഞു കരച്ചിൽ എന്നെ തേടിയെത്തി. ലഹരിയുടെ മയക്കം കണ്ണിനെ മറയ്ക്കുന്നു. സത്യത്തിൽ ഞാനൊരു ഭീരുവാണ്. മരിക്കാൻ അതിയായ ആഗ്രഹമുണ്ട് എന്നാൽ സ്വയം ഇല്ലാതാവാൻ ചങ്കുറപ്പില്ലാതെ പോയി. മദ്യപിച്ച് ഉന്മാദനായി റോഡിലൂടെ നാഗത്തെ പോലെ ഇഴഞ്ഞു നീങ്ങുമ്പോ വിദൂരതയിൽ നിന്നും എന്നെ മരണത്തിൻ്റെ വാതിലിലെത്തിക്കാൻ ഒരു ലോറി വരുമെന്ന് ആഗ്രഹം. ഒരു കൊല്ലമായി നടക്കാത്ത ആഗ്രഹം. അന്നും അങ്ങനെ ഒരു രാത്രിയായിരുന്നു. ആ കുഞ്ഞു കരച്ചിൽ എന്നെ ഒരു ഓടയ്ക്കരികിലേക്ക് വരവേറ്റു. ഓടയ്ക്കരികിൽ മുഷിഞ്ഞ തുണിയിൽ പൊതിഞ്ഞ് ആരോ കളഞ്ഞിട്ടു പോയ മാംസപിണ്ഡം. ഒരു ചോരക്കുഞ്ഞ്, തൂവെള്ള നിറം , അഴകാർന്ന കുഞ്ഞു മിഴികൾ. ആ മിഴികൾ മരണത്തിനു വിണ്ടു കൊടുക്കരുതേ എന്നെന്നോട് കേഴുന്ന പോലെ തോന്നി. ഏകയായി കിടന്നിട്ടും അവൾ ഭയത്തിൽ കരഞ്ഞതല്ല , കാലിൽ കുത്തി നോവിക്കുന്ന കൊതുക്കൾ അതാണ് ആ കുഞ്ഞു ശബ്ദം ഉണരാൻ കാരണം.
ഞാൻ പോലും അറിയാതെ എൻ്റെ കൈകൾ ആ പൈതലിനെ താങ്ങിയെടുത്തു .മാറോടണച്ച് ഞാൻ വീട്ടിലേക്കു നടന്നു. അന്നാദ്യമായി ഞാൻ മനസുരുകി പ്രാർത്ഥിച്ചു എന്നും നടക്കാതെ പോകുന്ന ആ സ്വപ്നം ഇന്ന് നടക്കാതിരിക്കാൻ ആ കുഞ്ഞു ജീവന് വേണ്ടി മാത്രം. വീട്ടിൽ കയറി എൻ്റെ മുറിയിൽ കയറി. രാത്രിയിൽ കാത്തിരിക്കാൻ എനിക്കായ് ആരുമില്ല വീട്ടുക്കാർ എന്നേ എന്നെ പടിയടച്ചു പിണ്ഡം വെച്ചതാ. ആ വീട്ടിൽ നിൽക്കുന്നു എന്നു മാത്രം. കിടക്കയിൽ തലയണ വെച്ച് ആ കുഞ്ഞിനെ കിടത്തി. അതിനരികിൽ ഞാനും കിടന്നുറങ്ങി..
രാവിലെ കരച്ചിൽ കേട്ടാണ് ഞാനുണർന്നത്. മദ്യത്തിൻ്റെ ഉന്മാദലഹരിയിൽ നിന്നും ഉണരുമ്പോ എന്നത്തെ പോലെയും തലക്കനം. അതിനോടൊപ്പം ആ കാറൽ ശബ്ദം എനുക്കു ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി.
മിഴികൾ തുറന്നതും എനിക്കരികിൽ കിടക്കുന്ന പൈതലിനെ കണ്ട് ഞാൻ ഞെട്ടി. ഇതെവിടുന്നു വന്നു അതായിരുന്നു എൻ്റെ ചിന്ത. സമയം ഓർമ്മകളുടെ താളുകൾ ചികഞ്ഞ് എനിക്കൊരു നേർത്ത ഓർമ്മയുടെ ശകലങ്ങൾ, പൊട്ടിയ ചില്ലിൽ കഷ്ണങ്ങൾ പോലെ ഞാൻ കണ്ടെത്തി.
എല്ലാരും ഉണ്ടായിട്ടും ഞാൻ അനാഥൻ , ആരുമില്ലാതെ നീയും അനാഥ . എനിക്കു കൂട്ടായി നീ നിനക്കു കൂട്ടു ഞാൻ. അന്ന് ഞാൻ പറഞ്ഞ ആ വാക്കുകൾ ഇന്നും തെറ്റാതെ ഞാൻ കൊണ്ടു നടക്കുന്നു.
ഒട്ടിയ വയറിൽ വിശപ്പിൻ്റെ വിളിയിൽ ആ കുഞ്ഞു പൈതൽ കരഞ്ഞ നിമിഷം എന്നിൽ ഞാനറിഞ്ഞ വികാരം അതെന്താണ് എന്നെനിക്കറിയില്ല. പെട്ടെന്ന് അടുക്കളയിലേക്ക് ഞാൻ പാഞ്ഞു.
പാലുണ്ടോ ഇവിടെ
എന്തിനാ പാൽ, അല്ലാ എന്താ ഇന്ന് നേരത്തെ
അമ്മേ, ഉണ്ടേ താ
സംസാരം അതുപേക്ഷിച്ചിട്ട് നാളുകളായി , ആരും എന്നോട് സംസാരിക്കാതിരിക്കാനായി ദേഷ്യത്തിൻ്റെ മുഖമൂടി അണിഞ്ഞിട്ട് നാളുകളായി. ഇവരോട് സ്നേഹമില്ലാഞ്ഞിട്ടല്ല ഇന്ന് ഞാൻ ഏറെ ഭയക്കുന്നത് സ്നേഹത്തെ മാത്രമാണ്. ഞാൻ ഇങ്ങനെ ആയതിനാൽ അമ്മയും ഒന്നും പറയാതെ ക്ലാസ്സിൽ പാൽ പകർന്നു തന്നു. ഞാനൊരു സ്പൂണുമെടുത്ത് നടക്കവെ എന്തിനാടാ സ്പൂൺ എന്ന ചോദ്യം അറിയാതെ അമ്മയിൽ വന്നെങ്കിലും പിന്നെ മൗനം പാലിച്ചു. ഒരു വർഷമായി ഞാൻ ഞാനല്ലാതെ ആയിട്ട്.