“എന്നാ അച്ഛമ്മയോട് ഇങ്ങോട്ട് വരാൻ പറ.. ചോറൊന്നും വെക്കണ്ട സംസാരിച്ചിരിക്കാം.. ”
പിടി വിട്ടുകൊണ്ട് ഞാൻ പറഞ്ഞതും അവൾ ഓടിപ്പോയി
വാതിൽ തുറന്നു. അവൾ അകത്തേക്ക് ക്ഷണിച്ചതും അച്ഛമ്മ ഒന്ന് മടിച്ചു പക്ഷെ നിർബന്ധിച്ചപ്പോൾ കൂടെ വന്ന്
കട്ടിലിൽ ഇരുന്നു.പിന്നെ ചിരിയോടെ എന്നെ നോക്കി..
“ഇവന് ഇവന്റെ അച്ഛച്ചന്റെ സ്വഭാവം അതെ പോലെ കിട്ടീട്ട്ണ്ട്.
ഏത് നേരോം എന്നെ കെട്ടിപിടിച്ചിരിക്കാനായിരുന്നു മൂപ്പർക്ക് കമ്പം.. ”
അത് പറഞ്ഞപ്പോൾ അച്ഛമ്മ പഴയ പതിനാറുകാരിയിലേക്ക് പുനഃപ്രവേശം നടത്തിയത് പോലെ തോന്നി എനിക്ക്.ആ മുഖത്തെ ചുളിവുകൾ പോലും മായ്ച്ചു കൊണ്ട് വല്ലാത്തൊരു നാണം അച്ഛമ്മയുടെ മുഖത്ത് വിരിഞ്ഞു.
“എടീ നിനക്ക് അച്ഛമ്മയുടെ പ്രണയകഥ അറിയോ..
അച്ഛമ്മയെ കൗതുകത്തോടെ നോക്കിയിരിക്കുന്ന അമ്മുവിനെ തോണ്ടി കൊണ്ട് ഞാൻ ചിരിയോടെ ചോദിച്ചു.
“ഇല്ലാ……പറഞ്ഞെ കേൾക്കട്ടെ.!
അമ്മു ഉഷാറായി.ക്രാസിയിൽ ചാരി ഇരിക്കുന്ന അച്ഛമ്മയുടെ മടിയിലേക്ക് തലവെച്ച് അവൾ മലർന്ന് കിടന്നു പിന്നെ കാൽ എടുത്ത് നേരെ എന്റെ മടിയിലേക്കു വെച്ചുകൊണ്ട് അവൾ കഥ കേൾക്കാൻ തയ്യാറായി.കാല് കയറ്റി വെച്ചത് ഇഷ്ടപ്പെട്ടില്ലേ എന്ന് അവൾ എന്നെ പാളി നോക്കുന്നുണ്ടായിരുന്നു. എന്റെ പുഞ്ചിരി കണ്ടതോടെ അവൾക്ക് സമാധാനം ആയി.
“അങ്ങോട്ട് പറഞ്ഞു കൊടുക്ക് ലക്ഷ്മി കുട്ടീ…. എന്താ പെണ്ണിന്റെ ഒരു നാണം.. ”
ഞാൻ ചിരിയോടെ അച്ഛമ്മയെ പ്രോത്സാഹിപ്പിച്ചു..
“ഒന്നങ്ങട്ട് തരും ഞാൻ ചെക്കാ..
നല്ലോണം കര്തിക്കോ.. ”
എനിക്ക് നേരെ കൃത്രിമ ദേഷ്യത്തോടെ കയ്യോങ്ങി കൊണ്ട് അച്ഛമ്മ കഥ പറയാൻ തുടങ്ങി.
അത് ഞാൻ നിങ്ങളോട് പറയാം..
അച്ഛച്ചന്റെ ഭാര്യയുടെ ചേച്ചി ആയിരുന്നു ഈ ലക്ഷ്മി കുട്ടി.അച്ഛമ്മയുടെ കല്യാണവും ആദ്യം കഴിഞ്ഞതാണ് ഒരു പട്ടാളക്കാരനുമായി.അച്ഛമ്മയുടെ ചേച്ചി ഒരു നിത്യ രോഗി ആയിരുന്നു.ഒരു പെൺകുഞ്ഞിനെ അച്ഛച്ചനു സമ്മാനിച്ചു അധികം വൈകാതെ അവര് മരിച്ചു. ആ പെണ്കുഞ്ഞാണ് അന്ന് വന്ന വല്യമ്മ.പ്രസവത്തോടെ മരിച്ച ചേച്ചിയുടെ മകളെ വളർത്താനുള്ള നിയോഗം പിന്നെ അച്ഛമ്മക്കായിരുന്നു. ഒരമ്മയുടെ മുഴുവൻ വാത്സല്യത്തോടെയും ലക്ഷ്മി കുട്ടി ആ കുഞ്ഞിനെ വളർത്തി. ആയിടക്കാണ് സഹ പ്രവർത്തകനായ ഏതോ ഒരു സിഖ് കാരന്റെ കുത്തേറ്റു അച്ഛമ്മയുടെ ആദ്യം ഭർത്താവ് മരണപ്പെടുന്നത്.അതോടെ തുല്യ ദുഖിതരായ അച്ഛച്ചനും ലക്ഷ്മികുട്ടിയും തമ്മിൽ കൂടുതൽ അടുത്തു. അതിന് ആ കുട്ടി ഒരു കാരണമായി എന്ന് മാത്രം. സംഗതി പോസിറ്റീവ് ആണെന്ന് മനസ്സിലായ അച്ഛച്ചൻ ഒരു രാത്രി അച്ഛമ്മയെയും കുഞ്ഞിനേയും പൊക്കി ഇങ്ങ് പോന്നു. പിന്നെ അവർ തമ്മിൽ കല്യാണം കഴിച്ചുണ്ടായതാണ് എന്റെ അച്ഛനും കുണ്ടനും അടക്കമുള്ള സന്തതികൾ. കല്യാണം കഴിയുന്ന സമയത്ത് അച്ഛച്ചന് മുപ്പത്തിയൊന്നും അച്ഛമ്മക്ക് ഇരുപത്തിയെട്ടും വയസായിരുന്നു പ്രായം.